മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി നായകനായി പത്തു വർഷം മുൻപ് റിലീസ് ചെയ്തചിത്രമാണ് ബെസ്റ്റ് ആക്ടർ. പ്രശസ്ത സംവിധായകനായ മാർട്ടിൻ പ്രക്കാട്ട് തന്റെ അരങ്ങേറ്റം കുറിച്ച ചിത്രമായിരുന്നു അത്. സിനിമക്കുള്ളിലെ സിനിമയുടെ കഥ പറഞ്ഞ ആ ചിത്രത്തിൽ അഭിനയ മോഹവുമായി നടക്കുന്ന ഒരധ്യാപകനായാണ് മമ്മൂട്ടി അഭിനയിച്ചത്.
മലയാളി പ്രേക്ഷകർ സ്വീകരിച്ച ഒരു ചിത്രം കൂടിയായിരുന്നു ബെസ്റ്റ് ആക്ടർ. എന്നാൽ മമ്മൂട്ടിക്ക് ഇഷ്ട്ടപെട്ട ഈ കഥയുമായി താൻ ഏറെ നിർമ്മാതാക്കളെ സമീപിച്ചിരുന്നു എന്നും അവർക്കൊന്നും ഇതിന്റെ കഥയിൽ വിശ്വാസം വന്നില്ല എന്നുമാണ് മാർട്ടിൻ പ്രക്കാട്ട് പറയുന്നത്. ഈ കഥയുമായി നിർമ്മാതാക്കളെ സമീപിച്ചപ്പോൾ അവരെല്ലാം തന്നെ മടക്കിയയക്കുകയായിരുന്നു എന്ന് മാർട്ടിൻ വെളിപ്പെടുത്തി.
കഥ പറയുമ്പോൾ എന്ന ചിത്രത്തിൽ മമ്മൂട്ടിയെത്തിയത് സൂപ്പർസ്റ്റാറായാണ് എന്നും ഈ സിനിമയിലൂടെ ചാൻസ് ചോദിച്ചുവരുന്ന ഒരു കഥാപാത്രമായി മമ്മൂട്ടിയെത്തിയാൽ പ്രേക്ഷകർ സ്വീകരിക്കുമോ എന്നുമായിരുന്നു പലരും ഈ ചിത്രമൊഴിവാക്കാൻ കാരണമെന്നാണ് മാർട്ടിൻ പറയുന്നത്.
ഒടുവിൽ നൗഷാദ് നിർമാതാവായി എത്തി എന്നും, ബജറ്റിൽ ഒരു ലിമിറ്റേഷനും വെക്കാതെ തുടക്കക്കാരനായ തനിക്കു പ്രേക്ഷകരെ രസിപ്പിക്കുന്ന രീതിയിൽ സിനിമയെടുക്കാൻ അദ്ദേഹം അനുവാദം തന്നു എന്നതും മാർട്ടിൻ എടുത്തു പറയുന്നു. മാതൃഭൂമി സ്റ്റാർ ആൻഡ് സ്‌റ്റൈൽ മാഗസിന് കൊടുത്ത അഭിമുഖത്തിലാണ് മാർട്ടിൻ പ്രക്കാട്ട് ഈ തുറന്നു പറച്ചിൽ നടത്തിയത്.
ബെസ്റ്റ് ആക്ടറിന് ശേഷം ദുൽഖറിനെ നായകനാക്കി എബിസിഡി, ചാർളി എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത മാർട്ടിൻ ഇപ്പോൾ കുഞ്ചാക്കോ ബോബൻ നായകനായ പുതിയ ചിത്രമൊരുക്കുന്ന തിരക്കിലാണ്.
            








