കമലിന്റെ സഹായി ആയി എത്തി പിന്നീട് മലയാളത്തിന്റെ സൂപ്പർ സംവിധായകനായി മാറിയ താരമാണ് ലാൽ ജോസ്. ഒരു മറവ ത്തൂർ കനവ് എന്ന മെഗാസ്റ്റാർ മമ്മൂട്ടി ചിത്രത്തിലൂടെ സംവിധായകനായി തുടങ്ങിയ പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
കലാമൂല്യമുള്ള വാണിജ്യ വിജയങ്ങളായ ഒട്ടേറെ സിനിമകൾ മലയാളത്തിന് സമ്മാനിച്ച് പ്രേക്ഷക മനസിൽ ഇടംപിടിച്ച സംവിധായകനായി ലാൽ ജോസ് മാറുകയായിരുന്നു. ഒരു മറവത്തൂർ കനവിൽ തുടങ്ങി സോളമന്റെ തേനീച്ചകൾ വരെ മലയാള സിനിമാ പ്രേക്ഷകർക്ക് ഓർത്തിരിക്കാൻ നിരവധി ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് അദ്ദേഹം.
ഏറെ നാൾ സിനിമയിൽ സഹ സംവിധായകനായിരുന്ന ശേഷമാണ് ഒരു മറവത്തൂർ കനവ് എന്ന സിനിമയിലൂടെ അദ്ദേഹം സ്വതന്ത്ര സംവിധായകനായത്. പിന്നീട് സ്വതന്ത്ര സംവിധായകനായതോടെ പുതുമുഖങ്ങൾക്ക് അവസരം നൽകുന്നതിൽ ലാൽ ജോസ് ഏറെ ശ്രദ്ധിച്ചിരുന്നു. ഒട്ടേറെ നായികമാരേയാണ് ലാൽ ജോസ് മലയാള സിനിമയ്ക്ക് സമ്മാനിച്ചത്.
തന്റെ സിനിമയ്ക്കായി സങ്കൽപ്പത്തിലുള്ള പുതുമുഖ നായികയെ കണ്ടെത്താൻ റിയാലിറ്റി ഷോ പോലും നടത്തിയ വ്യക്തിയാണ് ലാൽ ജോസ്. ഇത്തരത്തിൽ സൂര്യ ടിവിയിൽ സംഘടിപ്പിച്ച ഒരു റിയാലിറ്റി ഷോയിൽ നിന്നാണ് മലയാളികളുടെ പ്രിയപ്പെട്ട നടിയായി വളർന്ന അനുശ്രീയെ ലാൽ ജോസ് തിരഞ്ഞെടുത്തത്. ലാൽ ജോസിന്റെ ‘ഡയമണ്ട് നെക്ലെയ്‌സ്’ എന്ന ചിത്രത്തിലൂടെയാണ് അനുശ്രീ വെള്ളിത്തിരയിലേക്ക് എത്തുന്നത്.
ഇപ്പോഴിതാ ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിൽ ലാൽ ജോസ് താൻ അനുശ്രീയെ സെലക്ട് ചെയ്തത് എങ്ങനെ ആയിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. അഭിമുഖത്തിനിടയിൽ അനുശ്രീയുടെ ചോദ്യത്തിന് മറുപടി പറയുന്നതിനിടെയാണ് സംവിധായകന്റെ വാക്കുകൾ.
ഞങ്ങളെ പരിചയപ്പെടുത്തുമ്പോഴും ഇപ്പോഴത്തെ കുട്ടികളുമായി പ്രവർത്തിക്കുമ്പോഴുള്ള വ്യത്യാസത്തെക്കുറിച്ചായിരുന്നു നടി അനുശ്രീ ലാൽ ജോസിനോട് ചോദിച്ചത്. ‘ഭയങ്കര ധൈര്യമുള്ള കുട്ടിയായിരുന്നു അനുശ്രീ. മണ്ടൻ ധൈര്യമാണോ ശരിക്കുള്ള ധൈര്യമാണോ എന്ന് എനിക്ക് മനസിലായിട്ടില്ല. സൂര്യ ടിവിയിലെ റിയാലിറ്റി ഷോയിൽ ഞാനുമായി ഇന്ററാക്റ്റ് ചെയ്യുന്നതായിരുന്നു ആദ്യഭാഗം. ഒരു ഹവായ് ചെരിപ്പൊക്കെയിട്ട് വീട്ടിൽ നിൽക്കുന്നത് പോലെയാണ് അനുശ്രീ വന്നത്’.
‘ബാക്കിയുള്ളവർ മേക്കപ്പിലായിരുന്നു. ഞാൻ നിന്നെ സെലക്റ്റ് ചെയ്തില്ലെങ്കിൽ എന്ത് ചെയ്യുമെന്നായിരുന്നു ഞാൻ അവളോട് ചോദിച്ചത്. സാർ അല്ലെങ്കിൽ മറ്റൊരു സാർ, ഞാനെന്തായാലും സിനിമയിൽ വരും. ആ ഒരൊറ്റ മറുപടിയിലൂടെയാണ് അവൾ ഇൻ ആയത്’.
‘അസാധ്യ സെൻസ് ഓഫ് ഹ്യൂമറുള്ളയാളാണ്. ഒരുപാട് പരിമിതികളൊക്കെയുള്ള സാഹചര്യങ്ങളിൽ നിന്നും വന്നതാണ്. ഒരുപാട് കാര്യങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. ഡയമണ്ട് നെക്ലേസിനായി ദുബായിലേക്ക് പോവുമ്പോൾ നോക്കാനാളില്ലാത്തത് കൊണ്ട് അവളുടെ അമ്മ പശുവിനെ കൊടുത്തിരുന്നു. തുടർന്ന് അവർ അവിടെ ഗ്ലൂമിയായി ഇരിക്കുമായിരുന്നു. വിചിത്രമായ ജീവിതാനുഭവങ്ങളിലൂടെ കടന്നുവന്നവരാണ് വിജയിക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്’.
‘എപ്പോഴും വിളിക്കാറൊന്നുമില്ലെങ്കിലും എന്തെങ്കിലും പ്രശ്നം വന്നാൽ വിളിക്കാറുണ്ട്. ഓരോ പ്രതീക്ഷകളോടെയും സ്വപ്നങ്ങളോടെയുമാണ് ഓരോരുത്തരും വന്നത്. എനിക്കാണ് അവരെക്കുറിച്ച് ഭയം തോന്നിയത്’, ലാൽ ജോസ് പറഞ്ഞു.