മലയാളത്തിന്റെ കുഞ്ഞിക്ക ദുൽഖർ സൽമാനെ നായകനാക്കി ജോയ് മാത്യുവിന്റെ സംവിധാനത്തിൽ ത്രില്ലർ ചലച്ചിത്രം വരുന്നു. അടുത്ത വർഷം സിനിമയുടെ ചിത്രീകരണം തുടങ്ങും. ഇത് തന്റെ മറ്റ് സിനിമകളെ പോലെ സമകാലിക കാലഘട്ടത്തിലെ വിഷയത്തെ ആസ്പദമാക്കിയുള്ള ഒരു ത്രില്ലറാണെന്ന് ജോയ് മാത്യു വ്യക്തമാക്കി.
നമ്മൾ ഇപ്പോൾ അഭിമുഖീകരിക്കുന്ന യാഥാർത്ഥ്യത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രമാകുമിത്. സിനിമയിലെ ദുൽഖറിന്റെ കഥാപാത്രത്തെക്കുറിച്ച് അധികം വെളിപ്പെടുത്താൻ തയ്യാറായില്ലെങ്കിലും ഈ കഥാപാത്രം ഏറെ വെല്ലുവിളി നിറഞ്ഞതായിരിക്കും എന്ന് സംവിധായകൻ വെളിപ്പെടുത്തി.

ഒരു നടൻ എന്ന നിലയിൽ ദുൽഖറിന് തൻറെ വ്യക്തിമുദ്ര പതിപ്പിക്കാൻ സാധിക്കുമെന്നും ജോയ് മാത്യു പറഞ്ഞു. മലയാള സിനിമാ മേഖലയിൽ താരങ്ങൾ ഒരുപാടുണ്ടെങ്കിലും നല്ല പ്രകടനങ്ങൾ കുറവാണെന്നും അദ്ദേഹം പറഞ്ഞു. ദുൽഖറിനു പുറമേ സൗണ്ട് ഡിസൈനർ രംഗനാഥ് രവി, എഡിറ്റർ ഷമീർ മുഹമ്മദ് എന്നിവരെ മാത്രമേ ഇതുവരെ സിനിമയുടെ ഭാഗമായി സ്ഥിരീകരിച്ചിട്ടുള്ളൂവെന്ന് ജോയ് മാത്യു വംയക്തമാക്കി.

അടുത്ത ജനുവരിയിലോ ഫെബ്രുവരിയിലോ ചിത്രീകരണം ആരംഭിക്കുന്ന സിനിമയിലെ മറ്റ് അഭിനേതാക്കളുടെയും അണിയറപ്രവർത്തകരുടെയും അന്തിമരൂപം ആയി വരുന്നേയുള്ളൂ. സിനിമയുടെ ഇതിവൃത്തം കേരളത്തിലാണെങ്കിലും മറ്റ് സംസ്ഥാനങ്ങളും ലൊക്കേഷനായിരിക്കുമെന്നും ജോയ് മാത്യു പറഞ്ഞു.

മമ്മൂട്ടിയെ നായകനായ അങ്കിൾ എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയത് നടനും സംവിധായകനുമായ ജോയ് മാത്യു ആയിരുന്നു. ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന കുറുപ്പ് എന്ന ചിത്രത്തിലാണ് ദുൽഖർ ഇപ്പോൾ അഭിനയിക്കുന്നത്. ദുൽഖർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന കുറുപ്പിൻറെ ഷൂട്ടിങ് സെപ്റ്റംബറിലാണ് ആരംഭിച്ചത്. ദുൽഖറിന്റെ ആദ്യ ചിത്രമായ സെക്കൻഡ് ഷോ സംവിധാനം ചെയ്തത് ശ്രീനാഥ് രാജേന്ദ്രനാണ്. വേഫെയറർ ഫിലിംസിൻറെയും എം സ്റ്റാർ ഫിലിംസിൻറെയും ബാനറിൽ ദുൽഖർ തന്നെയാണ് ചിത്രം നിർമിക്കുന്നത്.









