മലയാള സിനിമയിൽ ചെറിയ വേഷങ്ങളിലൂടേയും കോമഡി റോളുകളിലൂടെയും ശ്രദ്ധേയനായ താരമാണ് ബാലു വർഗീസ്. ബാലതാരമായും സഹനടനായും തിളങ്ങിയ ശേഷമാണ് നായകനടനായും ബാലു മാറിയത്. അടുത്തിടെ ഓപ്പറേഷൻ ജാവ എന്ന ചിത്രം നടന്റെതായി വലിയ വിജയം നേടിയിരുന്നു.
ഇപ്പോഴിതാ തനിക്ക് കുഞ്ഞു പിറന്ന സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് ബാലു വർഗീസ്.
കഴിഞ്ഞ വർഷം ഫെബ്രുവരി 2നാണ്  നടി എലീനയുമായുളള ബാലു വർഗീസിന്റെ വിവാഹം നടന്നത്. വിജയ് സൂപ്പറും പൗർണമിയും എന്ന ചിത്രത്തിൽ ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു. 
എലീന ഗർഭിണിയായ സന്തോഷവും ബാലു മുൻപ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. എലീനയ്ക്കൊപ്പമുളള ബാലുവർഗീസിന്റെ ചിത്രങ്ങൾ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
പ്രസവം അടുത്ത സമയത്ത് എലീനയുടെ ബേബി ഷവർ പാർട്ടിയും സുഹൃത്തുക്കൾക്കൊപ്പം ബാലു നടത്തി. 

അന്ന് ആസിഫ് അലി, അർജുൻ അശോകൻ ഉൾപ്പെടെയുളള ബാലുവിന്റെ സുഹൃത്തുക്കളും പങ്കെടുത്തു. ഇപ്പോഴിതാ എലീന ഒരു ആൺകുഞ്ഞിന് ജന്മം നൽകിയ സന്തോഷവും പങ്കുവെച്ചിരിക്കുകയാണ് ബാലു വർഗീസ്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്നും ഇൻസ്റ്റ സ്റ്റോറിയിലൂടെ ബാലു അറിയിച്ചു.
ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ വിവാഹിതരായവരാണ് ബാലുവും എലീനയും. നടനും സംവിധായകനും നിർമ്മാതാവുമായ ലാലിന്റെ (സിദ്ധീഖ്‌ലാൽ) സഹോദരി പുത്രനാണ് ബാലു വർഗീസ്.
ലാൽജോസ് സംവിധാനം ചെയ്ത ചാന്തുപൊട്ട് എന്ന ചിത്രത്തിലൂടെയായിരുന്നു ബാലു വർഗീസിന്റെ സിനിമാ അരങ്ങേറ്റം. 

തുടർന്ന് മാണിക്ക്യകല്ല്, ഹണിബീ, കിംഗ് ലയർ പോലുളള ചിത്രങ്ങൾ നടന്റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടു. ചങ്ക്സ് എന്ന ചിത്രത്തിലൂടെയായിരുന്നു ബാലു നായകനായത്. സിനിമ തിയ്യേറ്ററുകളിൽ വലിയ വിജയം നേടിയിരുന്നു. Tസുനാമി എന്ന ചിത്രമാണ് ബാലു വർഗീസിന്റെതായി എറ്റവുമൊടുവിൽ പുറത്തിറങ്ങിയത്.
            








