രാഷ്ട്രപതിയുടെ കയ്യില്‍ നിന്ന് അവാര്‍ഡ് വാങ്ങാനാണ് പോയത്; അല്ലാതെ വേറാരുടെയോ കയ്യില്‍ നിന്നല്ല: ആഞ്ഞടിച്ച് ഫഹദ് ഫാസില്‍

28

കൊച്ചി: ദേശീയ പുരസ്‌കാര വിവാദത്തില്‍ പ്രതികരണവുമായി നടന്‍ ഫഹദ് ഫാസില്‍. ഫഹദ് അടക്കുള്ള സിനിമാപ്രവര്‍ത്തകര്‍ ഇത്തവണത്തെ പുരസ്‌കാര ദാനച്ചടങ്ങ് ബഹിഷ്‌കരിച്ചിരുന്നു. ദേശീയ പുരസ്‌കാരം സ്വീകരിക്കാതിരുന്നതില്‍ തനിക്ക് കുറ്റബോധമില്ലെന്നും അവാര്‍ഡ് കിട്ടിയില്ലായിരുന്നെങ്കിലും തനിക്ക് വിഷമമാവില്ലെന്നും ഫഹദ് പറയുന്നു.

Advertisements

രാഷ്ട്രപതിയുടെ കയ്യില്‍ നിന്ന് പുരസ്‌കാരം വാങ്ങാനാണ് പോയത്. അവിടെച്ചെന്നപ്പോഴാണ് പറഞ്ഞത് വേറാരോ ആണ് അവാര്‍ഡ് തരുന്നതെന്ന്. അപ്പോള്‍ മടങ്ങി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഫഹദ് പറഞ്ഞു. മികച്ച സ്വഭാവനടനുള്ള പുരസ്‌കാരമാണ് ഫഹദിന് ലഭിച്ചത്. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിലെ പ്രകടനത്തിനാണ് ഫഹദ് പുരസ്‌കാരം നേടിയത്.

ഷൂട്ടിങ് നിര്‍ത്തിവെച്ചാണ് അവാര്‍ഡ് വാങ്ങാന്‍ പോയത്. ശേഖര്‍ കപൂര്‍ സാര്‍ അഭിനന്ദനമറിയിക്കാന്‍ വിളിച്ചിരുന്നു. മറ്റാരും വിളിച്ചില്ല -ഫഹദ് പറഞ്ഞു.

11 പേര്‍ക്കൊഴികെ രാഷ്ട്രപതി രാം നാഥ് കോവിന്ദ് നേരിട്ടു പുരസ്‌കാരം നല്‍കില്ലെന്ന തീരുമാനമാണ് വിവാദമായത്. ഇതേ തുടര്‍ന്ന് ചടങ്ങില്‍നിന്നു വിട്ടുനില്‍ക്കുമെന്ന് അവാര്‍ഡ് ജേതാക്കള്‍ അറിയിച്ചു. ഇവരെ അനുനയിപ്പിക്കാന്‍ മന്ത്രി സ്മൃതി ഇറാനി നടത്തിയ ചര്‍ച്ച പരാജയമായി.

ഭരണഘടനാപരമായ പരിപാടി അല്ലാത്തതിനാല്‍ രാഷ്ട്രപതി ഏറെ നേരം പങ്കെടുക്കില്ലെന്നും ഇതും സംബന്ധിച്ച പുതുക്കിയ പ്രോട്ടോക്കോള്‍ അടുത്തിടെയാണ് പുറത്തിറക്കിയതെന്നുമാണ് സര്‍ക്കാര്‍ അറിയിച്ചത്.

തീരുമാനത്തെ ചലച്ചിത്ര പ്രവര്‍ത്തകര്‍ ഉടന്‍ ചോദ്യം ചെയ്തു. കേരളത്തില്‍ നിന്നുള്ള ചലച്ചിത്ര പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് പ്രതിഷേധമുയര്‍ന്നത്.

രാഷ്ട്രപതി നേരിട്ട് നല്‍കിയില്ലെങ്കില്‍ വിട്ടുനില്‍ക്കുമെന്ന് കാട്ടി അവാര്‍ഡ് ജേതാക്കള്‍ രാഷ്ട്രപതിയുടെ ഓഫീസിനും സര്‍ക്കാരിനും കത്ത് നല്‍കി. രാഷ്ട്രപതി രാം നാഥ് കോവിന്ദ് പുരസ്‌കാരം നല്‍കുമെന്നാണ് അറിയിപ്പുകളിലും ക്ഷണപത്രങ്ങളിലുമുണ്ടായിരുന്നത്. ജേതാക്കള്‍ക്ക് കേന്ദ്ര വാര്‍ത്താ വിതരണമന്ത്രാലയം അയച്ച ക്ഷണക്കത്തുകളിലും രാഷ്ട്രപതി സമ്മാനം നല്‍കുമെന്നാണ് അറിയിച്ചിരുന്നത്.

Advertisement