പൃഥ്വിരാജ് മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ലൂസിഫറിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമെന്നതിനാല്‍ വളരെ ഏറെ ആകാംക്ഷയാണ് സിനിമ പ്രേമികള്‍ക്കുള്ളത്.
മോഹന്‍ലാല്‍ പൃഥ്വിരാജ് ആരാധകര്‍ക്ക് ഉത്സവമാക്കാന്‍ പറ്റുന്ന ചിത്രമായിരിക്കും ലൂസിഫര്‍ എന്നാണ് കലാഭവന്‍ ഷാജോണ്‍ ലൂസിഫറിനെ കുറിച്ച് പറയുന്നത്. ഫെയ്സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലാണ് ഷാജോണ്‍ ഇക്കാര്യം പറഞ്ഞത്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ വലംകൈയായി നില്ക്കുന്ന അലോഷി എന്ന കഥാപാത്രത്തെ ഷാജോണാണ് അവതരിപ്പിക്കുന്നത്.
‘ലാലേട്ടനൊപ്പം സിനിമ ചെയ്യുക എന്നത് വലിയ സന്തോഷം നല്കുന്ന കാര്യമാണ്. ഞാന്‍ മുമ്പ് രാജുവിനെ കണ്ടപ്പോള്‍ ചിത്രത്തില്‍ എന്തെങ്കിലും വേഷമുണ്ടെങ്കില്‍ പറയണമെന്ന് പറഞ്ഞിരുന്നു. വെറുതേ തമാശയ്ക്ക് പറഞ്ഞതാണ്.
അങ്ങനെ ഇരിക്കെ പെട്ടെന്ന് ഒരു ദിവസം വിളിച്ചിട്ടാണ് സിനിമയില്‍ ഒരു വേഷം ചെയ്യണമെന്നും കുറച്ച് ദിവസങ്ങള്‍ നല്‍കണമെന്നും പറഞ്ഞത്. ഞാന്‍ മറ്റ് തിരക്കൊന്നും ചിന്തിക്കാതെ ചെയ്യാമെന്ന് സമ്മതിച്ചു. എന്താണ് കഥാപാത്രമെന്ന് ചോദിച്ചപ്പോള്‍ ലാലേട്ടന്റെ വലംകയ്യായാണ് അഭിനയിക്കേണ്ടതെന്നു പറഞ്ഞു. അതു തന്നെ വലിയ സന്തോഷമായി.’ ഷാജോണ്‍ വീഡിയോയില്‍ പറഞ്ഞു.
സംവിധായകനെന്ന നിലയില്‍ പൃഥ്വിരാജ് ശരിക്കും ഞെട്ടിച്ചുവെന്നും ഷാജോണ്‍ പറയുന്നു. എല്ലാ സീനിലും 10-15 ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുണ്ടായിരുന്നു.
അത് 5000 ല്‍ എത്തിയപ്പോഴും വളരെ അനായാസമാണ് രാജു കൈകാര്യം ചെയ്തത്. എങ്ങിനെയാണ് ഇത്ര കൂളായി ഇത് ചെയ്യുന്നതെന്ന് ചോദിച്ചപ്പോള്‍ ഇതൊന്നും വലിയ കാര്യമല്ല ചേട്ടാ, അങ്ങ് ചെയ്യുകയെന്നായിരുന്നു പൃഥ്വിയുടെ മറുപടിയെന്നും ഷാജോണ്‍ പറഞ്ഞു.
പൊളിറ്റിക്കല്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പിള്ളി എന്ന രാഷ്ട്രീയ പ്രവര്‍ത്തകനെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുക. വലിയ മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്.
മഞ്ജു വാര്യരാണ് ചിത്രത്തില്‍ നായിക. ബോളിവുഡ് താരം വിവേക് ഒബ്റോയി ആണ് വില്ലന്‍. ഇന്ദ്രജിത്ത്, കലാഭവന്‍ ഷാജോണ്‍, ടൊവിനോ, ഫാസില്‍, മംമ്ത, ജോണ്‍ വിജയ് എന്നിവരാണ് മറ്റുതാരങ്ങള്‍.
ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ലൂസിഫര്‍ നിര്‍മ്മിക്കുന്നത്. തിരുവനന്തപുരം, വാഗമണ്‍, വണ്ടിപ്പെരിയാര്‍, എറണാകുളം, ബംഗളൂരു, ദുബായ്, ലക്ഷദ്വീപ്, റഷ്യ തുടങ്ങിയ സ്ഥലങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ഛായാഗ്രഹണം സുജിത്ത് വാസുദേവ്. സംഗീതം ദീപക് ദേവ്. ചിത്രം മാര്‍ച്ച് അവസാനം തിയേറ്ററുകളിലെത്തും.