മലയാള സിനിമയിലെ താരങ്ങളും സെലിബ്രിറ്റികളും തങ്ങളുടെ ആരാധകരുമായി ആശയവിനിമയം നടത്താൻ സമൂഹ മാധ്യമങ്ങൾ നല്ലരീതിയിൽ ഉപയോഗിക്കുന്നവരാണ്. സിനിമ പ്രമോഷൻ മുതൽ ജീവിതത്തിലെ വ്യക്തിപരമായ കാര്യങ്ങൾ വരെ അവർ തങ്ങളുടെ ആരാധകരുമായി പങ്കിടാറുണ്ട്.
സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ പങ്കിടുമ്പോൾ പലപ്പോഴും താരങ്ങൾക്ക് അത്ര രസകരമല്ലാത്ത കമന്റുകൾ ആരാധകരിൽ നിന്നും ലഭിക്കാറുണ്ട്. ഇത്തരം കമന്റുകൾക്ക് കഴിവതും പ്രതികരിക്കാൻ ശ്രമിക്കാത്ത താരങ്ങൾ, ഒരു പരിധിവിട്ട് കമന്റുകൾ വരുമ്പോൾ പ്രതികരിക്കാറാണ് പതിവ്.
ALSO READ

ഇപ്പോഴിതാ ഇത്തരത്തിൽ ഒരു പ്രതികരണവുമായി വന്നിരിക്കുന്നത് മുൻ പത്രപ്രവർത്തകയും നിർമ്മാതാവും പൃഥ്വിരാജ് സുകുമാരന്റെ ഭാര്യയുമായ സുപ്രിയ മേനോൻ. പൃഥ്വിരാജിനെപ്പോലെ തന്നെയായി പ്രേക്ഷകർക്ക് പ്രിയപ്പെട്ടയാളാണ് സുപ്രിയ മേനോനും.
ഫോട്ടോഷെയറിംഗ് ആപ്ലിക്കേഷനായ ഇൻസ്റ്റാഗ്രാമിൽ വളരെ സജീവമാണ് സുപ്രിയ. തന്റെ വരാനിരിക്കുന്ന നിർമ്മാണ സംരംഭങ്ങളെകുറിച്ചുള്ള അപ്ഡേറ്റുകൾ മുതൽ തന്റെ ജീവിതത്തിലെ അനുഭവങ്ങളും ഓർമകളും വരെ സുപ്രിയ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്യാറുണ്ട്. കഴിഞ്ഞ വർഷം നവംബറിലാണ് സുപ്രിയയുടെ പിതാവ് വിജയ് കുമാർ മേനോൻ ക്യാൻസർ ബാധിതനായി മരണമടഞ്ഞത്. തുടർന്ന് പലപ്പോഴായി സുപ്രിയ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ അച്ഛനുമായുള്ള ഓർമ്മകൾ പങ്കിടാറുണ്ട്. പൃഥ്വിരാജ് ഏറ്റവും ഒടുവിൽ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ബ്രോ ഡാഡി എന്ന ചിത്രം പൃഥ്വി സമർപ്പിച്ചതും സുപ്രിയയുടെ പിതാവിനായിരുന്നു. അപ്രതീക്ഷിതമായ മരണമായിരുന്നതിനാൽ സുപ്രിയ എപ്പോഴും തന്റെ പിതാവിനെപ്പറ്റി വൈകാരികമായ പോസ്റ്റുകൾ ഇൻസ്റ്റാഗ്രാമിൽ പങ്കിടാറുണ്ട്. പിതാവിനെ ഓർമ്മിപ്പിക്കുന്ന ചിന്തകളും ചിത്രങ്ങളും കുറിപ്പുകളുമൊക്കെ സുപ്രിയ പങ്കുവെക്കാറുണ്ട്.

എന്നാൽ ഈ കുറിപ്പുകളെ പരിഹസിച്ചു കൊണ്ട് ഒരു വിഭാഗം സോഷ്യൽ മീഡിയയിൽ എത്തുകയും എന്തുകൊണ്ടാണ് താരം ഒരു പൊതു പ്ലാറ്റ്ഫോമിൽ തന്റെ അച്ഛനെക്കുറിച്ച് എപ്പോഴും പോസ്റ്റ് ചെയ്യുന്നതെന്നും ഇൻസ്റ്റാഗ്രാമിൽ എന്താണ് പോസ്റ്റ് ചെയ്യുന്നതെന്ന് നിങ്ങളുടെ അച്ഛൻ കാണാൻ പോകുന്നില്ല എന്നുമൊക്കെയുള്ള പ്രതികരണങ്ങൾ എത്തി. ഇപ്പോൾ ഇവയ്ക്കെല്ലാമുള്ള മറുപടി നൽകുകയാണ് സുപ്രിയ മേനോൻ. ‘എന്റെ അച്ഛൻ മരിച്ചതിന് ശേഷം സ്വന്തം മാതാപിതാക്കളെയോ പ്രിയപ്പെട്ടവരെയോ നഷ്ടപ്പെട്ട നിങ്ങളിൽ പലരും ഈ സങ്കടത്തെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. നിങ്ങളുടെ ആ പങ്കുവയ്ക്കൽ എന്നെ ആശ്വാസപ്പെടുത്തിയിട്ടുമുണ്ട്. അവ പങ്കിട്ടതിന് വളരെയധികം നന്ദി. ഇതുവരെ അത്തരം നഷ്ടം അനുഭവിക്കാത്തവരുണ്ടെങ്കിൽ, നിങ്ങൾ ഭാഗ്യവാനാണ്! സന്തോഷകരമായ കഥകൾ മാത്രം പോസ്റ്റ് ചെയ്യാൻ ഈ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് ഒരു റോബോട്ട് അല്ല. സന്തോഷവും സങ്കടവും ഒരുപോലെ തന്നെ നിലനിൽക്കുന്നതാണ്. എല്ലായ്പ്പോഴും ഉള്ളത് പോലെ നിങ്ങൾക്ക് ഈ പോസ്റ്റുകൾ ഇഷ്ടപ്പെടുന്നില്ലെങ്കിൽ, മോശമായ അഭിപ്രായങ്ങൾ കമന്റായി പറയുന്നതിന് പകരം എന്നെ അൺഫോളോ ചെയ്താൽ മതി. കാര്യം സിംപിളാണ്.’ സുപ്രിയ പോസ്റ്റിൽ കുറിച്ചു.
ALSO READ

പത്രപ്രവർത്തനത്തിൽ നിന്നും സിനിമ നിർമ്മാതാവായ മാറിയ സുപ്രിയയാണ് പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ കാര്യങ്ങളെല്ലാം നോക്കുന്നത്. ചെക്കിൽ ഒപ്പിടുന്നത് മാത്രമേ തന്റെ ജോലിയായി ഉള്ളുവെന്ന് മുൻപ് പൃഥ്വി പറഞ്ഞിട്ടുണ്ട്. സിനിമയുടെ കഥ കേൾക്കുന്നതുൾപ്പടെയുള്ള കാര്യങ്ങളിൽ സജീവമാണ് സുപ്രിയ. ഭർത്താവ് സംവിധായകന്റെ ആംഗിളിൽ ചിന്തിക്കുമ്പോൾ നിർമ്മാതാവിന്റെ ആശങ്കയാണ് താൻ പങ്കിടാറുള്ളതെന്ന് സുപ്രിയ പറഞ്ഞിട്ടുണ്ട്.
അതേസമയം, സുപ്രിയ ഏറ്റവും ഒടുവിൽ നിർമ്മിച്ച് പൃഥ്വിരാജ് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ച ‘ജന ഗണ മന’ നിറഞ്ഞ പ്രേക്ഷകപിന്തുണയോടെ തിയ്യേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രം സുപ്രിയ മേനോനും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റേയും മാജിക് ഫ്രെയിംസിൻറെയും ബാനറുകളിലാണ് നിർമ്മാണം. പ്രൊഡക്ഷൻ കൺട്രോളർ റിന്നി ദിവാകർ , സഹ നിർമ്മാണം ജസ്റ്റിൻ സ്റ്റീഫൻ തുടങ്ങിയവരാണ്.









