മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയൻ സെൽവൻ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചു കൊണ്ടിരിയ്ക്കുകയാണ്. ലൊക്കേഷനിൽ നിന്നും കഴിഞ്ഞ ദിവസം നായിക ഐശ്വര്യ റായിയുടെ ചിത്രങ്ങൾ ലീക്കായത് കാരണം മൊബൈൽ ഫോണുകൾ സെറ്റിൽ അനുവദനീയമല്ല. അതുകൊണ്ട് തന്നെ താരങ്ങൾക്ക് ലൊക്കേഷനിൽ നിന്ന് സെൽഫിയും എടുക്കാൻ പറ്റില്ല.
അതുകൊണ്ട് തന്നെ ബാബു ആന്റണിയും വിക്രമും റൂമിൽ നിന്ന് ഫോട്ടോ എടുത്ത് സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ബാബു ആന്റണിയാണ് ചിത്രം തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പുറത്ത് വിട്ടത്. കൂടെ വിശദമായ കുറിപ്പും ഉണ്ട്.
ALSO READ
”വീണ്ടും വിക്രമിനെ കണ്ടുമുട്ടാൻ സാധിച്ചു. വർഷങ്ങൾക്ക് മുൻപ് ഞങ്ങൾ മാഫിയ, സ്ട്രീറ്റ് തുടങ്ങിയ ചിത്രങ്ങളിൽ ഒന്നിച്ച് അഭിനയിച്ചിരുന്നു. ലൊക്കേഷനിൽ നിന്ന് വേഷവിധാനത്തോടെ ഞങ്ങൾക്ക് ഫോട്ടോ എടുക്കാൻ സാധിക്കില്ല. ഇന്നലെ വിക്രം എന്റെ മുറിയിൽ വന്നു, ഞങ്ങൾ കുറച്ച് ഫോട്ടോകൾ എടുത്തു. കരുതലും എളിമയും ഉള്ള അതേ വിക്രം തന്നെയാണ് ഇപ്പോഴും” ബാബു ആന്റണി എഴുതി.
മലയാള സിനിമയിൽ സജീവ സാന്നിധ്യം ആയ ബാബു ആന്റണി തമിഴ് സിനിമയിലും വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനാണ്. എൺപതുകളിലും തൊണ്ണൂറുകളിലും തമിഴ് സിനിമയിൽ നിറഞ്ഞു നിന്ന ബാബു ആന്റണി തമിഴിൽ ഏറ്റവും ഒടുവിൽ ചെയ്തത് 2018 ൽ റിലീസ് ചെയ്ത അടങ്ക് മാറ് എന്ന ചിത്രമാണ്. അതിന് ശേഷം ഇപ്പോൾ പൊന്നിയൻ സെൽവം എന്ന ചിത്രത്തിലാണ് ബാബു ആന്റണി അഭിനയിക്കുന്നത്.
ALSO READ
മണിരത്നത്തിന്റെ സ്വപ്ന ചിത്രമാണ് പൊന്നിയൻ സെൽവൻ. വിക്രമും ഐശ്വര്യ റായിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ ബാബു ആന്റണിയെ കൂടാതെ, തൃഷ, വിക്രം പ്രഭു, ജയം രവി, ഐശ്വര്യ ലക്ഷ്മി തുടങ്ങിയവരും കഥാപാത്രങ്ങളായി അഭിനയിക്കുന്നുണ്ട്.
സൗഹൃദങ്ങളെ കുറിച്ചും ബന്ധങ്ങളെ കുറിച്ചും ബാബു ആന്റണി ഓർമകൾ അയവിറുക്കുന്നത് ഇതാദ്യമല്ല. നേരത്തെ ഹൈദരബാദിൽ എത്തിയ നടൻ ബ്രോ ഡാഡിയുടെ ലൊക്കേഷനിൽ നിന്ന് മോഹൻലാലിനും പൃഥ്വിരാജിനും ഒപ്പം നിന്ന് ഫോട്ടോ എടുത്തതും സോഷ്യൽ മീഡിയയിൽ പങ്കുവച്ചതും ആരാധകർ ഏറ്റെടുത്തിരുന്നു. പൊന്നിയൻ സെൽവന്റെ ലൊക്കേഷനിൽ നിന്നും ഐശ്വര്യ ലക്ഷ്മിക്കൊപ്പമുള്ള ഫോട്ടോയും ബാബു ആന്റണി പങ്കുവച്ചിട്ടുണ്ട്.