മലയാളത്തിലും തെലുങ്കിലും വിജയം ആവര്‍ത്തിച്ച ദൃശ്യം 2വിന്റെ ഹിന്ദി പതിപ്പും തീയേറ്ററില്‍ റിലീസായി വലിയ വിജയമായിരിക്കുകയാണ്. ബോക്‌സ് ഓഫീസില്‍ വലിയ കുതിപ്പ് നടത്തുന്ന ചിത്രം വൈകാതെ തന്നെ 100 കോടി ക്ലബിലെത്തുമെന്നാണ് പ്രവചിക്കപ്പെടുന്നത്.
ഇതിനിടെ സിനിമയുടെ റീമേക്കിനെ കുറിച്ച് സംസാരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ അഭിഷേക് പഥക്. ദൃശ്യം 2 രണ്ടാം ഭാഗം ഒടിടി റിലീസ് ആകുന്നതിന് മുന്‍പ് തന്നെ സിനിമയുടെ റീമേക്ക് അവകാശം സ്വന്തമാക്കിയിരുന്നു എന്നാണ് ഹിന്ദി പതിപ്പ് സംവിധായകന്‍ പറയുന്നത്.
സിനിമ കണ്ട് ഇഷ്ടപ്പെട്ടപ്പോള്‍ തന്നെ റീമേക്ക് അവകാശം സ്വന്തമാക്കുകയായിരുന്നു. പിന്നീട് കഥയും തിക്കഥയും വികസിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഏത് സിനിമ ആയാലും ഫ്രെയിം ടു ഫ്രെയിം റീമേക്ക് ചെയ്യുന്നതില്‍ അര്‍ത്ഥമില്ല. അങ്ങനെ ചെയ്താല്‍ സംവിധായകനെന്ന നിലയില്‍ ഒന്നും ചെയ്യാനാകില്ല.
വേണ്ടത് പ്രേക്ഷകരുടെ കാഴ്ചയിലേക്ക് സിനിമയെ കൊണ്ടുവരികയാണ്. സിനിമ റീമേക്ക് ആകുമ്പോള്‍ പ്രേക്ഷകര്‍ ചര്‍ച്ച ചെയ്യും. ഇത് വാമൊഴിയായി പ്രചരിക്കുകയും പ്രേക്ഷകരെ കുറയ്ക്കുകയും ചെയ്യാന്‍ സാധ്യതയുണ്ടെന്നും അഭിഷേക് കൂട്ടിച്ചേര്‍ത്തു.
പൊതുവില്‍ റീമേക്കിനായി ഒരു സ്‌ക്രിപ്റ്റ് റീ റൈറ്റ് ചെയ്യുമ്പോള്‍ മാറ്റാന്‍ ആഗ്രഹിക്കാത്ത കാര്യങ്ങള്‍ മാര്‍ക്ക് ചെയ്യുകയാണ് ആദ്യം വേണ്ടത്. സിനിമയുടെ ആശയം എന്താണോ അതിനെ നശിപ്പിക്കാതിരിക്കുകയും വേണം. ട്വിസ്റ്റും കഥാഗതിയും ഉള്‍പ്പെടെ സിനിമയുടെ ആത്മാവില്‍ നാം ഉറച്ചുനില്‍ക്കണം. എന്നാല്‍ തിരക്കഥയില്‍ മാറ്റം വരാന്‍ സാധ്യതയുണ്ട്.’- അഭിഷേക് വിശദീകരിച്ചു.
കൂടാതെ, ഹിന്ദി സിനിമകളെ അപേക്ഷിച്ച് മലയാളം സിനിമകള്‍ അല്പം വ്യത്യസ്തമാണ്. പ്രേക്ഷകരും വ്യത്യസ്തരാണ്. അതുകൊണ്ട് ആ മാറ്റം നമുക്ക് ആവശ്യമാണെന്നും അഭിഷേക് വ്യക്തമാക്കി.
ബോളിവുഡില്‍ റീമേക്കുകള്‍ പരാജയപ്പെടുന്ന സാഹചര്യത്തിലാണ് ദൃശ്യം 2 വിന്റെ വിജയം. റീമേക്കുകള്‍ വിജയിക്കുന്നില്ല എന്നതിനോട് താന്‍ യോജിക്കുന്നില്ലെന്നാണ് അഭിഷേക് പറയുന്നത്.
മോഹന്‍ലാല്‍ ഒരു മികച്ച നടനാണെന്ന് അഭിഷേക് പറഞ്ഞു. എന്നാല്‍ ഹിന്ദി പ്രേക്ഷകര്‍ക്ക് അജയ് ദേവ്ഗണിന്റെ വിജയ് സല്‍ഗോങ്കര്‍ എന്ന കഥാപാത്രത്തെയാണ് കൂടുതല്‍ ബന്ധപ്പെടുത്താന്‍ സാധിക്കുക എന്നും അദ്ദേഹം വ്യക്തമാക്കി.
മലയാളത്തിലാണ് ദൃശ്യം 2 ആദ്യം ഇറങ്ങിയതെങ്കിലും ഒടിടിയില്‍ അതുകാണാതെ ഹിന്ദി പതിപ്പിനായി പലരും കാത്തിരുന്നു എന്നും അദ്ദേഹം വെളിപ്പെടുത്തി.