മലയാളം സിനിമാ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ ഒരുക്കിയ ലൂസിഫർ എന്ന സർവ്വകാല ഹിറ്റ് സിനിമയുടെ രണ്ടാം ഭാഗമായി ആണ് എംപുരാൻ എത്തുന്നത്. പ്രേക്ഷകരുടെ നീണ്ട കാത്തിരിപ്പിനൊടുപ്പിൽ പ്രഖ്യാപനവുമായി എമ്പുരാൻ ടീം എത്തുകയും ചെയ്തിരുന്നു. മോഹൻലാലും പൃഥ്വിരാജും തിരക്കഥാകൃത്ത് മുരളി ഗോപിയും നിർമ്മാതാവ് ആൻറണി പെരുമ്പാവൂരും ചേർന്ന് എമ്പുരാന് തുടക്കം കുറിച്ചിരിക്കുകയാണ്. ഇവർ നാലുപേരും ചേർന്നാണ് എമ്പുരാന്റെ വലിയ പ്രഖ്യാപനം നടത്തിയത്.
സിനിമയുടെ തിരക്കഥ പൂർത്തിയായെന്നും ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നും പൃഥ്വിരാജ് അറിയിച്ചു. അതേ സമയം എമ്പുരാൻ ലൂസിഫറിന് മുകളിൽ നിൽക്കുമെന്ന് മോഹൻലാലും വ്യക്തമാക്കി. മുരളിയുടെ കഥ അത്തരത്തിൽ ഒന്ന് തന്നെയാണെന്നും താരം പറഞ്ഞു. പൃഥ്വിയുടെ സംവിധാനം കൂടി ചേരുമ്പോൾ ആ പ്രതീക്ഷ ഇരട്ടിക്കുന്നുവെന്നും മോഹൻലാൽ പറഞ്ഞിരുന്നു. അബ്രാം ഖുറേഷി എന്ന മോഹൻലാലിന്റെ കഥാപാത്രത്തെ കുറിച്ചായിരിക്കും എമ്പുരാൻ സിനിമ എന്നആണ് ആരാധകരുടെ പ്രതീക്ഷ.

ഇപ്പോഴിതാ പുതിയ ലോകേഷ് കനകരാജ്-വിജയ് ചിത്രം ‘ദളപതി 67’ൽ മോഹൻലാലും എത്തുമെന്നാണ് റിപ്പോർട്ടുകൾ. ‘വിക്ര’ത്തിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണെന്നതുകൊണ്ടു തന്നെ ലോകേഷിൽ എല്ലാ പ്രതീക്ഷകളും അർപ്പിച്ചിരിക്കുകയാണ് ആരാധകർ.
ഒരു ആക്ഷൻ ചിത്രമായിരിക്കും ഇതെന്നും പാട്ടുകൾ ഉണ്ടാവില്ലെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിനിടെ സിനിമയിലെ മറ്റ് താരങ്ങളെ കുറിച്ചുള്ള വിവരങ്ങളാണ് സോഷ്യൽമീഡിയയിലടക്കം ഇപ്പോൾ ശ്രദ്ധ നേടുന്നത്.

ചിത്രത്തിൽ നടൻ അർജുൻ സർജ അഭിനയിക്കുമെന്ന് മുൻപ് തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ മോഹൻലാൽ സിനിമയിൽ എത്തുമെന്ന പ്രചാരണങ്ങളാണ് നടക്കുന്നത്. ലൂസിഫർ സിനിമയിലെ മോഹൻലാലിന്റെ കഥാപാത്രമായ അബ്രാം ഖുറേഷിയായി ആണ് താരം എത്തുക എന്നാണ് പ്രചാരണങ്ങൾ.
ഈയടുത്ത ദിവസം മോഹൻലാൽ ലോകേഷ് കനകരാജിനെ ട്വിറ്ററിൽ ഫോളോ ചെയ്തു എന്നതു ചൂണ്ടിക്കാണിച്ചാണ് അഭ്യൂഹങ്ങൾ ശക്തമാകുന്നത്. അതിന് പിന്നാലെ തന്നെ ആന്റണി പെരുമ്പാവൂർ വിജയ്യെ ട്വിറ്ററിൽ ഫോളോ ചെയ്തതോടെ സംശയം ദൃഢപ്പെട്ടു. ലോകേഷ് സിനിമകളുടെ കഥകളെല്ലാം തമ്മിൽ ബന്ധപ്പെട്ടു കിടക്കുന്നതു കൊണ്ട് ഈ സിനിമയിൽ അബ്രാം ഖുറേഷി എന്ന കഥാപാത്രം എത്തുകയും ലൂസിഫർ കഥയുമായി കണക്ഷനുണ്ടാകുമോ എന്നുമാണ് ആരാധകർ ഉറ്റുനോക്കുന്നത്.

ഇക്കാര്യം ഇതുവരെ ഔദ്യോഗികമായി അണിയറ പ്രവർത്തകരാരും സ്ഥിരീകരിച്ചിട്ടില്ല. ലോകേഷ് ചിത്രങ്ങളായ കൈതി, വിക്രം എന്നീ സിനിമകൾ പരസ്പരം ബന്ധപ്പെട്ടാണ് കിടക്കുന്നത്. വിക്രത്തിന്റെ രണ്ടാം ഭാഗം എത്തുന്നതിന് മുമ്പേ കൈതിയുടെ രണ്ടാം ഭാഗം എത്താനാണ് സാധ്യത. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിൽ അബ്രാം ഖുറേഷിയും എത്തുമോ എന്നാണ് ഇനി ആരാധകർക്ക് അറിയേണ്ടത്.









