ഒന്ന് വൈറലാവാൻ ശ്രമിച്ചതാ പക്ഷേ വ്‌ളോഗർ ഗയ്‌സിന് പണിപാളി; 10,500 രൂപ പിഴയീടാക്കി മോട്ടോർ വാഹന വകുപ്പ്

51

പാലക്കാട് മലമ്പുഴ ഡാം സൈറ്റിൽ ഓഫ്‌റോഡ് അഭ്യാസത്തിനിടെ വാഹനം മറിച്ചിട്ട ‘വ്‌ലോഗർ ഗയ്‌സി’ന്റെ വിഡിയോ പുറത്തുവന്നത് അടുത്ത ദിവസമാണ്. വെട്ടിത്തിരിച്ചും ഒടിച്ചും വളച്ചും ഒടുവിൽ തലകീഴായി മറിച്ചുമെല്ലാം ചിത്രീകരിച്ച വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. സംഭവം മോട്ടോർ വാഹനവകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടതോടെ വ്‌ലോഗർമാരിൽ നിന്ന് പിഴയീടാക്കുകയായിരുന്നു.

മലമ്പുഴ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തു നിരോധിത മേഖലയിൽ അമിതവേഗത്തിൽ കാർ ഓടിച്ച് അപകടമുണ്ടാക്കിയതിനാണ് യുട്യൂബ് വ്‌ലോഗർമാരിൽനിന്നു മോട്ടർ വാഹനവകുപ്പ് 10,500 രൂപ പിഴയീടാക്കിയത്. അമിതവേഗത്തിൽ വാഹനമോടിച്ചതിനും വാഹനത്തിനു രൂപമാറ്റം വരുത്തിയതിനുമാണ് കോഴിക്കോട് കാരപ്പറമ്പ് സ്വദേശിയിൽനിന്നു പിഴയീടാക്കിയതെന്നു മോട്ടർ വാഹന വകുപ്പ് കോഴിക്കോട് എൻഫോഴ്‌സ്‌മെന്റ് വിഭാഗം അറിയിച്ചു.

Advertisements

അകമലവാരം കവയിൽ രണ്ടുപേർ നടത്തിയ വാഹനാഭ്യാസ പ്രകടനത്തിന്റെ വിഡിയോ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതു ശ്രദ്ധയിൽപ്പെട്ടതോടെയാണ് അധികൃതർ നടപടി സ്വീകരിച്ചത്. വീതികൂടിയ ടയറുകളാണ് വാഹനത്തിൽ ഉപയോഗിച്ചത്. ഇതു മാറ്റി പഴയതുപോലെയാക്കിയിട്ടുണ്ടെന്നു വ്‌ലോഗർമാർ അറിയിച്ചു. വാഹനം കോഴിക്കോട് ആർടിഒ ഓഫിസിലാണു താൽക്കാലിക റജിസ്‌ട്രേഷൻ നടത്തിയിരുന്നത്.

കൂടാതെ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് നിരോധിത മേഖലയിൽ അതിക്രമിച്ചു കയറിയവർക്കെതിരെ ജലവിഭവ വകുപ്പ് ഇതുവരെ പരാതി നൽകിയില്ല. ഇന്നു സ്ഥലം സന്ദർശിച്ച ശേഷം പൊലീസിൽ പരാതി നൽകുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

Advertisement