Home kerala

ലക്ഷങ്ങൾ കടം നൽകിയിട്ട് പണത്തിന് പകരം വിവാഹാലോചന: സൗമ്യയുടെ കൊലപാതകത്തിന് പിന്നിൽ വിവാഹാഭ്യർത്ഥന നിരസിച്ചതെന്ന് പൊലീസ്

75

കായംകുളം: മാവേലിക്കരയിൽ കൊല്ലപ്പെട്ട സൗമ്യയോട് പ്രതി അജാസ് വിവാഹാഭ്യർത്ഥന നടത്തിയിരുന്നതായി പൊലീസ്.

ഇരുവരും തമ്മിൽ സൗഹൃദമുണ്ടായിരുന്നു. വിവാഹാഭ്യർത്ഥന നിരസിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്നും പൊലീസ് പറഞ്ഞു.

Advertisements

സൗമ്യയ്ക്ക് അജാസ് ഒന്നേകാൽ ലക്ഷം രൂപ കടമായി നൽകിയിരുന്നു. ഇത് തിരിച്ചു നൽകാൻ സൗമ്യ അമ്മയോടൊപ്പം പോയിരുന്നെങ്കിലും അജാസ് പണം വാങ്ങാൻ തയ്യാറായില്ല.

പകരം വിവാഹം കഴിക്കാനാണ് അജാസ് ആവശ്യപ്പെട്ടത്. ഇത് നിരസിച്ചതിൽ അജാസിന് സൗമ്യയോട് പ്രതികാരമുണ്ടായതായും പൊലീസ് പറഞ്ഞു.

കൂടുതൽ വിവരങ്ങൾ അജാസിനെ ചോദ്യം ചെയ്താൽ മാത്രമേ വ്യക്തമാവുകയൊള്ളു. കൊലപാതക ശ്രമത്തിനിടെ ഗുരുതരമായി പൊള്ളലേറ്റ അജാസ് ആശുപത്രിയിൽ ചികിത്സയിലാണ്.

ചികിത്സയിൽ കഴിയുന്ന അജാസിന്റെ മൊഴി രേഖപ്പെടുത്താൻ ശ്രമിച്ചെങ്കിലും പൂർണ്ണമായും വിജയിച്ചിട്ടില്ല.

ഇവരുടെ ഫോൺകോളുകളും വാട്സ് ആപ്പ് സന്ദേശങ്ങളും പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്.

സൗമ്യയെ അജാസ് നിരന്തരം ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്താറുണ്ടെന്ന് സൗമ്യയുടെ മകനും പറഞ്ഞിരുന്നു.

എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി അജാസാണെന്നും അക്കാര്യം പൊലീസിനോട് പറയണമെന്ന് അമ്മ പറഞ്ഞിട്ടുണ്ടെന്നുമാണ് മകൻ പറഞ്ഞത്.

കൊല്ലപ്പെട്ട സൗമ്യക്ക് പ്രതിയായ അജാസിൽ നിന്ന് നേരത്തേ ഭീഷണി ഉണ്ടായിരുന്നതായി മകൻ.

എന്തെങ്കിലും സംഭവിച്ചാൽ അതിന് ഉത്തരവാദി അജാസാണെന്നും ഇക്കാര്യം പൊലീസിനോട് പറയണമെന്നും അമ്മ പറഞ്ഞേൽപ്പിച്ചതായി മകൻ പറഞ്ഞു.

‘അമ്മ വല്ലാതെ പേടിച്ചിരുന്നു. ചില സാമ്പത്തിക ഇടപാടുകൾ അജാസുമായി ഉണ്ടായിരുന്നു. കാശിന്റെ കാര്യമാണ് അമ്മയോട് അജാസ് ചോദിക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്.

വിളിക്കരുതെന്ന് പറഞ്ഞ് അമ്മ അജാസിനോട് ദേഷ്യപ്പെടാറുണ്ടായിരുന്നു.’ -സൗമ്യയുടെ മകൻ പറഞ്ഞു.

ഒന്നിൽ കൂടുതൽ തവണ ഫോണിൽ തർക്കിക്കുന്നത് കേട്ടിട്ടുണ്ടെന്നും മകൻ പറഞ്ഞു. സൗമ്യയുടെ പോസ്റ്റ് മോർട്ടം ഇന്ന് നടക്കും.

ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലാകും പോസ്റ്റ്മോർട്ടം. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.

ഫൊറൻസിക് സംഘം സംഭവസ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്. ആസൂത്രിതമായ കൊലപാതകമാണെന്ന കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

എന്നാൽ കൊലപാതകത്തിലേക്ക് നയിച്ച കാരണത്തെക്കുറിച്ച് അജാസിനെ കൂടുതൽ ചോദ്യം ചെയ്താലേ വ്യക്തത വരൂ എന്നാണ് പൊലീസ് പറയുന്നത്.

എറണാകുളം സ്വദേശിയായ അജാസ് ആലുവ റൂറലിലെ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനാണ്.

വള്ളികുന്നം സ്റ്റേഷനിൽ നിന്ന് വീട്ടിലേക്ക് സ്‌കൂട്ടറിൽ വരികയായിരുന്നു സൗമ്യ. പിന്നാലെ കാറിലെത്തിയ അജാസ് വാഹനം കൊണ്ട് സൗമ്യയെ ഇടിക്കുകയായിരുന്നു.

സൗമ്യ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന അജാസ് വടിവാളു കൊണ്ട് വെട്ടുകയും പെട്രോളൊഴിച്ച് തീകൊളുത്തുകയുമായിരുന്നു.
അജാസിനും പൊള്ളലേറ്റിട്ടുണ്ട്. മൂന്ന് കുട്ടികളുടെ അമ്മയാണ് സൗമ്യ. ഭർത്താവ് വിദേശത്ത് ജോലി ചെയ്യുകയാണ്.

Advertisement