സിനിമലോകത്ത് മീ ടുവിന്റെ കാലമാണ് പൊടിപൊടിച്ചുകൊണ്ടിരിക്കുന്നത്. പലരും വർഷങ്ങൾ പഴക്കമുള്ള ആരോപണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. ഇത് മീ ടുവിന്റെ വിശ്വാസ്യതയ്ക്ക് ചെറിയതോതിൽ പരിക്കുമേൽപിച്ചിരുന്നു. തമിഴ് നടിയും ബിഗ്ബോസ് താരവുമായിരുന്ന യാഷിക ആനന്ദും വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരുന്നു.
തമിഴിൽ പുറത്തിറങ്ങിയ അഡൾട് കോമഡി ഹൊറർ ചിത്രം ഇരുട്ട് അറയിൽ മുരട്ട് കുത്തിലെ നായികയായിരുന്നു യാഷിക. നടി പറയുന്നതിങ്ങനെ:

ഞാൻ പറയുന്നത് ഒരു പ്രമുഖ സംവിധായകനെ കുറിച്ചാണ്. ഇൻഡസ്ട്രിയിലെ ഒരു പ്രമുഖ നടൻ സ്വന്തം അച്ഛനെപ്പോലെയാണ് ഈ സംവിധായകനെ കാണുന്നത്. സംവിധായകന്റെ പേര് പറയാൻ ഞാൻ താത്പര്യപ്പെടുന്നില്ല.
ഓഡീഷന് വേണ്ടിയാണ് അയാളുടെ അടുത്തു ചെന്നത്. അപ്പോൾ എന്നോട് പുറത്ത് നിൽക്കാൻ ആവശ്യപ്പെട്ട് എന്റെ അമ്മയെ അകത്തേക്ക് വിളിപ്പിച്ചു. എനിക്ക് സിനിമയിൽ അവസരം ലഭിക്കണമെങ്കിൽ ഞാൻ അയാൾക്കൊപ്പം കിടക്കാൻ തയ്യാറാകണമെന്നാണ് അയാൾ എന്റെ അമ്മയോട് പറഞ്ഞത്.

ഇൻഡസ്ട്രിയിൽ ഒരു താരമാകാൻ എന്തിനാണ് ഇത്തരം കാര്യങ്ങളിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുന്നതെന്നായിരുന്നു ഈ സംഭവം നടന്നപ്പോൾ ഞാൻ ആദ്യം ചിന്തിച്ചത്. ഇതുപോലുള്ള ഒരുപാട് സംഭവങ്ങൾ നടക്കുന്നുണ്ട്.

ഇപ്പോൾ എല്ലാവരും ഇതിനെതിരേ പ്രതികരിക്കുകയാണ്. അതിൽ സന്തോഷമുണ്ട് യാഷിക പറഞ്ഞു. അയാളെന്നെ പീഡിപ്പിക്കുകയോ ഉപദ്രവിക്കുകയോ ഒന്നും ചെയ്തില്ല. അയാളുടെ താല്പര്യം തുറന്നു പറയുക മാത്രമാണ് ചെയ്തത്. അതുകൊണ്ടാണ് അന്ന് പരാതി നൽകാതിരുന്നത്.









