ലോകത്തിലെ ഏറ്റവും പ്രശസ്ത കായികതാരം: എംഎസ് ധോണിയെ പിന്നിലാക്കി വിരാട് കോഹ് ലിയുടെ കുതിപ്പ്

36

സ്‌പോര്‍ട്ട്‌സ് ചാനലുകളില്‍ പ്രമുഖരായ ഇഎസ്പിഎന്‍ തയാറാക്കിയ ലോകത്തെ ഏറ്റവും പ്രശസ്ത കായിക താരങ്ങളുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഇടം നേടി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി .

പോര്‍ച്ചുഗലിന്റെ യുവന്റസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ഒന്നാം സ്ഥാനത്ത്. പട്ടികയില്‍ വിരാട് കോഹ്ലി ഏഴാം സ്ഥാനത്താണ്. മഹേന്ദ്ര സിങ് ധോണി പട്ടികയില്‍ 13ാം സ്ഥാനവും നേടി.

Advertisements

അമേരിക്കയുടെ ബാസ്‌ക്കറ്റ്ബോള്‍ ഇതിഹാസം ലിബ്രോണ്‍ ജെയിംസ് റൊണാള്‍ഡോയ്ക്ക് പിന്നില്‍ രണ്ടാമതായും മൂന്നാമതായി അര്‍ജന്റീനയുടെ ബാഴ്സലോണ സൂപ്പര്‍ താരം ലയണല്‍ മെസിയുമാണ് എത്തിയിരിക്കുന്നത്.

ഇഎസ്പിഎന്‍ കായികമേഖലയിലെ ഏറ്റവും പ്രശസ്തരായ നൂറ് താരങ്ങളെയാണ് തിരഞ്ഞെടുത്തത്. പട്ടികയില്‍ മൂന്ന് വനിതകള്‍ മാത്രമാണ് സ്ഥാനം പിടിച്ചത്. സെറീന (17), മരിയ ഷറപ്പോവ (37), സാനിയ മിര്‍സ (93) എന്നിവരാണ് സ്ത്രീ സാന്നിധ്യം.

ഇന്ത്യന്‍ താരങ്ങളായ യുവരാജ് സിങ്, സുരേഷ് റെയ്‌ന, ആര്‍ അശ്വിന്‍, രോഹിത് ശര്‍മ്മ, ഹര്‍ഭജന്‍ സിങ്, ശിഖര്‍ ധവാന്‍ എന്നിവരും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

താരങ്ങളെ കുറിച്ചുള്ള സെര്‍ച്ച്, സോഷ്യല്‍ മീഡിയ ഫോളോയിങ്, പരസ്യം എന്നീ ഘടകങ്ങള്‍ പരിശോധിച്ചാണ് പട്ടിക തയ്യാറാക്കിയത്. കഴിഞ്ഞവര്‍ഷവും ക്രിസ്റ്റ്യാനോ, ലിബ്രോണ്‍, മെസി എന്നിവര്‍ തന്നെയായിരുന്നു ആദ്യ മൂന്നില്‍. കഴിഞ്ഞ വര്‍ഷം കോഹ്ലി 11-ാം സ്ഥാനത്തായിരുന്നു.

പട്ടികയിലെ ആദ്യ പത്തില്‍ റൊണാള്‍ഡോ, ലിബ്രോണ്‍ ജെയിംസ്, ലയണല്‍ മെസി, നെയ്മര്‍, കോണര്‍ മക്ഗ്രഗര്‍, റോജര്‍ ഫെഡറര്‍, വിരാട് കോഹ്ലി, റാഫേല്‍ നദാല്‍, സ്റ്റീഫന്‍ കുറെ, ടൈഗര്‍ വുഡ്സ് എന്നിവരാണ് ഇടം നേടിയിരിക്കുന്നത്.

Advertisement