നടിയെ ആക്രമിച്ച ദൃശ്യങ്ങളുള്ള മെമ്മറികാര്‍ഡില്‍ ഓണ്‍ ചെയ്യൂ’ എന്ന വാചകം രണ്ടുതവണ പറയുന്നുണ്ടെന്ന് പ്രതിഭാഗം; ‘സ്ത്രീ ശബ്ദം’ ആയുധമാക്കി ശക്തമായ പോരാട്ടത്തിന് ദിലീപ്

34

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ ശക്തമായ നിയമ പോരാട്ടം നടത്താന്‍ നടന്‍ ദിലീപിന്റെ നീക്കം. ഇതിനായി നടിയെ ആക്രമിച്ച ദൃശ്യങ്ങളുള്ള മെമ്മറികാര്‍ഡിലെ ‘സ്ത്രീ ശബ്ദ’മാണ് ദിലീപ് കോടതിയില്‍ ഉയര്‍ത്തിക്കാട്ടുക. മെമ്മറികാര്‍ഡ് തരണമെന്ന ആവശ്യം അങ്കമാലി മജിസ്ട്രേറ്റ് കോടതി തള്ളിയാല്‍ ‘സ്ത്രീശബ്ദം’ എന്ന പിടിവള്ളിയുമായി ദിലീപ് ഹൈക്കോടതിയെ സമീപിച്ചേക്കും.

Advertisements

മെമ്മറികാര്‍ഡിലെ സ്ത്രീ ശബ്ദത്തെപ്പറ്റി പോലീസ് കുറ്റപത്രത്തില്‍ ഒന്നും പറയുന്നില്ലെന്ന് ദിലീപ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. കേസിലെ നിര്‍ണായക തെളിവായ മെമ്മറികാര്‍ഡിലെ ഉള്ളടക്കത്തെപ്പറ്റി നല്‍കിയ പരാതിയുടെ തുടര്‍ച്ചയായിട്ടാകും ദീലീപ് ഹൈക്കോടതിയിലെത്തുക. ‘ഓണ്‍ ചെയ്യൂ…’ എന്ന വാചകം മെമ്മറികാര്‍ഡില്‍ രണ്ടുതവണ പറയുന്നുണ്ടെന്നാണ് പ്രതിഭാഗം അഭിഭാഷകന്റെ ആരോപണം.

മെമ്മറികാര്‍ഡിലെ ഈ സ്ത്രീ ശബ്ദം പ്രോസിക്യൂഷന്‍ മറച്ചുവെക്കുകയായിരുന്നുവെന്നും ദിലീപിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടുന്നു. മെമ്മറികാര്‍ഡില്‍ തിരിമറി നടത്തി അതിലുള്ള സ്ത്രീശബ്ദം ഒഴിവാക്കാന്‍ ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്ന വാദം കോടതിയില്‍ ഉയര്‍ത്താനാണ് ദിലീപ് ശ്രമിക്കുന്നത്. ഒന്നാം പ്രതിയുടെ ശബ്ദ പരിശോധനയെപ്പറ്റിയും ദിലീപ് പരാമര്‍ശിക്കുന്നുണ്ട്. കഴിഞ്ഞ മാര്‍ച്ചിലാണ് പൊലീസ് ഒന്നാം പ്രതിയുടെ ശബ്ദസാമ്പിളുകള്‍ എടുത്തത്. വീഡിയോയില്‍ ഉള്ള പ്രതിയുടെ ശബ്ദവുമായി ഒത്തുനോക്കാനായിരുന്നു ഇത്. എന്നാല്‍, ഇത് ഒത്തുനോക്കിയതിന്റെ ഫലം ഇതുവരെ ലഭ്യമായിട്ടില്ലെന്ന് ദിലീപിന്റെ പരാതിയില്‍ പറയുന്നു.

മെമ്മറികാര്‍ഡ് ലഭിച്ചാല്‍ കേസില്‍ ഏറെ ദൂരം മുന്നോട്ടുപോകാമെന്ന കണക്കുകൂട്ടലിലാണ് ദിലീപെന്നാണ് സൂചന. കേസില്‍ തനിക്കെതിരേ ഹാജരാക്കിയ സുപ്രധാന രേഖകള്‍ നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Advertisement