പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് സര്‍പ്രൈസ് സമ്മാനം നല്‍കി ലാലേട്ടന്‍: ത്രില്ലടിപ്പിക്കുന്ന നീരാളി ട്രൈലര്‍ പുറത്ത്

7

പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് സര്‍പ്രൈസ് സമ്മാനം നല്‍കി ലാലേട്ടന്‍. ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം നീരാളിയുടെ ത്രില്ലിംഗ് ട്രൈലര്‍ പുറത്തിറക്കിയാണ് മോഹന്‍ലാല്‍ പിറന്നാള്‍ ദിവസം ആരാധകരെ സന്തോഷിപ്പിച്ചത്. ത്രില്ലര്‍ സ്വഭാവം അവകാശപ്പെടുന്ന ചിത്രത്തിന് ചേരും വിധം ഉദ്വേഗം നിറച്ചതാണ് രണ്ടര മിനുറ്റ് ട്രൈലര്‍.

Advertisements

തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മോഹന്‍ലാല്‍ ട്രൈലര്‍ വീഡിയോ പുറത്തിറക്കിയത്. നേരത്തേ പുറത്തിറങ്ങിയ മോഷന്‍ പോസ്റ്ററിലേത് പോലെ അപകടത്തില്‍ പെട്ട കാര്‍ വെള്ളച്ചാട്ടത്തിലേക്ക് വീഴുന്നതില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് കാറിലിരിക്കുന്ന നായകന്റെ ഭാഗമാണ് ട്രൈലറിലും പ്രാധാന്യത്തോടെ അവതരിപ്പിച്ചിട്ടുള്ളത്.

അജോയ് വര്‍മ സംവിധാനം ചെയ്യുന്ന ചിത്രം ജൂലൈ 14 നാണ് റിലീസ് തീരുമാനിച്ചിരിക്കുന്നത്. വജ്രവ്യാപാരവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സണ്ണി ജോര്‍ജ് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.

മുംബൈ, മംഗോളിയ, കേരളം, തായ്‌ലന്റ്, ബംഗളൂരു തുടങ്ങിയിവിടങ്ങളിലാണ് സിനിമ ചിത്രീകരിച്ചത്. പുലിമുരുകന് ശേഷം ഗ്രാഫിക്‌സിന്റെ വിശാല സാധ്യതകള്‍ തേടുന്ന ചിത്രമായിരിക്കും നീരാളി എന്നാണ് റിപ്പോര്‍ട്ടുകള്‍. ബോളിവുഡ് ക്യാമറമാനും മലയാളിയുമായ സന്തോഷ് തുണ്ടിയിലാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. വര്‍ഷങ്ങള്‍ക്കുശേഷം നദിയ മൊയ്തു മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നു എന്ന പ്രത്യേകതയും നീരാളിക്കുണ്ട്. മൂണ്‍ഷോട്ട് ഫിലിംസിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് നിര്‍മ്മാണം.

Advertisement