ഭുവനേശ്വര്‍ : യുവ അധ്യാപികയെ ഹോസ്റ്റല്‍ മുറിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഒഡീഷയിലെ ഭുവനേശ്വറിലാണ് നടുക്കുന്ന സംഭവം. ടൈംസ് ഗുരുകുല്‍ സ്കൂള്‍ അദ്ധ്യാപിക കാദംബിനി റേയെ കെട്ടിത്തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങിക്കിടക്കുന്ന നിലയിലായിരുന്നു.
ജഗത് സിംഗ്പൂര്‍ സ്വദേശിനിയാണ് അധ്യാപിക. സ്കൂള്‍ ക്യാംപസിലെ ഹോസ്റ്റലിലാണ് മൃതദേഹം കണ്ടെത്തിയത്. 27 കാരി ആത്മഹത്യ ചെയ്തതാകാമെന്നാണ് പ്രാഥമിക നിഗമനം. അതേസമയം കാദംബിനി ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ നേരിട്ടിരുന്നതായി സഹജീവനക്കാര്ക്കോ ബന്ധുക്കള്‍ക്കോ വിവരമില്ല.
ചന്ദക പൊലീസാണ് കേസ് അന്വേഷിക്കുന്നത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സ്കൂള്‍ അധികൃതരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നും പൊലീസ് വിവരങ്ങള്‍ ശേഖരിച്ച് വരികയാണ്.