വർഷങ്ങളായി മലയാള സിനിമയിലും സീരിയലുകളിലും തിളങ്ങി നിന്നിരുന്ന താരമാണ് നടൻ ടോണി ആന്റണി.
മലപ്പുറം ജില്ലയിലെ മഞ്ചേരി സ്വദേശിയായ ടോണി ആന്റണി സിനിമ അഭിനയം തുടങ്ങിയിട്ട് ഏകദേശം നാൽപത് വർഷങ്ങൾ ആയിരിക്കുകയാണ്. 
ഇതിനോടകം തന്നോ പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട നിരവധി കഥാപാത്രങ്ങളെ ടോണി അവതരിപ്പിച്ചു കഴിഞ്ഞു. നമ്മുടെ വീട്ടിലുള്ള ഒരാളെ പോലെ തോന്നിക്കുന്ന ചുരുക്കം ചില അഭിനേതാക്കളിൽ ഒരാളാണ് ടോണി. നായക കഥാപാത്രത്തിന്റെ കൂട്ടുകാരനായും മന്ത്രിയായും വില്ലനായുമൊക്കെ എത്തിയ ടോണി അവതരിപ്പിച്ച കഥാപാത്രങ്ങളൊക്കെ ഇന്നും പ്രേക്ഷകരുടെ ഓർമ്മയിൽ തങ്ങി നിൽക്കുന്നവയാണ്.
കോളേജ് പഠനകാലത്ത് തന്നെ നാടക വേദികളിൽ സജീവമായിരുന്നു ടോണി.ആ സമയത്ത് നിരവധി നാടകങ്ങളിൽ അദ്ദേഹം അഭിനയിക്കുകയും ചെയ്തു. ജ്വലനം എന്ന അന്നത്തെ പ്രശസ്തമായ നാടകത്തിൽ ടോണി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും മികച്ച നടനുള്ള പുരസ്‌കാരം നേടുകയും ചെയ്തിരുന്നു.

പിന്നീട് മഞ്ചേരി എൻഎസ്എസ് കോളേജിൽ നിന്ന് ബിരുദം പൂർത്തിയാക്കിയ ശേഷം പ്രശസ്തമായ അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അഭിനയം പഠിക്കുവാനായി പോയി. അവിടെ നിന്ന് അഭിനയത്തിന് ഡിപ്ലോമ നേടിയതിന് ശേഷമാണ് നടൻ മലയാള സിനിമയിലേക്ക് എത്തിയത്.
മലയാളം കണ്ട ഏറ്റവും മികച്ച സംവിധായകരിൽ ഒരാളായ ഐവി ശശി സംവിധാനം ചെയ്ത ആരൂഢം എന്ന സിനിമയിൽ കൂടിയാണ് ടോണി ആന്റണി തന്റെ അഭിനയ ജീവിതം തുടങ്ങുന്നത്. ഈ സിനിമയിൽ നല്ലോരു വേഷമാണ് നടന് അന്ന് കിട്ടിയത്. സബിത ആനന്ദ് അവതരിപ്പിച്ച മാളൂട്ടി എന്ന കഥാപാത്രത്തിന്റെ കാമുകൻ ആയിട്ടാണ് നടൻ എത്തിയത്.
എംടി വാസുദേവൻ നായർ ആയിരുന്നു ആരൂഡത്തിന്റെ രചന നിർവ്വഹിച്ചത്. ആ വർഷം മികച്ച കഥയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരവും സിനിമയ്ക്ക് കിട്ടി. ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത പ്രശ്നം ഗുരുതരം എന്ന സിനിമയിലും ടോണി പിന്നീട് അഭിനയിച്ചു. ഓട്ടോ ഡ്രൈവറുടെ വേഷമായിരുന്നു താരത്തിന് ആ സിനിമയിൽ.
 
അതി് ശേഷം സാജൻ സംവിധാനം ചെയ്ത കണ്ടു കണ്ടറിഞ്ഞു എന്ന സിനിമയിൽ റഹ്‌മാൻ അവതരിപ്പിച്ച കുഞ്ഞുണ്ണി എന്ന കഥാപാത്രത്തിന്റെ സുഹൃത്തായും ടോണിയെ പിന്നീട് പ്രേക്ഷകർ കണ്ടു. സംവിധായകന്റെ പിന്നീടുള്ള മിക്ക സിനിമകളിലും ടോണിയ്ക്ക് നല്ലൊരു വേഷം നൽകിയിരുന്നു.
എന്ന് നാഥന്റെ നിമ്മി, ലൗ സ്റ്റോറി, ഗീതം, സ്നേഹമുള്ള സിംഹം, നാളെ ഞങ്ങളുടെ വിവാഹം തുടങ്ങി അക്കാലത്തു സാജൻ സംവിധാനം ചെയ്ത സിനിമകളിലൊക്കെ ടോണിയുടെ സാന്നിധ്യവും ഉണ്ടായിരുന്നു.മോഹൻലാൽ നായകനായി എത്തിയ സൂപ്പർഹിറ്റ് സിനിമ ഇരുപതാം നൂറ്റാണ്ടിൽ ടോണി ആന്റണിക്ക് ലഭിച്ച വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
എക്സൈസ് മന്ത്രിയായ സേതു എന്ന കഥാപാത്രത്തെയാണ് നടൻ അവതരിപ്പിച്ചത്. അംബിക അവതരിപ്പിച്ച അശ്വതി വർമ്മ എന്ന ജേർണലിസ്റ്റ് മോഹൻലാലിന്റെ കഥാപാത്രമായ ജാക്കിയെ പറ്റി ആദ്യം തിരക്കുന്നത് സേതുവിനോടാണ്. പ്രേക്ഷകരുടെ ഓർമ്മയിൽ ഇപ്പോഴും നിൽക്കുന്ന ഒരു കഥാപാത്രമായി അത് പിന്നീട് മാറി.

അബ്കാരി സിനിമയിലെ രാധാകൃഷ്ണൻ, ആര്യൻ സിനിമയിലെ വിശാൽ, ഒരു വടക്കൻ വീരഗാഥയിലെ ഉണ്ണികണ്ണൻ, മാനത്തെ കൊട്ടാരത്തിലെ സേവിച്ചൻ തുടങ്ങിയ അദ്ദേഹത്തിന്റെ ഒരുപാട് കഥാപാത്രങ്ങളും ശ്രദ്ധനേടി. ദാദ, മംഗലം വീട്ടിലെ മാനസേശ്വരി ഗുപ്ത, കല്യാൺജി ആനന്ദ്ജീ, പള്ളിവാതുക്കൽ തൊമ്മിച്ചൻ, അമ്മ അമ്മായിയമ്മ തുടങ്ങിയ സിനിമകളിലും ടോണി പിന്നീട് അഭിനയിച്ചു.
പ്രേക്ഷകരുടെ ഇഷ്ടം നേടിയ മാട്ടുപെട്ടി മച്ചാൻ സിനിമയിലെ രാജപ്പൻ എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. പല്ലാവൂർ ദേവനാരായണൻ, ദി ഗോഡ്മാൻ, കൃത്യം തുടങ്ങി നിരവധി സിനിമകളിലും നടൻ അഭിനയിച്ചു. നിരവധി ടെലിവിഷൻ സീരിയലുകളിലും നടൻ വേഷമിട്ടു. കഴിഞ്ഞ വർഷം ഇറങ്ങിയ മമ്മൂട്ടി നായകനായ പ്രീസ്റ്റ് എന്ന സിനിമയിലും ടോണി 40 വർഷങ്ങൾക്കിപ്പുറവും അഭിനയരംഗത്ത് സജീവമായി തുടരുന്ന ടോണി എത്തിയിരുന്നു.
            








