ഏറെ പ്രതീക്ഷയോടെ മലയാളി പ്രേക്ഷകർ കാത്തിരുന്ന ചിത്രമായിരുന്നു ഒരുത്തി. വികെപിയുടെ സംവിധാനത്തിൽ 10 വർഷത്തിന് ശേഷമായിരുന്നു നവ്യ നായർ സിനിമയിൽ മടങ്ങി എത്തിയത്.
പ്രേക്ഷകരുടെ പ്രതീക്ഷ ഒരു തരിപോലും തെറ്റിക്കാതെ രാധമാണിയായി നവ്യ ജീവിക്കുകയായിരുന്നു. റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിൽ നല്ല അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചിരുന്നത്. 10 വർഷം മുൻപ് കണ്ട നവ്യയെ ആയിരുന്നില്ല സിനിമയിലും ഓഫ് സ്ക്രീനിലും കണ്ടത്.
പ്രേക്ഷകർ എപ്പോഴും ഇരു കൈകളും നീട്ടിയാണ് നവ്യയുടെ കഥാപാത്രങ്ങളെ സ്വീകരിച്ചിരിക്കുന്നത്. തുടക്കകാലത്ത് അധികം പരാജയങ്ങളും നവ്യയ്ക്ക് നേരിടേണ്ടി വന്നിട്ടില്ല. തന്നിൽ ഏൽപ്പിക്കുന്ന കഥാപാത്രങ്ങളെ എപ്പോഴും അതിന്റേതായ രീതിയിൽ വൃത്തിയായി ചെയ്യാൻ നടി ശ്രമിക്കാറുണ്ട്.
ഒരുത്തിയിലും അത് അങ്ങനെ തന്നെയാണ്. എന്നാൽ പ്രേക്ഷരെ ആകെ ഞെട്ടിപ്പിച്ചിരിക്കുന്നത് നവ്യയുടെ നിലപാടുകളാണ്.സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. ഇപ്പോഴിതാ തനിക്ക് ക്രഷ് തോന്നിയ നടനെക്കുറിച്ചാണ് നവ്യ തുറന്നു പറയുന്നത്.
വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ. ആരോടെങ്കിലും ക്രഷ് തോന്നിയിട്ടുണ്ടോ എന്ന അവതാരകയുടെ ചോദ്യത്തോടാണ് അന്നത്തെ എല്ലാ പെൺകുട്ടികളുടേയും ഹരമായിരുന്ന താരത്തെ കുറിച്ച് നവ്യ വെളിപ്പെടുത്തിയത്.
‘ചാക്കോച്ചനോടാണ് എനിക്ക് ക്രഷ് തോന്നിയിട്ടുള്ളത്. ഒരുമിച്ച് അഭിനയിച്ച സമയത്ത് ഞാൻ അക്കാര്യം അദ്ദേഹത്തോട് നേരിട്ട് പറഞ്ഞിട്ടും ഉണ്ട്. ഞാൻ പത്താം ക്ലാസിൽ പഠിക്കുന്ന സമയത്താണ് അദ്ദേഹം സിനിമയിൽ സജീവമാകുന്നത്.’ ‘അന്നൊക്കെ അദ്ദേഹത്തെ ടിവിയിലൊക്കെ കാണുമ്പോൾ എനിക്ക് കല്യാണം കഴിച്ച പോലത്തെ ചമ്മലായിരുന്നു. ഞാൻ അത്രമാത്രം ആരാധിച്ചിരുന്ന നടനായിരുന്നു കുഞ്ചാക്കോ ബോബൻ. അദ്ദേഹത്തിന്റെ വിജയിച്ചതും പരാജയപ്പെട്ടതുമായ എല്ലാ സിനിമകളും കണ്ടിട്ടുണ്ട്’, നവ്യ പറയുന്നു.
അതേസമയം, വിവാഹശേഷം മുംബൈയിലേക്ക് മാറിയതോടെ ഹിന്ദി കാരണം വലഞ്ഞതായും താരം വെളിപ്പെടുത്തുന്നുണ്ട്. ‘വിവാഹ ശേഷം മുംബൈയിൽ പോയ സമയത്ത് എനിക്ക് ഹിന്ദി അറിയില്ലായിരുന്നു. മിക്കപ്പോഴും ഹിന്ദി പറയേണ്ട അവസ്ഥ വാരാറുണ്ട്. ഞാൻ എനിക്ക് അറിയാവുന്നത് പോലെ പറഞ്ഞ് പലസ്ഥലങ്ങളിലും ചമ്മിയിട്ടുണ്ട്’-നവ്യ വെളിപ്പെടുത്തി.
അതേസമയം, വീണ്ടും സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ ഭർത്താവ് പൂർണ പിന്തുണയും സമ്മതവും നൽകി. അങ്ങനെ ഭർത്താവിന്റെ പിന്തുണയോട് കൂടിയാണ് താൻ വീണ്ടും അഭിനയിക്കാനെത്തിയത്. കാരണം കഴിഞ്ഞ എട്ട് വർഷം ഞാൻ ഒരു സിനിമാ നടിയായിട്ടല്ല ജീവിച്ചതെന്ന് അദ്ദേഹത്തിന് നന്നായിട്ട് അറിയാമെന്നും നവ്യ പറയുന്നു.
കൃഷ്ണ ഭക്തയായ നവ്യനായർ മകന് പേരിട്ടത് മുതൽ തന്റെ ജീവിതത്തിലുണ്ടായ എല്ലാ കാര്യത്തിലും കൃഷ്ണ സാന്നിധ്യമുണ്ടെന്നും പറയുന്നു. കൃഷ്ണന്റെ ദിവസം വ്യാഴാഴ്ചയാണ്. സിനിമയിൽ ഞാൻ ആദ്യമായി അഭിനയിച്ചതും എന്റെ വിവാഹവും പ്രസവവുമൊക്കെ നടന്നത് വ്യാഴാഴ്ചയാണ്. സായി ബാബയോടും കൃഷ്ണനോടുമുള്ള ഭക്തിയും സ്നേഹവും കാരണമാണ് മകന് സായ് കൃഷ്ണ എന്ന പേര് വച്ചത്. അവന്റെ നക്ഷത്രവും കൃഷ്ണന്റെ നക്ഷത്രമായ രോഹിണിയാണെന്നും നവ്യ പറയുന്നുണ്ട്.
മുൻപ് സോഷ്യൽമീഡിയയിൽ മേക്കപ്പിന്റെ കാര്യത്തിൽ നേരിട്ട ട്രോളുകളേയും തമാശ രൂപത്തിലാണ് നവ്യ സ്വീകരിക്കുന്നത്. വലിയ വിമർശനമൊന്നും നേരിടേണ്ടതായി വന്നിട്ടില്ല. ഞാൻ മേക്കപ്പിടുന്നതിനെയാണ് പലരും കുറ്റം പറഞ്ഞിട്ടുള്ളത്. പാണ്ടിപ്പട സിനിമയിലെ എന്റെ മേക്കപ്പ് ബോറാണ്, സഹിക്കാൻ പറ്റുന്നില്ലെന്ന് പലരും പറഞ്ഞു. അന്ന് സോഷ്യൽ മീഡിയ ഇല്ലാത്തത് കൊണ്ട് താൻ രക്ഷപ്പെട്ടു. ഇന്നായിരുന്നെങ്കിൽ എല്ലാവരും എന്നെ വറുത്തെടുത്തേനെ എന്നാണ് നവ്യ നായരുടെ പ്രതികരണം.