സ്റ്റൈൽ മന്നൻ രജനീകാന്തിനെ പരിഹസിച്ചുവെന്ന് ആരോപിച്ച് നടൻ ജയം രവിയുടെ പുതിയ ചിത്രം കോമാളി ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്ത് ആരാധകർ. ട്രെയിലറിൽ രജനീകാന്തിന്റെ രാഷ്ട്രീയപ്രവേശനവുമായി ബന്ധപ്പെട്ടുള്ള രംഗമാണ് ആരാധകരുടെ രോഷത്തിന് കാരണം.
പതിനാറ് വർഷം കോമയിലായിരുന്ന ശേഷം സാധാരണജീവിതത്തിലേക്ക് വരുന്ന ജയം രവിയുടെ കഥാപാത്രം ഇതേത് വർഷമാണെന്ന്’ചോദിക്കുന്നു. പിന്നാലെ യോഗി ബാബു അവതരിപ്പിക്കുന്ന കഥാപാത്രം ടിവി ഓൺ ചെയ്യുന്നു.

രാഷ്ട്രീയ പ്രവേശനം സ്ഥിരീകരിക്കുന്ന രജനീകാന്തിന്റെ പ്രസംഗം ആണ് ടിവിയിൽ. എന്നാൽ ഇത് 2016 ആണെന്ന് വിശ്വസിക്കാതെ ആരെയാണ് നിങ്ങൾ പറ്റിക്കാൻ നോക്കുന്നത് ഇത് 1996 ആണ് എന്ന് പറയുന്നിടത്താണ് ട്രെയിലർ അവസാനിക്കുന്നത്.
ഇക്കുറിയും ജയലളിത ജയിച്ചാൽ ദൈവത്തിന് പോലും തമിഴ്നാടിനെ രക്ഷിക്കാനാകില്ലെന്ന് 96ൽ തിരഞ്ഞെടുപ്പിന് മുൻപ് രജനീകാന്ത് പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. ആ തിരഞ്ഞെടുപ്പിൽ ജയലളിത തോൽക്കുകയും ചെയ്തു.

എന്നാൽ 2017 ഡിസംബർ 31നാണ് രജനീകാന്ത് രാഷ്ട്രീയപ്രവേശനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ചിത്രത്തിൽ നിന്ന് രംഗം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടാണ് ആരാധകർ രംഗത്തെത്തിയിരിക്കുന്നത്.









