അന്ന് മുതൽവൻ സിനിമയിൽ വിജയ് അഭിനയിക്കാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തി ഷങ്കർ

121

തമിഴകത്തിന്റെ സൂപ്പർ സംവിധായകൻ ഷങ്കറിന്റെ സംവിധാനത്തിൽ, ആക്ഷൻ കിങ് അർജ്ജുൻ, ബോളിവുഡ് താരസുന്ദരി മനീഷ കൊയ്രാള, എന്നിവരെ നായികാനായകൻമാരാക്കി 1999 ൽ പുറത്തിറങ്ങിയ ശ്രദ്ധേയ തമിഴ് ചിത്രമായിരുന്നു മുതൽവൻ. കേരളത്തിലടക്കം തെന്നിന്ത്യയിൽ ആകെ സൂപ്പർ വിജയമായി മാറിയ മുതൽവനിലെ നായക കഥാപാത്രം അവതരിപ്പിക്കാൻ സംവിധായകൻ ഷങ്കർ ആദ്യം മനസ്സിൽ കണ്ടിരുന്നത് ദളപതി വിജയിയെ ആയിരുന്നു.

എന്നാൽ ഷങ്കറിന്റെ ആഗ്രഹം നടക്കാതെ വരികയും, പിന്നീട് അർജ്ജുനെ അഭിനയിപ്പിച്ച് ഷങ്കർ ചിത്രം പുറത്തിറക്കുകയുമായിരുന്നു. ഇപ്പോഴിതാ മുതൽവൻ സിനിമയിൽ വിജയ് അഭിനയിക്കാതിരുന്നതിന് പിന്നിലെ കാരണം സംവിധായകൻ ഷങ്കർ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്.

Advertisements

സിനിമയുടെ തിരക്കഥയുമായ് ഷങ്കർ വിജയിയുടെ അച്ഛനും, പ്രശസ്ത സംവിധായകനുമായിരുന്ന എസ്എ ചന്ദ്രശേഖറിനെ ചെന്നുകാണ്ട് മുതൽവന്റെ കഥ പറഞ്ഞിരുന്നു. കഥയും തിരക്കഥയും വിജയിയ്ക്കും അച്ഛനുമടക്കം എല്ലാവർക്കം ഇഷ്ടമാവുകയും ചെയ്തു.

എന്നാൽ സിനിമയുടെ ചിത്രീകരണത്തിനായ് ഷങ്കർ ആവശ്യപ്പെട്ട ദിവസങ്ങൾ കൂടുതലാണെന്നും, അത്രയധികം ദിവസം ഒരു ചിത്രത്തിന് വേണ്ടി മാത്രമായ് നീക്കിവെച്ചാൽ, വിജയ് അഭിനയിച്ചുകൊണ്ടിരുന്ന മറ്റ് ചിത്രങ്ങളെ അത് ബാധിക്കുമെന്നതിനാൽ അന്ന് ഇരുകൂട്ടരും ഒരു വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതെ തെറ്റിപ്പിരിയുകയായിരുന്നു.

പക്ഷേ മുതൽവൻ എന്ന ചിത്രത്തിൽ അഭിനയിക്കാനുള്ള അവസരം വിജയിയ്ക്ക് നഷ്ടമായെങ്കിലും, പിന്നീട്, ആമിർ ഖാൻ നായകനായ ത്രീ ഇഡിയറ്റ്‌സ് എന്ന ബോളിവുഡ് ചിത്രം നൻപൻ എന്ന പേരിൽ ഷങ്കർ തമിഴിൽ ഒരുക്കിയപ്പോൾ വിജയ് അതിൽ നായകനായിരുന്നു.

അതേ സമയം അർജുനെ നായകനാക്കി ഷങ്കർ മുതൽവൻ ഒരുക്കിയപ്പോൾ അത് ഒരു സർവ്വകാല ഹിറ്റായി മാറി. അഴിമതിക്കെതിരെ പോരാടുന്ന സത്യസന്ധനായ പത്രപ്രവർത്തകനിൽ നിന്നും, തമിഴ്നാട് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തപ്പെടുന്ന പുകഴ് എന്ന കഥാപാത്രമായാണ് അർജ്ജുൻ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.

ചിത്രത്തിലെ രഘുവരൻ അവതരിപ്പിച്ച മുഖ്യമന്ത്രിയുടെ വില്ലൻ കഥാപാത്രവും, എആർറഹ്മാൻ സംഗീതം നിർവഹിച്ച ഗാനങ്ങളും ഏറെ പ്രേക്ഷപ്രീതി നേടിയിരുന്നു. ഇപ്പോൾ സംവിധാനം ചെയ്തുകൊണ്ടിരിക്കുന്ന കമൽ ഹാസൻ ചിത്രം ഇന്ത്യൻ 2 വിന് ശേഷം, ഷങ്കർ അടുത്തതായ് വിജയിയെ നായകനാക്കി മുതൽവൻ രണ്ടാം ഭാഗം ഒരുക്കും എന്നതരത്തിലുള്ള വാർത്തകൾ പുറത്തുവരുന്നുണ്ട്.

ഇതിനിടയിലാണ് ഷങ്കർ പഴയകാര്യങ്ങൾ തുറന്ന് പറഞ്ഞത് എന്നത് ശ്രദ്ധേയമാണ്. വിജയ് ഷങ്കർ കൂട്ടുകെട്ടിൽ മുതൽവൻ 2 സംഭവിച്ചാൽ അത് ഒരു ചരിത്രമായി മാറും. ആദ്യം ഭാഗം നിരസിച്ച നായകൻ രണ്ടാം ഭാഗത്തിൽ നായകനാകുന്നത് സിനിമാ ചരിത്രത്തിൽ തന്നെ ആദ്യമാകും.

മുതൽവൻ 2 ൽ ഒന്നാം ഭാഗത്തിൽ അർജുൻ അവതരിപ്പിന്ന കഥാപാത്രത്തിന്റെ മകൻ ആയിരിക്കും നായകൻ എന്നാണ് സൂചന. ആ കഥാപാത്രമായിട്ടായിരിക്കും വിജയ് സിനിമയിലെത്തുക. അർജുനും മുതൽവൻ 2 ൽ ഉണ്ടാവും എന്നാണ് സൂചന.

നിലവിൽ, കോവിഡ് പ്രതിസന്ധിയിൽ നീട്ടിവെച്ചിരിക്കുന്ന ‘മാസ്റ്റർ’ എന്ന ചിത്രത്തിന്റെ റിലീസിന് കാത്തിരിക്കുകയാണ് വിജയ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ, നടൻ വിജയ് സേതുപതിയും ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ചിത്രം അടുത്തവർഷം പൊങ്കൽ റിലീസായി ഇറക്കാനുള്ള തയ്യാറെടുപ്പിലാണ് ടീം എന്നാണ് അറിയുന്നത്.

Advertisement