ഓരോ ദിവസം കഴിയും തോറും ബിഗ് ബോസ് മലയാളം സീസൺ 4 ഷോ സംഭവ ബഹുലമായി മുന്നോട്ട് പോവുകയാണ്. ബിഗ് ബോസ് അതിന്റെ രണ്ടാം ആഴ്ചയിലേയ്ക്ക് കടക്കുമ്പോൾ ഹൗസിനുള്ളിൽ ശക്തമായ പോരാട്ടമാണ് നടക്കുന്നത്. ഒരു മത്സരമായി കണ്ടാണ് എല്ലാവരും ഹൗസിൽ നിൽക്കുന്നത്. ഹെവി ടാസ്‌ക്കുകളാണ് ഇക്കുറി ബിഗ് ബോസ് മത്സരാർത്ഥികൾക്കായി നൽകിയിരിക്കുന്നത്.
തുടക്കത്തിൽ ഫിസിക്കൽ ഗെയിമാണ് അധികവും ഉൾപ്പെടുത്തിയിരിക്കുന്നത്. വാശിയേറി മത്സരങ്ങൾക്കിടയിലും മത്സരാർത്ഥികളെ കൂടുതൽ പരിചയപ്പെടുത്താൻ ബിഗ് ബോസ് അവസരം നൽകാറുണ്ട്. ഇതിനായി രസകരമായ ടാസ്‌ക്കാണ് നൽകാറുള്ളത്. ഈ ആഴ്ചയിൽ മത്സരാർത്ഥികൾക്ക് തങ്ങളുടെ ആദ്യ പ്രണയം തുറന്നു പറയാനുള്ള അവസരം നൽകിയിരിക്കുകയാണ് ബിഗ് ബോസ്.

ധന്യ, നവീൻ, അപർണ്ണ, നിമിഷ,അശ്വിൻ തുടങ്ങിയവർ തങ്ങളുടെ പ്രിയപ്പെട്ട പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു. താരങ്ങളുടെ പ്രണയ കഥ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്. ഇപ്പോഴിതാ എന്നും ഓർമയിൽ സൂക്ഷിക്കുന്ന പ്രണയകഥ വെളിപ്പെടുത്തുകയാണ് സുചിത്ര നായർ. ബ്രേക്കപ്പ് സ്റ്റോറിയായിരുന്നു വെളിപ്പെടുത്തിയത്.
വിവാഹം വരെ എത്തിയ പ്രണയ ബന്ധമായിരുന്നു അവസാനിപ്പിച്ചത്. വേറെ പ്രണയം ഉണ്ടായിട്ടുണ്ടെങ്കിലും ഇത് ഏറ്റവും സ്പെഷ്യൽ ആണെന്നാണ് താരം പറയുന്നത്. സുചിത്രയുടെ വാക്കുകൾ ഇങ്ങനെ:

ദേവി സീരിയൽ ചെയ്യുന്ന സമയത്തായിരുന്നു പുളളിയുമായി പ്രണയത്തിലാവുന്നത്. അദ്ദേഹം ഗ്രൂപ്പിൽ നിന്ന് എന്റെ നമ്പർ എടുത്ത് മെസേജ് അയക്കുകയായിരുന്നു. ആദ്യം പുള്ളിയുടെ ഇഷ്ടം തമാശയായിട്ടാണ് എടുത്തത്. എന്നാൽ പിന്നീട് വീട്ടിൽ വന്ന് ചോദിച്ചു. പക്ഷെ ഞങ്ങളുടെ ജാതകങ്ങൾ തമ്മിൽ ചേരില്ലായിരന്നു.
എന്നാൽ പുള്ളി അവിടെയുള്ള ഒരു ജോത്സ്യനെ കണ്ട് ചേരുന്ന രീതിയിൽ ജാതകമാക്കി. എന്നിട്ട് അമ്മയെ ജാതകം നോക്കാൻ അവിടേയ്ക്ക് കൊണ്ടു പോയി. ഏകദേശം എല്ലാം സെറ്റായതിന് ശേഷമായിരുന്നു ഞങ്ങൾ പ്രണയിച്ച് തുടങ്ങിയത്. എനിക്ക് ബുള്ളറ്റിൽ പോകാൻ വലിയ ഇഷ്ടമായിരുന്നു. പുള്ളിയോട ആഗ്രഹം പറഞ്ഞപ്പോൾ തന്നേയും കൊണ്ട് കൊല്ലത്ത് വരെ പോയി.

അന്ന് അവിടെ വെച്ചാണ് എന്ന് നിന്റെ മൊയ്തീൻ സിനിമ കണ്ടത്. കരഞ്ഞ് നിലവിളിച്ചാണ് ആ സിനിമ കണ്ട് തീർത്തത്. അപ്പോഴെ മനസ്സിൽ ഒരു വല്ലായ്മ തോന്നിയിരുന്നു എന്ന് സുചിത്ര ചിരിച്ച് കൊണ്ട് പറയുന്നു. പ്രണയത്തെ കുറിച്ച് പറഞ്ഞതിനോടൊപ്പം തന്നെ ബന്ധം പിരിയാനുണ്ടായ സാഹചര്യത്തെ കുറിച്ചും സുചിത്ര പറഞ്ഞു. സംശയമായിരുന്നു ബന്ധത്തിന് വില്ലനായത്.
പുള്ളിയ്ക്ക് താൻ ഈ ഫീൽഡിൽ നിൽക്കുന്നത് ഇഷ്ടമല്ലായിരുന്നു. അഭിനയം നിർത്തണമായിരുന്നു. അതുപോലെ തന്നെ സംശയവും തോന്നി തുടങ്ങി. തന്നെ ആരെങ്കിലും ഫോൺ വിളിച്ചാൽ സ്‌ക്രീൻ ഷോർട്ട് ഉൾപ്പെടെ അയച്ചു കൊടുക്കേണ്ട സാഹചര്യ വന്നു. തുടക്കത്തിലെ ഇങ്ങനെയൊരു പ്രശ്‌നം വന്നതോടെ ഈ ബന്ധം മുന്നോട്ട് കൊണ്ട് പോകുന്നത് നല്ലതല്ലെന്ന് തോന്നി. അങ്ങനെ ബന്ധം അവസാനിപ്പിക്കുകയായിരുന്നു എന്നും സുചിത്ര വെളിപ്പെടുത്തി.

എന്നാൽ ആളുടെ പേരോ മറ്റ് വിവരങ്ങളൊ താരം പറഞ്ഞില്ല. ഈ ലവ് സ്റ്റോറി പ്രേക്ഷകരുടെ ഇടയിൽ വൈറൽ ആയിട്ടുണ്ട്. ഏഷ്യനെറ്റിലെ സൂപ്പർ ഹിറ്റ് സീരിയൽ ആയിരുന്ന വാനമ്പാടി പരമ്പരയിലൂടെയാണ് സുചിത്ര നായർ പ്രേക്ഷകരുടെ പ്രിയങ്കരിയാവുന്നത്. പത്മിനി എന്ന നെഗറ്റീവ് കഥാപാത്രത്തെയാണ് താരം വാനമ്പാടിയിൽ അവതരിപ്പിച്ചത്.
            








