മോഹന്‍ലാലും ശ്രീനിവാസനും മത്സരിച്ചഭിനയിച്ച പട്ടണപ്രവേശം എന്ന ചിത്രത്തിലെ ‘ചേട്ടന്‍ ആരെയെങ്കിലും ലവ് ചെയ്‌തിട്ടുണ്ടോ?’എന്ന ഡയലോഗ് പ്രേക്ഷകര്‍ അത്രപെട്ടന്നൊന്നും മറക്കാന്‍ ഇടയില്ല.
ചിത്രത്തില്‍ വീട്ടുജോലിക്കാരനായി വേഷം മാറി എത്തിയ ശ്രീനിവാസന്റെ സിഐഡി വിജയനോട് അതേ വീട്ടിലെ വേലക്കാരി ചോദിച്ച ചോദ്യം കാലമിത്ര കഴിഞ്ഞിട്ടും ഇപ്പോഴും പ്രേക്ഷകരില്‍ ചിരിപടര്‍ത്തുന്നതാണ്. ഇനി ആ വേലക്കാരി ആരെന്നല്ലേ? നിരവധി സിനിമകളിലൂടെ നമുക്ക് മുന്നിലെത്തിയ ആളൂര്‍ എല്‍സിയായിരുന്നു ആ താരം.
എന്നാല്‍ പട്ടണപ്രവേശത്തിലെ ആ രംഗം കണ്ട് പൊട്ടിച്ചിരിക്കുന്ന പ്രേക്ഷകര്‍ക്ക് അതിനു പിന്നില്‍ അതിനേക്കാള്‍ രസകരമായ അനുഭവമുണ്ടെന്ന് അറിയുമോ? – എല്‍സി ചോദിക്കുന്നു. ‘ശ്രീനിവാസന്‍ അഭിനയിക്കാനായി നില്‍ക്കുന്നു. അടുത്തു തന്നെ ഞാനുമുണ്ട്.
പക്ഷേ, അത് ശ്രീനിവാസനാണെന്നൊന്നും എനിക്കറിയില്ല. അടുത്തുനിന്ന പ്രൊഡക്ഷന്‍ മാനേജരോട് ഞാന്‍ ചോദിച്ചു എന്റെ കൂടെ അഭിനയിക്കുന്നത് ആരാണെന്ന്. ശ്രീനിവാസന്‍ തൊട്ടടുത്തുണ്ട്.
അതുവരെ എന്റെ ധാരണ അത് ആ വീട്ടിലെ വേലക്കാരനാണെന്നായിരുന്നു. എറണാകുളത്തെ വലിയൊരു വീടായിരുന്നു അത്. അവിടെ വിറക് കീറാന്‍ വന്ന ആളാണെന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്. വലിയ ഗൗരവത്തോടെയായിരുന്നു ശ്രീനിവാസന്റെ നില്‍പ്.
അത് കണ്ട് ഞാന്‍ ചിരിക്കുകയൊക്കെ ചെയ്‌തിരുന്നു. അപ്പോഴാണ് പ്രൊഡക്ഷന്‍ മാനേജര്‍ പറയുന്നത് ചേച്ചിയുടെ കൂടെ അഭിനയിക്കാന്‍ പോകുന്ന ആളാണ് ആ നില്‍ക്കുന്നതെന്ന്. പറ്റിയ അമളി ഓര്‍ത്ത് എനിക്ക് ചിരി അടക്കാനായില്ല.
സത്യന്‍ അന്തിക്കാട് സര്‍ സീനൊക്കെ അഭിനയിച്ചു കാണിക്കുമ്ബോള്‍ ഉള്ളില്‍ ചിരി അടക്കാന്‍ പാടുപെടുകയായിരുന്നു ഞാന്‍. ചേട്ടന്‍ ആരെയെങ്കിലും ലവ് ചെയ്‌തിട്ടുണ്ടോ എന്ന് ഞാന്‍ ശ്രീനിവാസനോട് ചോദിക്കുന്ന രംഗമായിരുന്നു അത്. ഉള്ളിലെ ചിരി പിടിച്ചുവെച്ചാണ് സത്യത്തില്‍ ഞാന്‍ ആ രംഗം അഭിനയിച്ചത്’- എല്‍സി പറയുന്നു.
മോഹന്‍ലാലിനൊപ്പം അനുരാഗി എന്ന ചിത്രത്തിലും എല്‍സി അഭിനയിച്ചു. ഷൂട്ടിംഗ് സെറ്റില്‍ വളരെ സ്‌നേഹത്തോടെയാണ് ലാല്‍ പെരുമാറിയതെന്ന് അവര്‍ ഓര്‍ക്കുന്നു. മമ്മൂട്ടിക്കൊപ്പം നീലഗിരി, മൃഗയ, മഹായാനം, വടക്കന്‍വീരഗാഥ, കറുത്തപക്ഷികള്‍ എന്നീ ചിത്രങ്ങളിലാണ് എല്‍സി അഭിനയിച്ചത്.
‘എനിക്ക് വലിയ ഇഷ്‌ടമായിരുന്നു മമ്മൂട്ടിയെ. വലിയ ബഹുമാനമായിരുന്നു. എന്നെയും വലിയ ഇഷ്ടമായിരുന്നു. ഒരു വലിയ നടനാണെന്ന ചിന്തയൊന്നുമില്ലാതെയാണ് എന്നോട് സംസാരിച്ചത്. എന്റെ വിശേഷങ്ങളൊക്കെ ചോദിച്ചു.
സിനിമകളൊന്നും കണ്ടിട്ടില്ലെങ്കിലും സാറിന്റെ സിനിമകളൊക്കെ കാണാറുണ്ടെന്ന് വെറുതെ പറഞ്ഞു. പിന്നെ അമ്മയുടെ യോഗത്തിനൊക്കെ കാണുമ്ബോള്‍ എന്റെ തലവേദന എങ്ങനെയുണ്ടെന്നൊക്കെ ചോദിക്കും’- പ്രിയ നടനെക്കുറിച്ച് എല്‍സിയുടെ വാക്കുകള്‍.
എങ്ങനെയെങ്കിലും സിനിമയില്‍ തിരികെ എത്തണമെന്ന മോഹം കലശലായി ഉണ്ടായിരുന്നു. അങ്ങനെയാണ് ‘ക’ എന്ന സിനിമയിലെത്തുന്നത്. ‘പട്ടണപ്രവേശനത്തിന്റെ യൊക്കെ കാര്യം പറഞ്ഞാണ് പരിചയപ്പെടുത്തിയത്. ഞാന്‍ സിനിമാരംഗത്ത് തിരിച്ചെത്തി എന്ന് ആളുകളെ അറിയിക്കണമെന്നേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങള്‍ വിളിക്കാം എന്നു പറഞ്ഞ് മടക്കുമ്ബോള്‍ വിളിക്കില്ലെന്ന്.
ഞാന്‍ മനസില്‍ ഉറപ്പിച്ചിരുന്നു. അതാണല്ലോ സിനിമയിലെ പതിവ്. എന്നാല്‍, എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവര്‍ വിളിച്ചു. കുടുംബശ്രീ അധ്യക്ഷയുടെ വേഷം. എനിക്കുവേണ്ടി എഴുതിച്ചേര്‍ത്തതായിരുന്നു അതെന്ന് പിന്നെയാണ് അറിഞ്ഞത്. രണ്ടാമതും ക്യാമറയ്‌ക്ക് മുന്നിലെത്തിയപ്പോള്‍ വല്ലാത്ത സന്തോഷം തോന്നി’.