മലയാള സിനിമയിലെ മികച്ച സംവിധായകന്മാരില്‍ ഒരാളായി മാറിയിരിക്കുകയാണ് ബേസില്‍ ജോസഫ്. വളരെ കുറഞ്ഞ കാലം കൊണ്ടാണ് ബേസില്‍ ജോസഫ് മലയാള സിനിമയെ കൈയ്യിലൊതുക്കിയത്. സംവിധായകന്‍ എന്നതിലുപരിയായി നടനായും അദ്ദേഹം പല സിനിമകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ബേസില്‍ ജോസഫ് ഇതുവരെ മൂന്ന് സിനിമകളെ സംവിധാനം ചെയ്തിട്ടുള്ളുവെങ്കിലും ഇന്ന് മലയാളത്തിലെ മിടുക്കന്മാരായ സംവിധായകരില്‍ ഒരാളായി അദ്ദേഹം മാറി. ഏറ്റവും ഒടുവില്‍ ബേസിലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് മിന്നല്‍ മുരളി.
ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തിയത് നടന്‍ ടൊവിനൊ തോമസാണ്. വന്‍ വിജയമാണ് ചിത്രം കൈവരിച്ചത്. ഈ ചിത്രത്തിന് ശേഷം അഭിനയത്തില്‍ കൂടുതല്‍ സജീവമായി മാറിയിരിക്കുകയാണ് ബേസില്‍ ജോസഫ് ഇപ്പോള്‍. ജാന്‍ ഇ മാന്‍, ഉല്ലാസം, ജോജി, തുടങ്ങി നിരവധി സിനിമകളില്‍ ബേസില്‍ ജോസഫ് അഭിനയിച്ചിട്ടുണ്ട്.
സംവിധായകനും നടനുമായ ബേസില്‍ ജോസഫിന്റെ ഒരു അഭിമുഖമാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. തന്റെ സിനിമയെക്കുറിച്ചും ഭാര്യ എലിസബത്തിനെ കുറിച്ചുമൊക്കെയാണ് ഇന്ത്യ ഗ്ലിറ്റ്‌സിന് നല്കിയ അഭിമുഖത്തിലൂടെ ബേസില്‍ ജോസഫ് പറയുന്നത്.
തങ്ങളുടേത് പ്രണയവിവാഹമായിരുന്നുവെന്ന് ബേസില്‍ പറയുന്നു. ‘എന്‍ജിനിയറിങ്ങിന് പഠിക്കുമ്പോഴാണ് എലിസബത്തിനെ കണ്ടുമുട്ടിയത്. എലിസബത്ത് എന്റെ ജൂനിയറായിരുന്നു. സിനിമയിലേക്ക് പോകാന്‍ തീരുമാനിച്ചപ്പോള്‍ പുള്ളിക്കാരി വലിയ സപ്പോര്‍ട്ടായി നിന്നു. ഇപ്പോഴും അങ്ങനെ തന്നെയാണ്.” എന്ന് ബേസില്‍ ജോസഫ് പറയുന്നു.
‘എനിക്ക് ശരിക്കും പറഞ്ഞാല്‍ സിനിമയില്‍ വര്‍ക്ക് ചെയ്യാന്‍ അത്ര താല്പര്യമില്ല. പക്ഷേ ഒരുപാട് സിനിമ കാണും. എന്നൊക്കാളും നന്നായി സിനിമ കാണാറുള്ളത് ഭാര്യയാണെന്ന്, സിനിമയില്‍ എന്റെ മാനേജര്‍ എലിസബത്താണോന്ന് ചോദിച്ചാല്‍ ഒരു പരിധി വരെ അങ്ങനെയാണ്” എന്നും ബേസില്‍ പറയുന്നു.
”ചില കാര്യങ്ങള്‍ മാനേജ് ചെയ്യുന്നത് എലിസബത്താണ്. അതൊക്കെ ചെയ്യാന്‍ അവള്‍ക്ക് ഇഷ്ടവുമാണ്. പുള്ളിക്കാരി ചെയ്യുന്ന ജോലിയും മാനേജിങ് പ്രൊഫഷന്‍ പോലുള്ളതാണ്. ആളുകളെ മാനേജ് ചെയ്യാനൊക്കെ അവള്‍ക്ക് കഴിയുന്നുണ്ട്. ഇടയ്ക്ക് എന്തേലും മിസ്റ്റേക്ക് പറ്റുമ്പോള്‍ ശമ്പളം തരില്ലെന്നൊക്കെ പറയാറുണ്ട് ” എന്നും ബേസില്‍ കൂട്ടിച്ചേര്‍ത്തു.
” ഈ ജോലിക്ക് മാസം പതിനായിരം രൂപ വീതം ഞാന്‍ കൊടുക്കാറുണ്ട്. അതുപോര, ശമ്പളം കൂട്ടണമെന്നൊക്കെ പറഞ്ഞ് ഇപ്പോള്‍ ബഹളം വെക്കുന്നുണ്ട്.” എന്നും ബേസില്‍ ജോസഫ് പറയുന്നു. തന്റെ സിനിമകളുടെ കഥ ആദ്യം ചര്‍ച്ച ചെയ്യുന്നത് ഭാര്യയുടെ അടുത്താണെന്നും തങ്ങള്‍ നല്ല സുഹൃത്തുക്കള്‍ കൂടിയാണെന്നും ബേസില്‍ പറയുന്നു.