വര്‍ഷങ്ങളായി മലയാള സിനിമാ സീരിയല്‍ രംഗത്ത് തിളങ്ങി നില്ക്കുന്ന നടിയാണ് സീനത്ത്. നാടക രംഗത്ത് നിന്നും സിനിമാ സീരിയല്‍ രംഗത്തേക്ക് എത്തിയ സീനത്ത് സഹനടി വേഷങ്ങളിലും അമ്മ വേഷങ്ങളിലും വില്ലത്തി വേഷങ്ങളിലും കൂടിയാണ് ഏറെ ശ്രദ്ധേയായി മാറിയത്.
അതേ സമയം നാടകത്തിലൂടെ കലാജീവിതം ആരംഭിച്ച് പിന്നീട് സിനിമയിലും സീരിയലിലേക്കും എത്തിപ്പെട്ട സീനത്തിന്റെ തുടക്കകാലം അത്ര സുഖകരമായിരുന്നില്ല. മുന്‍പ് പലപ്പോഴായി നടി തന്റെ കരിയറിനെ കുറിച്ച് തുറന്ന് പറഞ്ഞിട്ടുണ്ട്. മലപ്പുറത്തെ മുസ്ലിം കുടുംബത്തില്‍ ജനിച്ച് അവിടെ നിന്നും അഭിനയത്തിലേക്ക് എത്തിപ്പെടാന്‍ സീനത്ത് ഒത്തിരി കഷ്ടപ്പെട്ടു.
നാടകത്തില്‍ അഭിനയിക്കുമ്പോഴാണ് എഴുത്തുകാരന് കെടി മുഹമ്മദുമായി ഇഷ്ടത്തിലാവുന്നത്. ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചെങ്കിലും പതിനൊന്ന് വര്‍ഷമേ ദാമ്പത്യം മുന്നോട്ട് പോയുള്ളു. താന്‍ അഭിനയ ലോകത്ത് എത്തിയത് ഇളയമ്മയായ നിലമ്പൂര്‍ ആയിഷ കാരണമാണെന്നും താരം വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ചന്ദ്രോത്സവം എന്ന സിനിമയുടെ സെറ്റാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ടത് എന്ന് പറയുകയാണ് സീനത്ത്. ചന്ദ്രോത്സവം എന്ന സിനിമയുടെ സെറ്റാണ് ഷൂട്ട് കഴിഞ്ഞപ്പോള്‍ കുറച്ചു ദിവസം കൂടി ഉണ്ടായിരുന്നെങ്കില്‍ എന്നാണ് തോന്നിയത്.
അന്ന് വരിക്കാശ്ശേരി മനയിലാണ് ഷൂട്ടിങ് നടക്കുന്നത്. അവിടെ ഒരു വലിയ മാവുണ്ട്. ഷൂട്ട് ഇല്ലാത്തപ്പോള്‍ എല്ലാവരും കൂടി കസേരയിട്ട് അവിടെ ഇരിക്കും എന്നിട്ട് വര്‍ത്തമാനം പറയല്‍ ഒക്കെയാണ്. ഷൂട്ടിന് വിളിച്ചാല്‍ അങ്ങ് പോകും. ഇല്ലെങ്കില്‍ അവിടെ തന്നെയാണ്. മോഹന്‍ലാല്‍ ഒക്കെ ഉണ്ടായിരുന്നെന്നും സീനത്ത് പറയുന്നു.
‘ഗാന്ധിമതി ബാലന് മോളുടെ കല്യാണം വിളിക്കാന്‍ ഇതിനിടെ അങ്ങോട്ട് വന്നു. എനിക്ക് ഈ സാരി ചവിട്ടുന്ന ഒരു സ്വഭാവമുണ്ട്. അങ്ങനെയാണ് ഇരിക്കുന്നത്. എല്ലാവരും സംസാരിച്ച് ഇരിക്കുകയാണ്. പെട്ടെന്ന് ഒരു പാമ്പ് വേഗത്തില്‍ ഇഴഞ്ഞു വന്നു. അത് സ്ഥിരം പോകുന്ന വഴി ആയിരുന്നെന്ന് തോന്നുന്നു. അത് നേരെ വന്ന് എന്റെ സാരിക്കുള്ളില്‍ കയറി കാലില്‍ ചുറ്റി. ഞാന്‍ അവിടെന്ന് ചാടി എഴുന്നേറ്റ് കാല് വീശി. പാമ്പ് എങ്ങോട്ടോ തെറിച്ചു പോയി. അതിനെ പിന്നെ കണ്ടില്ല,’-എന്നും സീനത്ത് പറയുന്നു.
‘ഇതോടെ ലാല്‍ ആണേല്‍ എന്നെ കളിയാക്കാനും തുടങ്ങി. അങ്ങനെ പിറ്റേ ദിവസമായി. രാവിലെ ഞാന്‍ വന്നു. ബാഗ് കൊണ്ടുപോയി വെക്കുന്ന സ്ഥലമുണ്ട്. അവിടെ കൊണ്ടുപോയി ബാഗ് വെച്ചു. പഴയ പോലെ സംസാരിക്കാന്‍ വന്നിരുന്നു. അപ്പോള്‍ ശ്രീരാമേട്ടന് ചോദിച്ചു, ബാഗ് എവിടെയാണ് വെച്ചതെന്ന്. ഞാന്‍ അകത്ത് സ്ഥലം പറഞ്ഞു. സ്വര്‍ണം വല്ലതും ഉണ്ടോ? എങ്കില്‍ ആ ബാഗ് അവിടെന്ന് എടുത്തോളൂ ഇന്നലെ ആരുടെയൊക്കെയോ സാധനങ്ങള്‍ പോയെന്ന് പറഞ്ഞു.’
ഇതോടെ ഞാന്‍ പോയി ബാഗ് എടുത്തുകൊണ്ട് വന്നു. അവര്‍ എന്നോട് ബാഗ് തുറന്നു നോക്ക് സാധനം ഉണ്ടോ എന്ന് നോക്കു എന്ന് പറഞ്ഞു. ഞാന്‍ തുറന്നതും അതിനുള്ളില്‍ നിന്ന് ഒരു പാമ്പ് മുന്നിലേക്ക് ചാടി. ഇത് കണ്ടതും ഞാന്‍ അലറി. എല്ലാവരും എന്താണെന്ന് ചോദിച്ച് ഓടി കൂടി. സംഭവം ഇവര്‍ ഒപ്പിച്ച പണി ആയിരുന്നു. എന്നെ പേടിപ്പിക്കാന്‍ ബാഗില്‍ ചാടുന്ന ടൈപ്പ് പ്ലാസ്റ്റിക് പാമ്പിനെ കയറ്റി വെച്ചതാണ്. കഴിഞ്ഞ ദിവസത്തെ പാമ്പിന്റെ പേടി മനസ്സില്‍ കിടക്കുമ്പോള്‍ ആണ് ഇതും. പിന്നെ മുഴുവന്‍ കളിയാക്കല്‍ ആയിരുന്നുവെന്നും സീനത്ത് പറയുന്നു.