അന്ന് പെണ്ണ് കാണാൻ പോയപ്പോൾ അവൾ എങ്ങാനം എന്റെ മുഖത്ത് നോക്കിയിരുന്നേൽ വിവാഹം നടക്കില്ലായിരുന്നു: തുറന്നു പറഞ്ഞ് ഇന്ദ്രൻസ്

437

സിനിമാ രംഗത്തേക്ക് വസ്ത്രാലങ്കാര സഹായി ആയി എത്തി പിന്നീട് സ്വതന്ത്ര വസ്ത്രാലങ്കാരകനും ഒപ്പം തന്നെ മലയാള സിനിമയിലെ എണ്ണം പറഞ്ഞ നടൻമാരിൽ ഒരാളുമായി മാറിയ താരമാണ്. മികച്ച നടനുള്ള കേരള സംസ്ഥാന അവാർഡ് വരെ നേടിയെടുത്തിട്ടുള്ള ഇന്ദ്രൻസ് മലയാളികൾക്ക് എന്നും പ്രിയപ്പെട്ട നടനാണ്.

സിനിമാ അഭിനയം തുടങ്ങിയ സമയത്ത് കോമഡി വേഷങ്ങളിൽ തിളങ്ങിയ ഇന്ദ്രൻസ് പിൽക്കാലത്ത് മലയാളത്തിലെ ശ്രദ്ധേയനായ നടനായി മാറുകയായിരുന്നു. ഒരു കാലത്ത് ഇന്ദ്രൻസ് ഇല്ലാത്ത മലയാള സിനിമ ഇല്ല എന്നൊരവസ്ഥവരെ ഉണ്ടായിരുന്നു. നായകൻമാർ ആരായാലും ചെറുതോ വലുതോ ആയ ഒരു കോമഡി വേഷത്തിൽ ഇന്ദ്രൻസ് എന്നായിരുന്നു സ്ഥിതി.

Advertisements

അതേ സമയം ലാളിത്യത്തിനും സൗമ്യതയ്ക്കും ഏറെ പേരുകേട്ടിട്ടുള്ള ഇന്ദ്രൻസ് അന്നും ഇന്നും വളരെ നിഷ്‌കളങ്കതയോടെയാണ് ജീവിക്കുന്നത്. ഇപ്പോഴിതാ തന്റെ കുടുംബ ജീവിതത്തെ കുറിച്ച് താരം പറഞ്ഞ രസകരമായ കഥകളാണ് ശ്രദ്ധേയമാകുന്നത്. ഭാര്യ ശാന്തയെ പെണ്ണ് കാണാൻ പോയതിനെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെയാണ് ഇന്ദ്രൻസ് തുറന്ന് പറഞ്ഞിരിക്കുന്നത്.

ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലൂടെയാണ് ഇന്ദ്രൻസിന്റെ തുറന്നു പറച്ചിൽ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ:

പ്രേം നസീർ സാറിൽ നിന്നായിരുന്നു കോസ്റ്റ്യൂം കൊടുത്ത് തുടങ്ങിയത്. സോമൻ, മധു, സുകുമാരൻ, രാഘവൻ, മമ്മൂട്ടി, മോഹൻലാൽ തുടങ്ങി ഒരുവിധം എല്ലാ സൂപ്പർതാരങ്ങൾക്കും കോസ്റ്റിയൂം കൊടുത്തിട്ടുണ്ട്. ജയൻ സാറിന് മാത്രമാണ് പറ്റാതെ പോയത്. അപ്പോഴും ഉണ്ടെങ്കിലും പുള്ളിയുടെ പടത്തിലൊന്നും അവസരം കിട്ടിയില്ല.

വസ്ത്രത്തിന്റെ പേരിൽ എപ്പോഴും പിണങ്ങുന്ന ആളുകൾ സോമനും തിലകനുമാണ്. എവിടെങ്കിലും എന്തേലും പിടുത്തമൊക്കെ വന്നാൽ തിലകൻ ചേട്ടനൊക്കെ പെട്ടെന്ന് അസ്വസ്ഥരാകും. അത് പ്രകടിപ്പിക്കാനും മടിയില്ല. കല്യാണം കഴിക്കാൻ വേണ്ടി ഞാൻ കുറേ അലഞ്ഞ് നടന്നിരുന്നു. മനസിൽ പ്രണയവിവാഹം തന്നെയാണ്.

പക്ഷേ അങ്ങനെ ആരെയും ഒത്തില്ല. അന്ന് അച്ഛനൊക്കെ അവിടെ ഉള്ളത് കൊണ്ട് മുഖത്ത് നോക്കിയില്ല. അല്ലാർന്നേൽ മുഖത്ത് നോക്കിയാൽ ഇത് നടക്കില്ലായിരുന്നുവെന്ന് ഇടയ്ക്ക് പറയുമെന്ന് തമാശരൂപേണ ഇന്ദ്രൻസ് പറയുന്നു. പെണ്ണ് കാണാൻ പോയത് ഇപ്പോഴും ഓർമ്മയുണ്ട്. അവരുടെ വീടിന്റെ നടയിലൂടെ കേറി ഇറങ്ങി അടുത്തുള്ള വീട്ടിലെല്ലാം പെണ്ണ് കണ്ടിട്ടുണ്ട്.

ഏറ്റവും ലാസ്റ്റാണ് അവിടെ പോകുന്നത്. ആദ്യമേ ഇവിടെ വന്നിരുന്നെങ്കിൽ ബാക്കി എവിടെയും പോവേണ്ടി വരില്ലായിരുന്നു. പോയതൊക്കെ അവരുടെ ബന്ധുക്കളാണ്. എല്ലാം അറിയുന്നുണ്ട്. അന്ന് സിനിമയിൽ കോസ്റ്റിയൂമിന്റെ നല്ല തിരക്കുണ്ട്. അതുകൊണ്ട് തന്നെ സിനിമാക്കാരനായാൽ ശ്രദ്ധിക്കണമെന്ന് ഇവരുടെ ബന്ധുക്കൾ സൂചിപ്പിച്ചിരുന്നു.

ചിലപ്പോൾ മദ്രാസിൽ വേറെ ഭാര്യയും മക്കളുമൊക്കെ ഉണ്ടാവുമെന്നൊക്കെ പറഞ്ഞിട്ടുണ്ട്. പിന്നെ ഞാൻ പെൻസിൽ പോലെ ഇരിക്കുന്നു, ഈർക്കിലി പോലെയാണ് എന്നൊക്കെ പലരും പറഞ്ഞിട്ടുണ്ട്. ശരിക്കും പെണ്ണ് കാണാൻ പോയ ദിവസം എന്നെ ഭാര്യ കണ്ടിട്ടില്ല. പിന്നീടാണ് കാണുന്നത്. ചായ കൊണ്ട് വന്ന് വെച്ചിട്ട് പോയി എന്നല്ലാതെ അച്ഛനും ചേട്ടനുമൊക്കെ നിൽക്കുന്നത് കൊണ്ട് നിവർന്ന് നിന്ന് നോക്കാനുള്ള ധൈര്യം ഇല്ലായിരുന്നുവെന്നും ഇന്ദ്രൻസ് പറയുന്നു.

അന്ന് നേരെ നോക്കിയിരുന്നെങ്കിൽ അമ്മയോട് കരഞ്ഞ് പറഞ്ഞിട്ടാണെങ്കിലും കല്യാണം നടത്തില്ലായിരുന്നു എന്ന് ഭാര്യ ഇടയ്ക്ക് പറയും. ഇപ്പോൾ ഏറ്റവും നല്ല ഭാര്യ ശാന്ത ആണെന്ന് തോന്നുന്നുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് വേറെ ഭാര്യ ഇല്ലാത്തത് കൊണ്ട് അങ്ങനെ തോന്നുന്നുവെന്ന കിടിലൻ മറുപടിയാണ് ഇന്ദ്രൻസ് പറഞ്ഞത്.

Advertisement