വിശ്വാസത്തെ ഏറ്റെടുത്ത് തമിഴ്‌നാട് പോലീസ് സേനയും: 150 കോടി ലക്ഷ്യമിട്ട് തല അജിത് ചിത്രം കുതിപ്പ് തുടരുന്നു

29

തമിഴകത്തിന്റെ തല അജിത്തിനെ നായകനാക്കി സിരുതൈ ശിവ സംവിധാനം ചെയ്ത നാലാമത്തെ ചിത്രമായ വിശ്വാസം ഇപ്പോള്‍ ബോക്‌സ് ഓഫീസില്‍ വമ്പന്‍ വിജയം നേടി മുന്നോട്ടു കുതിക്കുകയാണ്.

ആദ്യ ആഴ്ച കൊണ്ട് വേള്‍ഡ് വൈഡ് കളക്ഷന്‍ ആയി നൂറു കോടി രൂപ നേടിയ ഈ ചിത്രം തമിഴ് നാട്ടിലും ഗംഭീരമായി മുന്നേറുകയാണ്.

Advertisements

രജനികാന്ത് ചിത്രമായ പേട്ടയെ പോലും തമിഴ് നാട്ടില്‍ അജിത്തിന്റെ വിശ്വാസം പിന്നിലാക്കി കഴിഞ്ഞു. ഈ കുതിപ്പ് തുടര്‍ന്നാല്‍ അടുത്ത ദിവസം തന്നെ ചിത്രം 150 കോടി ക്ലബ്ബിലെത്തുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍

കുടുംബ പ്രേക്ഷകരുടെ അതിഗംഭീര പിന്തുണയാണ് ഈ ചിത്രത്തെ വലിയ ബോക്‌സ് ഓഫീസ് ഹിറ്റ് ആക്കി മാറ്റുന്നത്. വിദേശ രാജ്യങ്ങളിലും മികച്ച കളക്ഷന്‍ നേടുന്ന ഈ ചിത്രം അജിത് ആരാധകരെ കൂടി ത്രസിപ്പിക്കുന്ന ഒരു മാസ്സ് ഫാമിലി എന്റെര്‍റ്റൈനെര്‍ ആയാണ് ശിവ അണിയിച്ചൊരുക്കിയിരിക്കുന്നത്.

ഇപ്പോഴിതാ വിശ്വാസത്തിനു പ്രശംസയുമായി മുന്നോട്ടു വന്നിരിക്കുന്നത് ചെന്നൈ പോലീസ് കമ്മീഷണര്‍ ആയ അര്‍ജുന്‍ ശരവണന്‍ ആണ്.

സാമൂഹിക പ്രതിബദ്ധതയോടെയാണ് ഈ ചിത്രത്തിലെ പല രംഗങ്ങളും ഒരുക്കിയിരിക്കുന്നത് എന്ന് അദ്ദേഹം പറയുന്നു.

നായകനും നായികയും ചിത്രത്തില്‍ ബൈക്ക് ഓടിക്കുന്നത് ഹെല്‍മെറ്റ് വെച്ചാണെന്നും മകളെ രക്ഷിക്കാന്‍ പോകുന്ന സന്ദര്‍ഭത്തില്‍ പോലും കാറിന്റെ സീറ്റ് ബെല്‍റ്റ് ഇടാന്‍ നായക കഥാപാത്രം മറക്കുന്നില്ലെന്നും അദ്ദേഹം എടുത്തു പറയുന്നു.

മാത്രമല്ല, കുട്ടികളുടെ മേല്‍ തങ്ങളുടെ സ്വപ്നങ്ങള്‍ മാതാപിതാക്കള്‍ അടിച്ചേല്‍പ്പിക്കരുത് എന്ന സന്ദേശവും ഈ ചിത്രം നല്‍കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വമ്പന്‍ ആരാധക വൃന്ദമുള്ള അജിത്തിന്റെ കഥാപാത്രം ശെരിയായ നിയമങ്ങള്‍ തിരശീലയില്‍ പാലിക്കുമ്പോള്‍ അദ്ദേഹത്തെ പിന്തുടരുന്നവരും അത് തന്നെ ചെയ്യും എന്നും അതൊരു നല്ല മാതൃക ആണെന്നും അര്‍ജുന്‍ ശരവണന്‍ പറയുന്നു.

സത്യ ജ്യോതി ഫിലിംസ് നിര്‍മ്മിച്ച ഈ ചിത്രത്തില്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍ താര ആണ് നായികാ വേഷം ചെയ്യന്നത്. ബേബി അനിഖ, തമ്പി രാമയ്യ, വിവേക്, റോബോ ശങ്കര്‍ , ജഗപതി ബാബു എന്നിവരും ഇതിലെ മുഖ്യ കഥാപാത്രങ്ങള്‍ ആണ്.

Advertisement