മലയാള സിനിമയുടെ ചരിത്രം തിരുത്തി മോഹൻലാലിന്റെ ലൂസിഫർ 200 കോടി കടന്നു. 200 കോടി സ്വന്തമാക്കുന്ന ആദ്യ മലയാള ചിത്രമാണ് ലൂസിഫർ.
ഒരു കാലത്ത് 100 കോടി ക്ലബ്ബിൽ അംഗമാകുന്ന മലയാള ചിത്രങ്ങൾ അപൂർവ്വമായിരുന്നെങ്കിൽ മോഹൻലാൽ തന്നെ നായകനായെത്തിയ പുലിമുരുകൻ 150 കോടി പിന്നിട്ട് റെക്കോർഡ് നേട്ടം സ്വന്തമാക്കിയിരുന്നു.

എന്നാൽ ആ റെക്കോർഡും തകർത്താണ് ലൂസിഫറിന്റെ ചരിത്ര വിജയം. 200 കോടിയും കടന്ന ചിത്രം ബോക്‌സോഫീസിൽ ജൈത്രയാത്ര തുടരുകയാണ്.
ലൂസിഫർ 200 കോടി കടക്കുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പുലിമുരുകനെ അപേക്ഷിച്ച് ലൂസിഫറിന്റെ 100 150 കോടി നേട്ടങ്ങൾ അതിവേഗത്തിലായിരുന്നു.

മലയാളസിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വേഗമേറിയ ബോക്സ്ഓഫീസ് നേട്ടം. ചിത്രം 100 കോടി ക്ലബ്ബിൽ എത്തിയത് വെറും എട്ട് ദിവസങ്ങൾ കൊണ്ടാണെങ്കിൽ 150 കോടി ക്ലബ്ബിൽ പ്രവേശിച്ചത് വെറും 21 ദിവസങ്ങൾ കൊണ്ടാണ്.

പ്രധാന കേന്ദ്രങ്ങളിൽ ചില ഹൗസ്ഫുൾ ഷോകൾ ലഭിക്കുന്നതിനൊപ്പം മിക്ക പ്രദർശനങ്ങൾക്കും 85-90 ശതമാനം തീയേറ്റർ ഒക്കുപ്പൻസിയും ലഭിക്കുന്നുണ്ട് ഇപ്പോഴും ചിത്രത്തിന്.
റിലീസ് ചെയ്ത് ആഴ്ചകൾ പിന്നിട്ടെങ്കിലും ഷോകളുടെ എണ്ണത്തിൽ കാര്യമായ കുറവില്ല. തിരുവനന്തപുരം നഗരത്തിലും പരിസരപ്രദേശങ്ങളിലുമായി ലൂസിഫറിന് നാളെയുള്ളത് 36 പ്രദർശനങ്ങളാണ്.

ചെന്നൈ ഉൾപ്പെടെ മലയാളികൾ ധാരാളമുള്ള മെട്രോ നഗരങ്ങളിലും ചിത്രത്തിന് മികച്ച പ്രതികരണം തുടരുകയാണ്.
            








