ആരാധികമാരേറെയുള്ള തെന്നിന്ത്യൻ താരം ആര്യയെ അല്ലാതെ മറ്റാരെയും വിവാഹം കഴിക്കില്ലെന്ന കഠിന ശപഥവുമായി റിയാലിറ്റി ഷോ താരം. ടെലിവിഷൻ റിയാലിറ്റി ഷോയിൽ നിന്നു സിനിമയിലേക്ക് നായികയായി അരങ്ങേറ്റം കുറിക്കുന്ന അബർനദിയാണ് ആര്യയെ അല്ലാതെ മാറ്റാരെയും വിവാഹം കഴിക്കില്ലെന്നു ഉറപ്പിച്ചു പറയുന്നത്.

ആര്യയുടെ ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാൻ സംഘടിപ്പിച്ച എങ്ക വീട്ടു മാപ്പിളൈ എന്ന റിയാലിറ്റി ഷോയിലെ താരമായിരുന്നു അബർനദി. ആരെയും വിവാഹം കഴിക്കാതെ ആര്യ ഒഴിഞ്ഞുമാറിയതോടെ എങ്ക വീട്ടു മാപ്പിളൈ വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. എന്നാൽ ഷോ അവസാനിച്ചു ഏറെയായിട്ടും അബർനദി ആര്യയെ പ്രണയിച്ചുകൊണ്ടേയിരിക്കുകയാണ്.

റിയാലിറ്റി ഷോയിലെ വിജയസാധ്യത ഏറെയുള്ള ആളായിരുന്നു കുംഭകോണം സ്വദേശിയായ അബർനദി. മത്സരാർഥികളിൽ ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചതും ഇവർക്കായിരുന്നു. എന്നാൽ അവസാനഘട്ടത്തിൽ അബർനദി പുറത്തായി. ഷോയിൽ നിന്നു ആരെയും കല്യാണം കഴിക്കാതെ ആര്യ പോയതു വിവാദങ്ങൾക്കിടയാക്കിയിരുന്നു. ഷോയിൽ നിന്നു ഔട്ടായിട്ടും ആര്യയെ മാത്രമേ വിവാഹം ചെയ്യൂവെന്നു അബർനദി പറഞ്ഞിരുന്നു.

ഇതിനിടയിൽ അബർനദി സിനിമയിൽ അരങ്ങേറ്റം കുറിക്കുകയും ചെയ്തു. വസന്തബാലൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജി.വി.പ്രകാശിന്‍റെ നായികാവേഷത്തിലാണ് അബർനദി അഭിനയിക്കുന്നത്. പുതിയ സിനിമയെക്കുറിച്ച് ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ ഇന്‍റർവ്യൂവിലാണ് ആര്യയെ മാത്രമേ വിവാഹം കഴിക്കുവെന്നു വീണ്ടും ഇവർ വ്യക്തമാക്കിയിരിക്കുന്നത്.

ആദ്യമൊക്കെ ഈ ചിന്തയിൽ മാറ്റം വരുമെന്നാണ് എല്ലാവരും അബർനദിയെ ഉപദേശിച്ചിരുന്നത്. എന്നാൽ നാളുകൾക്കിപ്പുറവും ആര്യയെ മാത്രമേ വിവാഹം ചെയ്യൂവെന്നു അബർനദി പറയുകയാണ്. ആര്യയെ കല്യാണം കഴിക്കാൻ പറ്റിയില്ലെങ്കിൽ വേറെ വിവാഹമില്ല. ഇപ്പോൾ സിനിമയിലാണ് ശ്രദ്ധ മുഴുവനും. ജോലിക്കാണ് ഞാനിപ്പോൾ പ്രധാന്യം നൽകിയിരിക്കുന്നത്. വിവാഹം അല്ലാതെ ജീവിതത്തിൽ മറ്റു വലിയ കാര്യങ്ങളുണ്ട്. അതൊക്കെ ചെയ്തു തീർക്കണമെന്നും അബർനദി.









