കൊച്ചി: ആക്രമിക്കപ്പെട്ട നടിക്ക് ദിലീപ് കാരണം അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് പരാതി ലഭിച്ചിരുന്നതായി ഇടവേള ബാബുവിന്റെ മൊഴി.

നടിയുടെ പരാതിയിൽ കുറച്ച് വാസ്തവമുണ്ടെന്ന് തനിക്കും തോന്നിയിരുന്നു. ഇതിനെക്കുറിച്ച് ദിലീപിനോട് സംസാരിച്ചപ്പോൾ ആവശ്യമില്ലാത്ത കാര്യത്തിൽ തലയിടുന്നത് എന്തിനാണെന്ന് ചോദിച്ചതായും ഇടവേള ബാബുവിന്റെ മൊഴിയിൽ പറയുന്നു.

ഇരയായ നടിയും ദിലീപും തമ്മിലുള്ള പ്രശ്നങ്ങൾ സംഘടന ചർച്ച ചെയ്തിട്ടില്ല. ഇരയായ നടിയും കാവ്യ മാധവനും തമ്മിൽ സ്റ്റേജ് ഷോ റിഹേഴ്സലിനിടെ വഴക്കുണ്ടായി.

ഇതിനുശേഷം ദിലീപ് ഇരയായ നടിയോട് ദേഷ്യപ്പെട്ടതായി പറഞ്ഞുകേട്ടിട്ടുണ്ട്. പിന്നീട് നടൻ സിദ്ദിഖ് വിഷയത്തിൽ ഇടപെട്ട സംസാരിച്ചിരുന്നുവെന്നും ഇടവേള ബാബുവിന്റെ മൊഴിയിൽ വ്യക്തമാക്കുന്നു.

ആക്രമിക്കപ്പെട്ട നടിക്ക് ദിലീപ് കാരണം അവസരങ്ങള്‍ നഷ്ടപ്പെട്ടെന്ന നടന് സിദ്ദിഖിന്റെ മൊഴിയും നേരത്തേ പുറത്തുവന്നിരുന്നു.

ദിലീപ് കാരണം നടിക്ക് അവസരങ്ങള്‍ നഷ്ടപ്പെട്ടെന്നു തനിക്ക് അറിയാമെന്നായിരുന്നു എന്നാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ പോലീസിനു സിദ്ദിഖ് മൊഴി നല്‍കിയത്.









