കെ എസ് ചിത്രയെ വിമർശിച്ചുവെന്ന വാർത്തയ്‌ക്കെതിരെ പ്രതികരിച്ച് നടൻ മധുപാൽ. സംഭവത്തിൽ സംസ്ഥാന ഡിജിപിക്ക് താൻ പരാതി നൽകിയിട്ടുണ്ടെന്നും മധുപാൽ പറഞ്ഞു.കെ എസ് ചിത്ര പാടുന്ന സിനിമയിൽ ഞാൻ ഇനി ഉണ്ടാകില്ല എന്ന വ്യാജ പ്രചാരണമാണ് ചില പ്രത്യേക കേന്ദ്രങ്ങളിൽ നിന്ന് ഉയർന്നുവരുന്നത്.
ഒരു രാഷ്ട്രീയ വക്താവ് ഒരു ടിവി ചാനൽ ചർച്ചയിൽ വിഷയവുമായി യാതൊരു ബന്ധമില്ലാഞ്ഞിട്ടും എന്റെ പേര് വലിച്ചിഴയ്ക്കുകയുണ്ടായി. ആ സമയത്ത് അവതാരക ഇടപട്ടതിനെ തുടർന്ന് പിന്നീട് പരാമർശങ്ങളുണ്ടായില്ലെന്നും മധുപാൽ ചൂണ്ടിക്കാട്ടുന്നു.
പിന്നീട് എനിക്ക് നേരെ വ്യാജ വാർത്തയും പ്രചരിക്കുകയായിരുന്നു. വാർത്ത നൽകിയ ഒരു പ്രൊഫൈലിന് എതിരെ ഞാൻ ബഹുമാനപ്പെട്ട ഡിജിപിക്ക് ഒരു പരാതി നൽകിയിട്ടുണ്ട്. ചലച്ചിത്ര പ്രവർത്തകൻ എന്ന നിലയിൽ തനിക്ക് ചിത്രയുമായുള്ള ബന്ധം വലുതാണ്. ഒരു ഗായികയായ ചിത്രയോട് ബഹുമാനമുണ്ടെന്നും പറയുന്നു മധുപാൽ.
ആളുകളെ ഒറ്റതിരിച്ചു ആക്രമിച്ചു തകർത്തുകളയാമെന്നാണ് വ്യാജ പ്രചരണത്തിലൂടെ ഉദ്ദേശിക്കുന്നത് എന്നും മധുപാൽ ചൂണ്ടിക്കാട്ടി. സുഹൃത്തുക്കളും മറ്റ് അഭ്യുദയകാംക്ഷികളും വ്യാജ വാർത്ത വിശ്വസിക്കരുതെന്ന് അഭ്യർഥിക്കുന്നു. വിഷയത്തിൽ നിയമനടപടികൾ സ്വീകരിക്കാൻ ഇതിനകം തന്റെ അഭിഭാഷകരെ ചുമതലപ്പെടുത്തിയിട്ടുണ്ട് എന്നും മധുപാൽ വ്യക്തമാക്കി.