20 വർഷങ്ങൾക്ക് മുമ്പ് ജാതകത്തിന്റെ പേരു പറഞ്ഞ് വീട്ടുകാർ വിവാഹം മുടക്കി, ഒടുവിൽ ഗിരിയെയും താരയെയും കെഎസ്ആർടിസി ഒന്നിപ്പിച്ച; ഒരു അനശ്വര പ്രണയ സാഫല്യകഥ

27

അനശ്വര പ്രണയങ്ങൾ പലപ്പോഴും സഫലമാകുന്നത് നിരവധി വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷമാണ്.
വീട്ടുകാരുടെയും നാട്ടുകാരുടെയും ജാതകത്തിന്റെയും രൂപത്തിൽ ജീവിതത്തിൽ കടന്നു വരുന്ന പല വില്ലന്മാരെയും അതിജീവിച്ചതിനു ശേഷമാകും ആ പ്രണയം വപലപ്പോഴും സാക്ഷാത്കരിക്കപ്പെടുന്നത്.

ഇപ്പോഴിതാ ഹരിപ്പാട് കെഎസ്ആർടിസി ഡിപ്പോയിലെ ഗിരി ഗോപിനാഥിന്റെയും കണ്ടക്ടർ താരയുടെയും വിവാഹവും അത്തരത്തിലൊന്നായിരുന്നു. പ്രണയം പരസ്പരം തുറന്നു പറഞ്ഞിട്ടും വിധി ഇരുവരെയും ഒന്നിപ്പിച്ചത് 20 വർഷങ്ങൾക്കു ശേഷം. ഇതിനിടയിൽ പ്രവർത്തിച്ചതാവട്ടെ നമ്മുടെ സ്വന്തം ആനവണ്ടിയും.

Advertisements

ഇരുപതാണ്ട് മുമ്പ് വീട്ടുകാർ ഇവരുടെ വിവാഹത്തെ എതിർത്തത് ജാതകത്തിലെ പൊരുത്തക്കേടുകൾ പറഞ്ഞാണ് ക്ഷമയോടെ കാത്തിരിക്കാനായിരുന്നു ഇവരുടെ തീരുമാനം. ഗിരിക്ക് കെഎസ്ആർടിസിയിൽ ഡ്രൈവറായി ജോലി കിട്ടിയപ്പോൾ സ്വകാര്യസ്ഥാപനത്തിലെ ജോലി ഉപേക്ഷിച്ച് താരയും പിഎസ്‌സി ടെസ്റ്റ് എഴുതി.

അങ്ങനെ ഗിരിക്കൊപ്പം കണ്ടക്ടറായി. 10 വർഷമായി താരയുടെ ബെല്ലിനൊപ്പം ഗിരി ബസ് ഓടിക്കുന്നു. ഒടുവിൽ ഇരുവരുടേയും കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ഞായറാഴ്ച കരുനാഗപ്പള്ളി കല്ലേശ്ശേരിൽ ഭദ്രകാളീക്ഷേത്രത്തിൽവെച്ച് ഗിരി താരയ്ക്ക് താലികെട്ടി. എതിർപ്പുകൾ ഇല്ലാതായിട്ടല്ല. കൊറോണയായതിനാൽ ആഡംബരമില്ലാതെ കല്യാണം നടത്താനുള്ള വഴി തെളിഞ്ഞു ഇവർക്കുമുന്നിൽ.

ഈ അവസരം വിനിയോഗിച്ചില്ലെങ്കിൽ ഇത്രയും വൈകിയതിനെച്ചൊല്ലിയുള്ള നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞ് കുഴഞ്ഞുപോയേനെയെന്ന് നവദമ്പതികൾ പൊട്ടിച്ചിരിച്ചു കൊണ്ട് പറയുന്നു. ഹരിപ്പാട് ഡിപ്പോയിലെ ഡ്രൈവറാണ് കരുവാറ്റ വേലഞ്ചിറ തോപ്പിൽ ഗിരി ഗോപിനാഥ്.

കായംകുളം മുതുകുളത്ത് അമ്മാവന്റെ സ്ഥാപനത്തിൽ ജോലി ചെയ്യുമ്പോഴാണ് ഇരുവരും പരിചയപ്പെടുന്നത്. വർഷം 2000. അന്ന് താരയ്ക്ക് 24 വയസ്സ്. ഗിരിക്ക് 26. പരസ്പരം ഇഷ്ടപ്പെട്ട് കല്യാണാലോചന തുടങ്ങിയപ്പോഴാണ് ജാതകം വില്ലനായത്. ജാതകച്ചേർച്ചയില്ലാത്ത വിവാഹം ആപത്തുവരുത്തുമെന്നായിരുന്നു ഗിരിയുടെ അച്ഛൻ ഗോപിനാഥന്റെ വിശ്വാസം.

അച്ഛനെ വിഷമിപ്പിക്കേണ്ടെന്ന കരുതി വിവാഹം നീട്ടിവയ്ക്കാൻ ഇരുവരും തീരുമാനിക്കുകയായിരുന്നു. ഗോപിനാഥൻ ഏഴുമാസം മുൻപ് മരിച്ചു. അച്ഛന്റെ കാലശേഷമാണ് വിവാഹത്തെപ്പറ്റി ചിന്തിക്കുന്നത്. ഗിരിയുടെയും താരയുടെയും സഹോദരിമാരുടെ വിവാഹം മുമ്പു തന്നെ നടന്നിരുന്നു. 2007ലാണ് ഗിരി കെഎസ്ആർടിസിയിൽ ജോലിയ്ക്കു കയറുന്നത്. മൂന്നു വർഷത്തിനു ശേഷം താര കണ്ടക്ടറായെത്തുകയും ചെയ്തു.

ഹരിപ്പാട് കോട്ടയം ഫാസ്റ്റ് പാസഞ്ചർ, ഹരിപ്പാട് ചവറചേർത്തല ലോ ഫ്ളോർ ബസുകളിൽ ഇരുവരും ഏറെനാൾ ഒന്നിച്ചു ജോലിചെയ്തു. ആറുമാസമായി കരുനാഗപ്പള്ളി ഓർഡിനറിയിലാണ്. 10 വർഷത്തിനിടെ കഷ്ടിച്ച് ഒന്നരവർഷം മാത്രമാണ് ഇരുവരും വെവ്വേറെ ബസുകളിൽ ജോലിചെയ്തത്. ഓടിക്കുന്ന ബസുകളിൽ ആധുനിക സൗണ്ട് സിസ്റ്റവും അനുബന്ധസൗകര്യങ്ങളും ഒരുക്കുന്നതാണ് ഗിരിയുടെ ശീലം.

ഇപ്പോൾ ഒടിക്കുന്ന കരുനാഗപ്പള്ളി റൂട്ടിലെ ഓർഡിനറി ആർഎസ്എ.220 ബസിൽ സ്റ്റീൽ വീൽ കപ്പുകളും സൗണ്ട് സിസ്റ്റവും വൃത്തിയുള്ള സീറ്റുകളും കിന്നരി തൂക്കി അലങ്കരിച്ച ഉൾവശവുമെല്ലാം ചേർത്ത് മോടിയാക്കിയിരിക്കുന്നു.

Advertisement