യഥാർത്ഥത്തിൽ അവളെന്നെ നോക്കുന്നുണ്ടോ എന്ന് ഞാനും, ഞാൻ അവളെ നോക്കുന്നുണ്ടോ എന്നവളും നോക്കിയതായിരുന്നു: വരദയുമായുള്ള പ്രണയത്തെ കുറിച്ച് ജിഷിൻ

223

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെയാണ് ജിഷിൻ മോഹൻ മലയാള സീരിയൽ രംഗത്ത് ശ്രദ്ധേയനാകുന്നത്. പിന്നീട് നിരവധി സൂപ്പർഹിറ്റ് സീരിയലുകളിൽ അഭിനയിച്ച ജിഷിൻ
മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രീയപ്പെട്ട താരമാണ്.

പ്രശസ്ത സിനിമ സീരയൽ നടി വരദയാണ് ജിഷിന്റെ ഭാര്യ. അമല എന്ന സൂപ്പർഹിറ്റ് സീരിയലിൽ കേന്ദ്രകഥാപാത്രമായ അമലയെ അവതരിപ്പിച്ചത് മുതലാണ് വരദയെ മലയാളികൾ ശ്രദ്ധിച്ച് തുടങ്ങുന്നത്. മലയാള സിനിമാ ലോകത്ത് നായികയായിട്ടാണ് വരദ എത്തിയതെങ്കിലും സീരിയൽ മേഖലയാണ് താരത്തെ പ്രശസ്തയാക്കിയത്.

Advertisements

വരദയും ജിഷിനും ഒരുമിച്ചാണ് അമലയിൽ അഭിനയിച്ചത്. അവിടെ നിന്നാണ് അവരുടെ പ്രണയത്തിന് തുടക്കവും. വരദയും അഭിനയത്തിൽ സജീവമാണ്. ഇരുവർക്കും ഒരു മകനുമുണ്ട്. സോഷ്യൽ മീഡിയകളിൽ ജിഷിൻ സജീവമാണ്. നടൻ പങ്കുവെയ്ക്കുന്ന പോസ്റ്റുകൾ എല്ലാം തന്നെ ഏറെ ശ്രദ്ധേയമാകാറുമുണ്ട്.
കുടുംബത്തിലെ പുതിയ വിശേഷങ്ങൾ എല്ലാം അദ്ദേഹം പങ്കുവെയ്ക്കാറുണ്ട്.

ഇടക്ക് രസകരമായ പോസ്റ്റുകളും ജിഷിൻ കുറിക്കാറുണ്ട്.ഇപ്പോളിതാപ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും തുറന്നുപറയുകയാണ് താരം. ആ കുറിപ്പിങ്ങനെ:

ഇതിൽ ആദ്യത്തെ ഫോട്ടോ ഞങ്ങൾ പ്രണയിക്കുന്നതിനു മുൻപുള്ളതാണ്. അമല സീരിയലിലെ ഒരു രംഗം ഷൂട്ട് ചെയ്‌തോണ്ടിരുന്നപ്പോൾ ഞങ്ങൾ എന്തോ രഹസ്യം പറയുന്നത്. ഇതുപോലെ മനസ്സിലൊന്നുമില്ലാതെ നല്ല സുഹൃത്തുക്കളായിരുന്ന നമ്മളെ തമ്മിൽ അടുപ്പിച്ച ഒരാളുണ്ട്. ആ സീരിയലിന്റെ ഡയറക്ടർ. ഒരു ദിവസം അദ്ദേഹം എന്നോട് പറഞ്ഞു.

ജിഷിനെ അവൾക്ക് നിന്നോട് എന്തോ ഉണ്ട്, ഇടക്കിടയ്ക്ക് നിന്നെയവള് എറികണ്ണിട്ട് നോക്കുന്നുണ്ട്. ഞാനൊന്നവളെയൊന്ന് പാളി നോക്കിയപ്പൊ അവള് ദാണ്ടേ മച്ചും നോക്കിയിരിക്കുന്നു. ഒന്ന് പോ സാറെ ചുമ്മാ അങ്ങനെയൊന്നുമില്ല എന്ന് അദ്ദേഹത്തോട് പറഞ്ഞെങ്കിലും, അതൊരു കരടായി എന്റെ മനസ്സിൽ കിടന്നു.

അതിൽപ്പിന്നെ അവളെന്നെ നോക്കുന്നുണ്ടോ എന്ന് നോക്കലായിരുന്നു ലൊക്കേഷനിലെ എന്റെ മെയിൻ പണി. അവളാണെങ്കിൽ തല പോയാലും നോക്കുന്നില്ല. അതുപിന്നെ അങ്ങനെയാണല്ലോ. ഒരാണ് നോക്കുന്നത് പെണ്ണിനറിയാൻ സാധിക്കും. പെണ്ണ് നോക്കുന്നത് ആണിന് മനസ്സിലാക്കാൻ സാധിക്കുകയേയില്ല.

അങ്ങനെ ബുറേവി ചുഴലിക്കാറ്റ് കാത്തിരുന്ന മലയാളികളെപ്പോലെ, കാത്തിരുന്ന് കാത്തിരുന്ന്, ആ കാത്തിരിപ്പിന്റെ അവസാനം, അടുത്ത ദിവസം അവളുടെ ഭാഗത്തു നിന്നുമെനിക്കൊരു കടാക്ഷം ലഭിച്ചു. പ്രണയത്തിന്റെ ബഹിർസ്പുരണം ഞാനാ കണ്ണുകളിൽ ദർശിച്ചു. മുഖം മനസ്സിന്റെ കണ്ണാടി എന്നാണല്ലോ പറയാറ്. പിന്നീടങ്ങോട്ടുള്ള ദിവസങ്ങളിൽ അവളുടെ മുഖത്തു നോക്കിയിട്ടായിരുന്നു ഞാൻ മേക്കപ്പ് ചെയ്തിരുന്നത് പോലും.

അവൾക്ക് ഷൂട്ട് ഇല്ലാത്ത ദിവസങ്ങളിൽ മാത്രം മേക്കപ്പ്മാന്റെ കയ്യിലുള്ള കണ്ണാടി ഉപയോഗിക്കും.
പിന്നീടത് മാരത്തൺ നോട്ടമായി മാറി, നമ്മൾ തമ്മിലുള്ള സംസാര സമയം കൂടി, ലൊക്കേഷനിൽ പ്രശ്‌നമായി, വീട്ടിലും നാട്ടിലും പ്രശ്‌നമായി, ഒത്തിരി പാരവെപ്പുകളെയും പ്രശ്‌നങ്ങളെയും അതിജീവിച്ച് അവസാനം.

ആ സീരിയൽ കഴിയുന്നതിനു മുൻപ് തന്നെ, രണ്ടാമത്തെ ഫോട്ടോയിൽ കാണുന്ന ഞങ്ങളുടെ വിവാഹത്തിൽ കലാശിച്ചു. പക്ഷെ ഇതൊന്നുമല്ലായിരുന്നു ഇതിലെ ട്വിസ്റ്റ്. പ്രണയത്തിലായ ശേഷം പരസ്പരം മനസ്സുതുറക്കുന്ന ഒരു വേളയിലായിരുന്നു ആ ഞെട്ടിക്കുന്ന യാഥാർഥ്യം ഞങ്ങൾ മനസ്സിലാക്കിയത്. നമ്മുടെ ഡയറക്ടറുണ്ടല്ലോ എന്നോട് പറഞ്ഞ അതേ വാക്കുകൾ അവളോടും പറഞ്ഞിരുന്നു .

വരദേ നിന്നെ ആ ജീഷിൻ നോക്കുന്നുണ്ട് കേട്ടോ എന്ന്. അപ്പൊ ഞാൻ നേരത്തെ പറഞ്ഞ, അവളുടെ കണ്ണുകളിൽ കണ്ട പ്രണയത്തിന്റെ ബഹിർസ്പുരണം?? തേങ്ങയാണ്. യഥാർത്ഥത്തിൽ അവളെന്നെ നോക്കുന്നുണ്ടോ എന്ന് ഞാനും, ഞാൻ അവളെ നോക്കുന്നുണ്ടോ എന്നവളും നോക്കിയതായിരുന്നു. എന്നാലുമെന്റെ സാറേ. ഇപ്പൊ ആലോചിക്കുമ്പോ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റുന്നില്ല.

Advertisement