ഒന്നാം ഭാഗത്തിനേക്കാൾ മികച്ചതാണെന്ന അഭിപ്രായം നേടി മുന്നേറുകയാണ് ദൃശ്യത്തിന്റെ രണ്ടാം ഭാഗമായ ദൃശ്യം 2. ഒരു മലയാള സിനിമ ആദ്യമായി 50 കോടി നേടിയ ചരിത്രം കുറിച്ച് ദൃശ്യം ആദ്യ ഭാഗം മലയാള സിനിമയുടെ ഗതി തന്നെ മാറ്റിയിരുന്നു. അതുകൊണ്ട് തന്നെ വർഷങ്ങൾക്ക് ശേഷം രണ്ടാം ഭാഗം എത്തുമ്പോൾ പ്രേക്ഷകർക്കും അണിയറ പ്രവർത്തകർക്കും ആശങ്കകളും സ്വാഭാവികമായിരുന്നു.
എന്നാൽ എല്ലാ സംശയങ്ങളേയും അതിജീവിച്ച് ചിത്രം വൻ വിജയമായി മാറിയിരിക്കുകയാണ്. ജീത്തു ജോസഫ് എന്ന സംവിധായകന്റെ ബ്രില്യൻസിന് സോഷ്യൽ മീഡിയ കൈയ്യടിക്കുകയാണ്. ആദ്യ ഭാഗത്തിൽ പ്രധാന വേഷത്തിലെത്തിയ താരമായിരുന്നു ആശാ ശരത്ത്. മകന്റെ തിരോധാനം അന്വേഷിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥയായ ഗീത പ്രഭാകറിനെയാണ് ആശ അവതരിപ്പിച്ചത്.

രണ്ടാം ഭാഗത്തിലും ആശ ശരത്തുണ്ട്. ശക്തായ പ്രകടനമാണ് രണ്ട് ചിത്രത്തിലും ആശ കാഴ്ചവച്ചത്. ഇപ്പോഴിതാ ആശാ ശരത്ത് സോഷ്യൽ മീഡിയയിൽ പങ്കുവച്ചൊരു വീഡിയോ ആരാധകരുടെ ശ്രദ്ധ കവരുകയാണ്. ദൃശ്യം 2 കണ്ട ഒരു അമ്മയുടെ പ്രതികരണമാണ് ആശ ശരത്ത് പങ്കുവച്ചിരിക്കുന്നത്. രസകരമായ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.
ഇത് ആശയുടേയും ശ്രദ്ധയിൽ പെടുകയായിരുന്നു. മനുഷ്യനെ ടെൻഷൻ അടിപ്പിക്കുന്ന സിനിമ എന്നാണ് വീഡിയോയിൽ ആ അമ്മ ചിത്രത്തെ കുറിച്ച് പറയുന്നത്. സിനിമ കണ്ട ആരാധകരും അതു തന്നെയാണ് പറയുന്നത്. മനുഷ്യനെ ടെൻഷൻ അടിപ്പിക്കുന്ന സിനിമ. ഹോ ആ ഡാൻസുകാരത്തി അവൾക്ക് ഒരെണ്ണം കൊടുക്കാനാ തോന്നിയത്. എന്താ അവളുടെ പേര്, ആ ആശ ശരത്ത്.

ഹോ അവൾ. അവളുടെ ഭർത്താവ് പാവമാണ്. ഹോ മനുഷ്യനെ ടെൻഷൻ അടിപ്പിക്കുന്ന സിനിമ എന്നായിരുന്നു ദൃശ്യം 2വിനെ കുറിച്ചുള്ള വൈറൽ വീഡിയോയിലെ സ്ത്രീയുടെ വിലയിരുത്തൽ. ഈ വീഡിയോയാണ് ആശ പങ്കുവച്ചിരിക്കുന്നത്. പുറത്തിറങ്ങിയാൽ ജോർജുകുട്ടി ഫാൻസിന്റെ അടികിട്ടുമോ ആവോ എന്നാണ് വീഡിയോ പങ്കുവച്ചു കൊണ്ട് ആശ ശരത്ത് ചോദിക്കുന്നത്.
ആശയുടെ പോസ്റ്റും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ചിത്രത്തിൽ ഗീത പ്രഭാകർ പോലീസ് സ്റ്റേഷനിൽ വച്ച് ജോർജുകുട്ടിയുടെ മുഖത്ത് അടിക്കുന്ന രംഗമുണ്ട്. ഈ രംഗത്തേക്കുറിച്ചാണ് വീഡിയോയിലെ സ്ത്രീ സംസാരിക്കുന്നത്. സോഷ്യൽ മീഡിയയിലും ചർച്ചയായ രംഗമാണിത്. ലൈല എന്ന വീട്ടമ്മയാണ് വീഡിയോയിലുള്ളത്.

ഇവരുടെ മകൻ മാത്യുവാണ് വീഡിയോ പകർത്തിയത് ഭർത്താവ് ജിജിയും ഒപ്പമുണ്ട്. രസകരമായ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്. ദൃശ്യം 2 എന്തുകൊണ്ട് ഇത്ര ഉദ്വേഗജനകമായ സിനിമയായി മാറുന്നുവെന്നതിന്റെ തെളിവാണ് ഈ വീഡിയോ എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.









