കഴിഞ്ഞ വർഷം എറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയ താരങ്ങളുടെ പട്ടികയിൽ മോഹൻലാലിനൊപ്പം മമ്മൂട്ടിയും, ഫോർബ്സ് മാഗസിൻ ലിസ്റ്റ് പുറത്ത്

172

മലയാള സിനിമയുടെ താര ചക്രവർത്തിമാരായ മമ്മൂട്ടിയും മോഹൻലാലും ഫോർബ്സ് മാഗസിൻ പുറത്തുവിട്ട ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ പട്ടികയിൽ. ഇവരടക്കം ഒമ്പത് തെന്നിന്ത്യൻ താരങ്ങളാണ് കഴിഞ്ഞ വർഷം എറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയ താരങ്ങളുടെ ലിസ്റ്റിൽ പെട്ടിരിക്കുന്നത്.

ഫോർബ്സ് മാഗസിൻ പുറത്തുവിട്ട 100 പേരുടെ പട്ടികയിലാണ് മോഹൻലാലും മമ്മൂട്ടിയും ഉൾപ്പെടുന്ന താരങ്ങൾ ഉൾപ്പെട്ടിരിക്കുന്നത്. സ്‌റ്റൈൽ മന്നൻ രജനീകാന്താണ് തെന്നിന്ത്യൻ താരങ്ങളിൽ ലിസ്റ്റിൽ ഒന്നാമത് എത്തിയിരിക്കുന്നത്. ബ്ലോക്ക്ബസ്റ്റർ ചിത്രം പേട്ടയിലൂടെ കഴിഞ്ഞ വർഷം 100കോടി രൂപ നടൻ സമ്പാദിച്ചുവെന്ന് റിപ്പോർട്ടുകൾ പറയുന്നത്.

Advertisements

മോഹൻലാലാണ് രജനിക്ക് പിന്നിലായി ലിസ്റ്റിൽ ഇടംപിടിച്ചിരിക്കുന്ന മറ്റൊരു തെന്നിന്ത്യൻ താരം. 64.5 കോടി മോഹൻലാൽ നേടിയെന്ന് ലിസ്റ്റിൽ പറയുന്നു. ലൂസിഫർ, ഇട്ടിമാണി മേഡ് ഇൻ ചൈന തുടങ്ങിയ സിനിമകളിലൂടെയാണ് നടൻ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. രജനിക്കും മോഹൻലാലിനും പിന്നാലെ തല അജിത്താണ് മൂന്നാമത് എത്തിയിരിക്കുന്നത്.

വിശ്വാസത്തിന്റെ വമ്പൻ വിജയത്തിലൂടെ 40.5 കോടി അജിത്ത് നേടിയെന്ന് ലിസ്റ്റിൽ പറയുന്നു. വിശ്വാസത്തിന് പുറമെ നേർകൊണ്ട പാർവൈ എന്ന ചിത്രവും അജിത്തിന്റെതായി കഴിഞ്ഞ വർഷം വിജയം നേടിയിരുന്നു. അജിത്തിന് പിന്നാലെ ബാഹുബലി താരം പ്രഭാസ് 35 കോടിയുമായി നാലാമത് എത്തിയിരിക്കുന്നു.

സാഹോ എന്ന ഒറ്റ ചിത്രം മാത്രമാണ് നടന്റെതായി കഴിഞ്ഞ വർഷം പുറത്തിറങ്ങിയത്. പ്രഭാസിനൊപ്പം 35കോടിയുമായി മഹേഷ് ബാബുവും ലിസ്റ്റിലുണ്ട്. മഹർഷി എന്ന ചിത്രമാണ് മഹേഷ് ബാബുവിന്റെതായി കഴിഞ്ഞ വർഷം പുറത്തിറങ്ങിയത്. ഇവർക്ക് പിന്നാലെ 34 കോടിയുമായി കമൽഹാസനും 33.5 കോടിയുമായി മമ്മൂട്ടിയും ലിസ്റ്റിലുണ്ട്.

ബിഗ് ബോസ് തമിഴിലൂടെയാണ് കമൽഹാസൻ കഴിഞ്ഞ വർഷം തിളങ്ങിയത്. മാമാങ്കം, ഗാനഗന്ധർവ്വൻ, ഉണ്ട, മധുരരാജ തുടങ്ങിയ സിനിമകളിലൂടെയാണ് മമ്മൂട്ടി 33.5 കോടി നേടിയത്. മമ്മൂട്ടിക്ക് പിന്നാലെ 31.75 കോടിയുമായി ധനുഷും, 30കോടിയുമായി ദളപതി വിജയിയും ഇടംപിടിച്ചു. കഴിഞ്ഞ വർഷം അസുരൻ, എന്നെ നോക്കി പായും തോട്ട എന്നീ ചിത്രങ്ങളാണ് ധനുഷിന്റെതായി പുറത്തിറങ്ങിയത്.

ഇതിൽ അസുരൻ 150 കോടിയിലധികം കളക്ഷൻ നേടിയിരുന്നു. ദളപതി വിജയുടെതായി ബിഗിൽ എന്ന ചിത്രം മാത്രമാണ് കഴിഞ്ഞ വർഷം പുറത്തിറങ്ങിയത്. അറ്റ്ലീ സംവിധാനം ചെയ്ത വിജയ് ചിത്രം 300 കോടിക്കടുത്ത് കളക്ഷൻ തിയ്യേറ്ററുകളിൽ നിന്നായി നേടിയിരുന്നു. ബിഗിലിന് പിന്നാലെ മാസ്റ്റർ എന്ന ചിത്രമാണ് സൂപ്പർതാരത്തിന്റെതായി ഇനി പുറത്തിറങ്ങാനുള്ളത്.

Advertisement