Home Breaking News

ക്രിസ്മസ് പുതുവത്സര ബമ്പര്‍ ആറ് കോടി നേടിയത് രത്നാകരന്‍ പിള്ള; സമ്മാനത്തുക ഭൂമിയില്ലാത്തവരെ സഹായിക്കാനും നിര്‍ദ്ധനരായവര്‍ക്കും

47

കിളിമാനൂര്‍: ക്രിസ്മസ് പുതുവത്സര ബമ്പറിന്റെ ഒന്നാം സമ്മാനമായ ആറ് കോടി രൂപ നേടിയ ഭാഗ്യവാനെ കണ്ടെത്തി. തിരുവനന്തപുരം കിളിമാനൂര്‍ ഗരൂരിലെ ബി രത്‌നാകരന്‍ പിള്ളയെയാണ് ഇത്തവണ ഭാഗ്യദേവത കടാക്ഷിച്ചത്. നഗരൂര്‍ ഗ്രാമപ്പഞ്ചായത്ത് മുന്‍ അംഗംകൂടിയായ കീഴ്പേരൂര്‍ രാജേഷ് ഭവനില്‍ ബി രത്നാകരന്‍ പിള്ളയ്ക്ക് എല്‍ഇ 261550 എന്ന നമ്പരിലെ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.

സമ്മാനാര്‍ഹമായ ടിക്കറ്റ് എസ്ബിഐയുടെ പോങ്ങനാട് ശാഖയില്‍ ഏല്‍പ്പിച്ചു. ഇരുപത് ദിവസം മുന്‍പ് തുമ്പോട് കൃഷ്ണന്‍കുന്നിനു സമീപത്ത് വച്ച് മുച്ചക്ര സൈക്കിളില്‍ വന്ന വിതരണക്കാരനില്‍ നിന്നാണ് രത്‌നാകരന്‍ പിള്ള ടിക്കറ്റ് സ്വന്തമാക്കിയത്. മുന്‍പും ടിക്കറ്റെടുത്തിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇത്ര വലിയ തുക സമ്മാനമായി ലഭിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.

Advertisements

ബേബിയാണ് രത്നാകരന്‍ പിള്ളയുടെ ഭാര്യ. ഷിബു, രാജേഷ്, രാജീവ്, രാജി, രജീഷ് എന്നിവരാണു മക്കള്‍. പ്രതീക്ഷിക്കാതെ വന്ന ഭാഗ്യത്തിന്റെ ഞെട്ടലിലും സന്തോഷത്തിലുമാണ് വീട്ടുകാര്‍. കൃഷ്ണന്‍കുന്നില്‍ കൃഷ്ണ സോമില്‍ എന്ന പേരില്‍ ഒരു തടിമില്ല് നടത്തിയാണ് ഇദ്ദേഹം ഉപജീവനം നടത്തുന്നത്.

സമ്മാനത്തുക ഉപയോഗിച്ച് കുറച്ചു കടമുള്ളതു വീട്ടണമെന്ന് രത്‌നാകരന്‍ പിള്ള പറഞ്ഞു. മാത്രമല്ല താന്‍ താമസിക്കുന്ന രണ്ടാം വാര്‍ഡിലെ ഭൂമിയില്ലാത്തവര്‍ക്ക് മൂന്ന് സെന്റ് സ്ഥലം വാങ്ങി നല്‍കണമെന്ന ആഗ്രഹമുള്ളതായും പൊതുപ്രവര്‍ത്തനത്തിനിടയില്‍ നിര്‍ദ്ധനരായ ധാരാളം പേരെ സഹായിച്ചിട്ടുണ്ട് അതിനിയും തുടരുമെന്നും ആദ്ദേഹം പറഞ്ഞു.

Advertisement