ഇടിവെട്ടായി നിവിന്‍ പോളി, പ്രതിഭാസമായി മോഹന്‍ലാല്‍, 100 കോടി ഉറപ്പ്‌

33

ഒടുവില്‍ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് കായംകുളം കൊച്ചുണ്ണി റിലീസിനെത്തിയിരിക്കുകയാണ്. മലയാള സിനിമയില്‍ വലിയ ചരിത്രം സൃഷ്ടിക്കാനുള്ള വരവായിരുന്നു കൊച്ചുണ്ണി നടത്തിയത്. ഇതുവരെ കേരളക്കര കാണാത്ത അത്രയും വലിയ റിലീസായിരുന്നു സിനിമയ്ക്ക് ലഭിച്ചിരുന്നത്. അതിനാല്‍ തന്നെ കളക്ഷനില്‍ ഞെട്ടിക്കുമെന്നാണ് സൂചനകള്‍.

Advertisements

മോഹന്‍ലാലിന്റെ പുലിമുരുകനാണ് മലയാളത്തില്‍ നിന്നും ആദ്യമായി നൂറ് കോടി ക്ലബ്ബിലെത്തിയ ചിത്രം. അതിന് ശേഷം ഒരുപാട് ഹിറ്റ് മൂവിസ് ഇറങ്ങിയിരുന്നെങ്കിലും നൂറ് കോടി മറികടക്കാന്‍ കഴിഞ്ഞിരുന്നില്ല. കായംകുളം കൊച്ചുണ്ണി ഇതുവരെയുണ്ടായിരുന്ന എല്ലാ റെക്കോര്‍ഡുകളും തിരുത്തി കുറിച്ച്‌ പുതിയൊരു ചരിത്രം സൃഷ്ടിക്കുമെന്നാണ് പ്രവചനങ്ങള്‍ നടന്നിരിക്കുന്നത്.‘കായംകുളം’ ദേശക്കാരുടെ വീരനായ ‘കൊച്ചുണ്ണി’യുടെ ചരിത്രകഥ റോഷന്‍ ആന്‍ഡ്രൂസും, ടീമും സിനിമയാക്കുമെന്ന് പ്രഖ്യാപിച്ചതോടെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരുന്നത്.

കൊച്ചുണ്ണിയുടെ ഉറ്റമിത്രമായ ‘ഇത്തിക്കരപക്കി’യുടെ വേഷത്തില്‍ മോഹന്‍ലാല്‍ അതിശയിപ്പിക്കാനെത്തുമെന്ന മാറ്റൊരു വിളബരം കൂടി പുറപ്പെട്ടതോടെ ആരാധകര്‍ ആവശത്തിന്റെ ലഹരിയിലായി!. ചിത്രത്തിലെ മോഹന്‍ലാലിന്‍റെ ലുക്കടക്കം സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടതോടെ നിവിന്‍ പോളിയുടെ ‘കൊച്ചുണ്ണി’ വേഷത്തിന്റെ തീവ്രത പതിയെ പതിയെ ചോര്‍ന്നു തുടങ്ങി, പിന്നീടു മോഹന്‍ലാലില്‍ നിന്നായി ചിത്രത്തിന്റെ വിപണന വീര്യം!. കായംകുളം കൊച്ചുണ്ണിയെന്ന പോലെ ഗമയോടെ ഇത്തിക്കരപക്കിയും പ്രതിഭാസമായി.

ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ച് ബോബി-സഞ്ജയ്‌ ടീം രചന നിര്‍വഹിച്ച ‘കായംകുളം കൊച്ചുണ്ണി’ ഒരു റോഷന്‍ ആന്‍ഡ്രൂസ് ചിത്രമെന്ന നിലയിലാണ് കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടു തുടങ്ങുന്നത്. മഴക്കെടുതിയില്‍ മുങ്ങിപ്പോയ ‘കായംകുളം കൊച്ചുണ്ണി’യ്ക്ക് ഓണറിലീസായി തിയേറ്ററിലെത്താന്‍ വിധിയില്ലാതെ പോയി. വൈകിയ വേളയിലും ആരവ ആഘോഷങ്ങളോടെ മോഹന്‍ലാല്‍ ഫാന്‍സും, നിവിന്‍ പോളി ഫാന്‍സും ചേര്‍ന്ന് കയ്യടികളോടെ സ്വീകരിച്ച ചിത്രം പുലര്‍കാലെ തിയേറ്ററില്‍ ചലിച്ചു തുടങ്ങി. കാലം പിന്നിലേക്ക് തിരിയുന്ന ബ്രിട്ടീഷ് ഭരണത്തിന്റെയും,നാട്ടുപ്രമാണിമാരുടെയും നെറികേടിന്റെ കഥ മലയാള സിനിമയ്ക്ക് അന്യമല്ല, വീരയോദ്ധാക്കളുടെ ചരിത്ര സൃഷ്ടികള്‍ മോളിവുഡ് സിനിമയ്ക്ക് പലതവണ വിഷയമായിട്ടുണ്ട്. കായംകുളം നിവാസികളുടെ സ്വന്തം തസ്കരവീരന്‍ കായംകുളം കൊച്ചുണ്ണിയുടെ കഥ രണ്ടാം തവണയാണ് സിനിമയ്ക്ക് വിഷയമാകുന്നത്.

1966-ല്‍ പിഎ തോമസ്‌ സംവിധാനം ചെയ്ത ‘കായംകുളം കൊച്ചുണ്ണി’യില്‍ സത്യനായിരുന്നു കൊച്ചുണ്ണിയായി വേഷമിട്ടത്, സത്യന്റെ ‘കൊച്ചുണ്ണി’ വേഷം അന്നത്തെ പ്രേക്ഷകര്‍ അത്ഭുതപൂര്‍വ്വം കണ്ടിരുന്നപ്പോള്‍ ഇന്നത്തെ കൊച്ചുണ്ണിയായി നിവിന്‍ പോളിയുടെ നടനവൈഭവം ആഴത്തില്‍ അളക്കാന്‍ പ്രേക്ഷകരും അക്ഷമരായി തിയേറ്ററില്‍ നിലയുറപ്പിച്ചു.

ഐതീഹ്യമാലയില്‍ നിന്നും എടുത്ത കായംകുളം കൊച്ചുണ്ണി എന്ന മലയാളത്തിന്റെ റോബിന്‍ഹുഡിനെ സിനിമയാക്കിയപ്പോള്‍ ഐതീഹ്യമാലയ്ക്കുമപ്പുറം ഫിക്ഷനേയും ചേരുംപടി ചേര്‍ത്താണ് ബോബി സഞ്ജയ് ടീം ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. 171 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം ആരംഭിക്കുന്നത് കൊടുംകവര്‍ച്ചക്കാരനായ കായംകുളം കൊച്ചുണ്ണിയെ തൂക്കിലേറ്റുന്നതിന് നാളും നാഴികയും കുറിച്ചുകൊണ്ടുള്ള ദിവാന്റെ വാറോല വായനയോടെയാണ്. അവിടെ നിന്നും ഏറെ ദൂരം പിന്നിലേക്ക് സഞ്ചരിച്ച് കുട്ടിക്കാലത്ത് നിന്നും കായംകുളം കൊച്ചുണ്ണിയുടെ കഥ അവതരിപ്പിച്ച് തുടങ്ങുകയാണ്.

പട്ടിണിയാണ് ബാപ്പൂട്ടിയെ കള്ളനാക്കി മാറ്റുന്നത്. പിടിക്കപ്പെട്ട ബാപ്പൂട്ടിയെ നാട്ടുകാര്‍ തല്ലി അവശനാക്കി ഉടുമുണ്ടുരിഞ്ഞ് മരത്തില്‍ കെട്ടിയിടുന്നു. മായാത്ത മുറിവായ് കിടക്കുന്ന ആ കാഴ്ചയാണ് കള്ളന്‍ ബാപ്പൂട്ടിയുടെ മകനായ കൊച്ചുണ്ണിയേക്കൊണ്ട് താന്‍ മോഷ്ടിക്കില്ല എന്ന തീരുമാനം എടുപ്പിക്കുന്നത്. ദുരാഗ്രഹികളായ സവര്‍ണ മേലാളന്മാര്‍ തങ്ങളുടെ കൊള്ള മറയ്ക്കുവാന്‍ കൊച്ചുണ്ണിയെ ഇരയാക്കി മാറ്റുകയാണ്. ചാട്ടവാറടിയും മര്‍ദ്ദനങ്ങളുമേറ്റ കൊച്ചുണ്ണിയെ മൂന്നുനാള്‍ തലകീഴായി കെട്ടിത്തൂക്കിയിടാനായിരുന്നു അവരുടെ തീരുമാനം. ദൂരെ നിന്നും ഒരു കുതിരക്കുളമ്പടി നാദം. കൊച്ചുണ്ണിയുടെ രക്ഷകനായി ഇത്തിക്കര പക്കി എത്തുകയാണ്.

നിവിന്‍ പോളിയിലെ നടന്റെ മാറ്റ് വര്‍ദ്ധിപ്പിക്കുന്ന കഥാപാത്രമാണ് കായംകുളം കൊച്ചുണ്ണി. ജാനകിയായി എത്തിയ പ്രിയ ആനന്ദും ഇത്തിക്കര പക്കിയായി എത്തിയ മോഹന്‍ലാലും മികവുറ്റ നിമിഷങ്ങള്‍ സമ്മാനിച്ചു. അതുവരെ പതിഞ്ഞ താളത്തില്‍ മുന്നോട്ടുപോയിരുന്ന ചിത്രത്തെ ചടുലമാക്കുന്നത് ഇത്തിക്കര പക്കിയായുള്ള മോഹന്‍ലാലിന്റെ പ്രകടനാണ്. ബാബു ആന്റണിയുടേയും സണ്ണി വെയ്‌ന്റേയും പ്രകടനങ്ങളേയും എടുത്ത് പറയേണ്ടതാണ്.

തനിമ ചോരാതെ ഒരു കാലഘട്ടത്തെ പകര്‍ത്തി നല്‍കിയത് ബോളിവുഡ് ക്യാമറാമാനായ ബിനോദ് പ്രദനാണ്. ഭാഗ് മില്‍ക്ക ഭാഗം പോലുള്ള ബോളിവുഡ് ചിത്രങ്ങളുടെ ഛായാഗ്രഹണം നിര്‍വഹിച്ച ബിനോദ് പ്രദന്റെ സാന്നിദ്ധ്യം കായംകുളം കൊച്ചുണ്ണിയുടെ ദൃശ്യങ്ങള്‍ പ്രതിഫലിക്കുന്നുണ്ട്. എല്ലാത്തിലുമുപരിയായി റോഷന്‍ ആന്‍ഡ്രൂസ് എന്ന സംവിധായകനെ ഓരോ ഫ്രെയിമിലും അടയാളപ്പെടുത്തുണ്ട് കായംകുളം കൊച്ചുണ്ണി.

മികച്ച ചലച്ചിത്രാനുഭവം പ്രതീക്ഷിച്ചെത്തുന്ന പ്രേക്ഷകരെ ഒരര്‍ത്ഥത്തിലും കായംകുളം കൊച്ചുണ്ണി നിരാശപ്പെടുത്തില്ല. സിനിമ നിലയില്‍ നൂറു ശതമാനവും നീതി പുലര്‍ത്തുന്ന സമീപനമാണ് റോഷന്‍ ആന്‍ഡ്രൂസും സംഘവും സ്വീകരിച്ചിരിക്കുന്നത്.

Advertisement