മലയാളത്തിൽ അരങ്ങേറിയ ശേഷം തെലുങ്കിലും തമിഴിലും കന്നടയിലും ബോളിവുഡിലും തിളങ്ങിയ നിരവധി നടിമാർ നമുക്കുണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് മലയാളത്തിന്റെ സ്വന്തം കീർത്തി സുരേഷ്. 2013ൽ പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ഗീതാഞ്ജലി’ എന്ന ചിത്രത്തിലൂടെയായിരുന്നു നായികയായുള്ള കീർത്തിയുടെ അരങ്ങേറ്റം. പ്രിയദർശന്റെ ആവശ്യപ്രകാരമാണ് കീർത്തി ഗീതാഞ്ജലിയിൽ നായികാ വേഷം ചെയ്തത്. ഗീതാഞ്ജലിക്ക് മുമ്പ് കുബേരൻ അടക്കമുള്ള സിനിമകളിൽ ബാലതാരമായി കീർത്തി അഭിനയിച്ചിട്ടുണ്ട്
കുബേരന് ശേഷം പഠനത്തിലായിരുന്നു കീർത്തിയുടെ ശ്രദ്ധ. ഫാഷൻ ഡിസൈനിൽ ബിരുദവും നേടിയ അഭിനേത്രി കൂടിയാണ് കീർത്തി. ഗീതാഞ്ജലിക്ക് ശേഷം റിങ് മാസ്റ്റർ, ഡർബോനി എന്നീ മലയാളം ചിത്രങ്ങളിലും കീർത്തി അഭിനയിക്കുകയുണ്ടായി. പക്ഷേ മലയാളസിനിമകളിൽ വേണ്ടത്ര തിളങ്ങാനായില്ല. ഇതോടെയാണ് തമിഴ്, തെലുങ്ക് സിനിമകളിലേക്ക് കൂടുവിട്ട് കൂടുമാറിയത്. ഇത് എന്ന മായം, രജനി മുരുഗൻ, തൊടരി, റെമോ, ഭൈരവാ, പാമ്പുസട്ടൈ, നടിഗർ തിലകം, താനാ സേർന്ത കൂട്ടം, സീമ രാജ, സാമി സ്‌ക്വയർ, സണ്ടക്കോഴി 2, സർക്കാർ തുടങ്ങിയ തമിഴ് ചിത്രങ്ങളിൽ കീർത്തിയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു.
ALSO READ
ശേഷം സൂപ്പർ താരങ്ങൾക്കൊപ്പം വരെ കീർത്തി നായികയായി അഭിനയിച്ചുവെങ്കിലും എല്ലാം പരാജയമായിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ സർക്കാരുവാരി പേട്ടയിലും കീർത്തിക്ക് വേണ്ടത്ര ശോഭിക്കാൻ കഴിയാതെ പോയതിനാൽ സിനിമാ പ്രേക്ഷകരെല്ലാം കീർത്തിയുടെ സ്‌ക്രിപ്റ്റ് സെലക്ഷനെ പരിഹസിക്കുകയാണ്. കഴിവുള്ള നടിയായിരുന്നിട്ടും മോശം തിരക്കഥകളും കഥാപാത്രങ്ങളും ചെയ്ത് പ്രേക്ഷകരുടെ വെറുപ്പ് സമ്പാദിക്കുന്നുവെന്നാണ് കീർത്തിയെ കുറിച്ച് വരുന്ന കമന്റുകൾ. സർക്കാരുവാരി പേട്ടയിൽ നടൻ മഹേഷ് ബാബുവിന്റെ നായക കഥാപാത്രത്തെ ചതിക്കുന്ന ഒരു ചൂതാട്ടകാരിയുടെ വേഷമാണ് കീർത്തി സുരേഷ് അവതരിപ്പിച്ചത്.
രണ്ടാം പകുതിയിൽ പോലും കീർത്തിയുടെ കഥാപാത്രം അരോചകമായിരുന്നുവെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. സിനിമയിലെ കീർത്തിയുടെ കഥാപാത്രം കുടുംബപ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന തരത്തിലുള്ളതല്ലെന്നും അതിനാൽ ഇനി മുതൽ നടിക്ക് പേക്ഷക പിന്തുണ കുറയാൻ സാധ്യതയുണ്ടെന്നും ആരാധകരും സിനിമാപ്രേമികളും സോഷ്യൽമീഡിയയിൽ കുറിച്ചു. സർക്കാരുവാരി പേട്ടയിൽ കലാവതി എന്ന കഥാപാത്രത്തെയാണ് കീർത്തി അവതരിപ്പിച്ചത്. മഹേഷ് ബാബുവിന്റെ കഥാപാത്രത്തെ ചതിയിൽപ്പെടുത്തി പണം തട്ടുന്ന പെൺകുട്ടിയാണ് ചിത്രത്തിൽ കീർത്തിയുടെ കലാവതി. കഴിഞ്ഞ വർഷം രജനികാന്തിന്റെ അണ്ണാത്തയിലെ അനിയത്തി വേഷം ചെയ്യുമ്പോൾ കീർത്തിയുടെ അഭിനയത്തിൽ വന്ന അമിത വികാര പ്രകടനം ട്രോളുകൾക്ക് കാരണമായിരുന്നു.
ALSO READ
വേണ്ടത്ര വിജയം നേടാൻ സർക്കാരുവാരി പേട്ടയ്ക്കായില്ലെങ്കിൽ കീർത്തിയുടെ അഭിനയത്തെ മഹേഷ് ബാബു ആരാധകർ കുറ്റപ്പെടുത്താനും സാധ്യതയുണ്ട്. അതേസമയം ഒരിടവേളയ്ക്ക് ശേഷം കീർത്തി സുരേഷ് മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്ന വാശി എന്ന സിനിമ അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുകയാണ്.
യുവ നടൻ വിഷ്ണു.ജി.രാഘവ് തിരക്കഥ എഴുതി സംവിധാനം ചെയ്ത വാശിയിൽ ടൊവിനോ തോമസാണ് നായകൻ. രേവതി കലാമന്ദിറിന്റെ ബാനറിൽ കീർത്തിയുടെ അച്ഛനും നിർമ്മാതാവുമായ ജി.സുരേഷ് കുമാറാണ് ചിത്രത്തിന്റെ നിർമ്മാണം നിർവ്വഹിയ്ക്കുന്നത്.