ബംഗളൂരു: ചികിത്സാ ചെലവിനായി ധനസഹായമഭ്യര്‍ത്ഥിച്ച് മോഹന്‍ലാല്‍ ചിത്രത്തില്‍ നായികയായി വേഷമിട്ട തെന്നിന്ത്യന്‍ താരം വിജയലക്ഷ്മി. സിബി മലയില്‍ സംവിധാനം ചെയ്ത ദേവദൂതന്‍ എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത താരമാണ് ഇപ്പോള്‍ സഹായം തേടി ആശുപത്രിയില്‍ കഴിയുന്നത്.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് വിജയലക്ഷ്മിയെ ബെംഗളൂരുവിലെ മല്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.
നടിയുടെ ചികിത്സയ്ക്കായി സിനിമാ മേഖലയില്‍ നിന്ന് സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് സഹോദരി ഉഷാ ദേവി പറഞ്ഞു. അമ്മയുടെ ചികിത്സക്കായി കൈയിലുണ്ടായിരുന്ന പണം ചെലവായെന്നും അവര്‍ പറയുന്നു. ആരോഗ്യപരമായ ചില പ്രശ്‌നങ്ങള്‍ കൊണ്ടാണ് വിജയലക്ഷ്മി സിനിമയില്‍ നിന്ന് കുറച്ചുനാള്‍ വിട്ടുനിന്നതെന്നും സഹോദരി വ്യക്തമാക്കി.

1997 ല്‍ കന്നട സിനിമയിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച വിജയലക്ഷ്മി തമിഴ്, തെലുങ്ക്, ഭാഷകളില്‍ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

മലയാളത്തിലെ വന്‍ ഹിറ്റായ സിദ്ധിഖ് ലാല്‍ ചിത്രം ഫ്രണ്ട്‌സ് എന്ന സിനിമയുടെ തമിഴ് പതിപ്പില്‍ വിജയ്, സൂര്യ എന്നിവര്‍ക്കൊപ്പം വിജയലക്ഷ്മി അഭിനയിച്ചിരുന്നു. ഹിപ്പ് ഹോപ്പ് ആദി നായകനായി എത്തിയ മീസയാ മുറുക്കു എന്ന സിനിമയിലാണ് ഇവര്‍ അവസാനമായി വേഷമിട്ടത്.









