എനിക്ക് ഭക്ഷണം വേണ്ട സാറേ, ചാന്‍സ് തരാമോ; സുരാജിന്റെയും ആര്യയുടെയും കണ്ണുനിറയിച്ച് സനൂബര്‍, വിഡിയോ വൈറല്‍

56

മഴവില്‍ മനോരമയിലെ മിമിക്രി മഹാമേളയുടെ ഓഡിഷനിടെ സനൂബര്‍ എന്ന ആര്‍ട്ടിസിറ്റ് പറഞ്ഞ വാക്കുകള്‍ വൈറലാകുന്നു. പരിപാടിയുടെ അവതാരകരായ നടന്‍ സുരാജ് വെഞ്ഞാറമ്മൂടിന്റെയും ആര്യയുടേയും വരം കണ്ണുകളെ ഈറനണിയിക്കുന്നതായിരുന്നു സനൂബറിന്റെ വാക്കുകള്‍.

Advertisements

അതെ എല്ലാവര്‍ക്കും ഭക്ഷണം കഴിക്കാനുള്ള സമയമാണ്. ഇനി ഭക്ഷണത്തിന് ശേഷമായിരിക്കും ഓഡിഷന്‍ നടക്കുക…’ അനൗണ്‍സ്‌മെന്റ് മുഴങ്ങി. ‘സാറേ എനിക്ക് ഭക്ഷണം വേണ്ട ഒരു ചാന്‍സ് തരാമോ.. വര്‍ഷങ്ങളായി സാറെ ഒരു ചാന്‍സിന് വേണ്ടി നടക്കുന്നു..’

മഴവില്‍ മനോരമയിലെ മിമിക്രി മഹാമേളയുടെ ഓഡിഷനിടെ പറഞ്ഞ ഈ വാക്കുകളാണ് സനൂബറിനെ കേരളത്തിന് പ്രിയപ്പെട്ടവനാക്കിയത്. കണ്ണുനിറഞ്ഞ് പറഞ്ഞ ഈ വാക്കുകള്‍ അവതാരകന്‍ സുരാജ് വെഞ്ഞാറമൂടും പ്രൊഡ്യൂസറും അറിഞ്ഞതോടെ വര്‍ഷങ്ങളായി ആഗ്രഹിച്ച ആ മോഹം പൂവണിഞ്ഞു. ഒരുപാട് കൊതിച്ച ആ വേദിയില്‍ സനൂബര്‍ മിമിക്രിയിലെ പുതിയ താരമായി.

ആലപ്പുഴ അരൂക്കുറ്റി സ്വദേശിയായ സനൂബര്‍ ഒട്ടേറെ തവണ ചാന്‍സ് ചോദിച്ച് പലയിടത്തും അലഞ്ഞിട്ടുണ്ട്. ഏകദേശം അറുപത്തിയെട്ടോളം സിനിമാസെറ്റുകളില്‍ ചെറിയ വേഷം എങ്കിലും ചെയ്യാന്‍ അവസരം തേടി നടന്നതായി സനൂബര്‍ പറയുന്നു.

പക്ഷേ പലരും പണം വേണമെന്ന് ആവശ്യപ്പെട്ടെന്നും അതുകൊടുക്കാന്‍ ഇല്ലാത്തത് കൊണ്ട് എല്ലായിടത്ത് നിന്നും നിറകണ്ണുകളോടെ ഇറങ്ങിവന്നിട്ടുണ്ടെന്നും അയാള്‍ പറഞ്ഞപ്പോള്‍ കാണികളും അവതാരകരായ സുരാജിന്റെയും ആര്യയുടെയും കണ്ണുനിറഞ്ഞു. മിമിക്രി മഹാമേളയുടെ ഓഡിഷന്‍ നടക്കുന്നത് അറിഞ്ഞെത്തിയതാണ് സനൂബര്‍. പലകുറി ചുണ്ടോളം എത്തിയിട്ട് തട്ടിപ്പോയത് കൊണ്ടാകണം ഭക്ഷണം പോലും വേണ്ട എനിക്ക് ഒരു വേദി തരാമോ എന്ന് ചോദിക്കാന്‍ തോന്നിയതെന്ന് സനൂബര്‍ പറഞ്ഞു.

പൃഥ്വിരാജിനെയും വെള്ളാപ്പള്ളി നടേശനെയും വേദിയില്‍ അവതരിപ്പിച്ചപ്പോള്‍ നിറകയ്യടിയോടെയാണ് എല്ലാവരും സ്വീകരിച്ചത്. വാപ്പയുടെ പതിനൊന്നാം ചരമവാര്‍ഷിക ദിനത്തിലാണ് സനൂബറിനെ തേടി ഓഡിഷന്റെ ഫോണ്‍കോള്‍ എത്തുന്നത്. മകന്റെ ഈ സ്വപ്നത്തിന് സാക്ഷിയാവാന്‍ ഉമ്മയും ഉമ്മൂമ്മയും എത്തിയതോടെ മിമിക്രി മഹാമേളയുടെ വേദി വികാരനിര്‍ഭരമായി.

വിഡിയോ കാണാം

വീഡിയോ കടപ്പാട് മനോരമ

Advertisement