വീണ്ടും പ്രഭുദേവയും സൽമാനും, ദബാങ് 3 ഒരു കൊറിയൻ മസാല

38

തട്ടുപൊളിപ്പൻ മസാല ബോളിവുഡിനുവേണ്ടി ഒരുക്കുന്നതിൽ പ്രത്യേക വൈഭവമുണ്ടെന്ന് പ്രഭുദേവ തെളിയിച്ചിട്ടുണ്ട്. തെന്നിന്ത്യൻ ഭാഷകളിൽ മികച്ച വിജയം നേടിയ ചിത്രങ്ങളുടെ ഹിന്ദിറീമേക്ക് ഒരുക്കുകയാണ് സ്ഥിരംരീതി. ബോളിവുഡിന്റെ മസിൽമാനൊപ്പമുള്ള രണ്ടാംചിത്രം റിലീസ് ചെയ്യുന്നതിനു മുമ്പുതന്നെ അടുത്ത ചിത്രത്തെക്കുറിച്ചും തീരുമാനമായി.

ഇത്തവണ ഒരു വ്യത്യസ്തതയുണ്ട്. തെന്നിന്ത്യൻ ചിത്രമല്ല കൊറിയൻ ചിത്രമാണ് പ്രഭുദേവ പകർത്താൻപോകുന്നത്. വിജയ്‌യുടെ സൂപ്പർഹിറ്റ് ചിത്രം പോക്കിരിയുടെ ഹിന്ദി റീമേക്കിലൂടെയാണ് ബോളിവുഡിൽ പ്രഭുദേവ ഹിറ്റ് ഒരുക്കുന്നത്. 2009ൽ ഇറങ്ങിയ വാണ്ടഡ് കലക്‌ഷൻ റെക്കോർഡുകൾ പഴങ്കഥയാക്കി. പുരി ജഗന്നാഥ് തെലുങ്കിൽ ഒരുക്കിയ പോക്കിരിയിൽനിന്നാണ് ഈ രണ്ട് ചിത്രവും ഉണ്ടായത്.

Advertisements

സൽമാനും പ്രഭുദേവയും ഒന്നിക്കുന്ന രണ്ടാം ചിത്രം ദബാങ്- 3 ഡിസംബർ 20ന് റിലീസ് ചെയ്യാനൊരുങ്ങുന്നു. ദബാങ് ചിത്രപരമ്പരയിലെ മൂന്നാം ചിത്രം തമിഴ്, തെലുങ്ക് ഭാഷകളിലും റിലീസ് ചെയ്യും. ദബാങ്ങിലെ നായകനായ പൊലീസുകാരന്റെ പുത്തൻ സാഹസങ്ങളാണ് സിനിമയുടെ പ്രമേയം.ഏറെ പ്രതീക്ഷ അർപ്പിക്കപ്പെട്ട സഞ്ജയ് ലീല ബൻസാലിചിത്രം ഇൻഷഅള്ള ഉപേക്ഷിക്കപ്പെട്ടതോടെയാണ് വീണ്ടും പ്രഭുദേവയുമായുള്ള ചിത്രം സൽമാൻ ചെയ്യുന്നത്.

ഇതിവൃത്തത്തെ ചൊല്ലിയുള്ള അഭിപ്രായവ്യത്യാസംമൂലമാണ് ചിത്രീകരണം ആരംഭിക്കുന്നതിനു തൊട്ടുമുമ്പ് സിനിമ ഉപേക്ഷിക്കേണ്ടിവന്നതെന്ന് സൽമാൻ വെളിപ്പെടുത്തി. പ്രഭുദേവയുമൊന്നിച്ച് രാധേ എന്ന പേരിൽ സിനിമ ഒരുക്കുമെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നെങ്കിലും അതും ഉപേക്ഷിക്കപ്പെട്ടു. തുടർന്നാണ് വിദേശചിത്രം റീമേക്ക് ചെയ്യാൻ ധാരണയിലെത്തിയത്. അടുത്ത ഈദ് ഉത്സവകാലത്ത് വിപണിയിലെത്തിക്കാൻ ലക്ഷ്യമിട്ടാണ് ചിത്രം ഒരുക്കുന്നത്. കൊറിയയിൽ വൻപ്രദർശനവിജയംനേടിയ ദ ഔട്ട്‌ലാസ് (2017)എന്ന ചിത്രമാണ് റീമേക്ക് ചെയ്യുന്നത്. ക്രൈം ആക്‌ഷൻ ഗണത്തിൽപ്പെടുന്ന ചിത്രം ക്രിമിനൽ സംഘങ്ങളും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ കഥയാണ് പറയുന്നത്.

Advertisement