മലയാള സിനിമയില്‍ തന്നെ ഇല്ലാതാക്കിയത് മമ്മൂട്ടിയും മോഹന്‍ലാലുമെന്ന് ശ്രീകുമാരന്‍ തമ്പി

10

തന്നെ സിനിമയില്‍ നിന്ന് ഒഴിവാക്കിയതില്‍ ഏറ്റവും വലിയ പങ്കുള്ളത് മലയാളത്തിന്റെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്നാണെന്ന് ശ്രീകുമാരന്‍ തമ്പി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. സത്യം പറയാന്‍ എനിക്ക് മടിയില്ല. സിനിമ താരാധിപത്യമായപ്പോള്‍ ഞാന്‍ സിനിമ വിട്ട് സീരിയല്‍ രംഗത്തേയ്ക്ക് വന്നു. മലയാള സിനിമയെ തകര്‍ത്ത് തരിപ്പണമാക്കിയത് താരാധിപത്യമാണ്. പ്രേം നസീറിന്റെ കാലത്ത് അദ്ദേഹം ക്യാമറാമാന്‍ ഇന്ന വ്യക്തിയാകണം എന്നൊന്നും ആവശ്യപ്പെട്ടിട്ടില്ല. എന്നാല്‍ താരാധിപത്യം ശക്തമായപ്പോള്‍ പലനടന്മാരും സിനിമയെ പൂര്‍ണ്ണമായും നിയന്ത്രിക്കാന്‍ തുടങ്ങി.

Advertisements

ഇവിടുത്തെ സൂപ്പര്‍ താരങ്ങള്‍ക്കും മെഗാസ്റ്റാറുകള്‍ക്കും പങ്കുണ്ട്. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും കയ്യില്‍ സിനിമ എത്തിയപ്പോള്‍ ഞാനവരുടെ ശത്രുവായി. എന്നെ കൊണ്ട് പാട്ടെഴുതിക്കേണ്ടെന്ന് അവര്‍ പറഞ്ഞു. അവരെ ഭയന്ന് സംവിധായകരാരും എന്നെ വിളിച്ചില്ല. മോഹന്‍ലാല്‍ സെക്കന്റ് ഹീറോയായി വന്ന ‘എനിക്കൊരു ദിവസം’ നായകനായ ‘യുവജനോത്സവം’ എന്നിവ സംവിധാനം ചെയ്തത് ഞാനാണ്. മോഹന്‍ലാലിനെ നായക പദവിയിലേയ്ക്കുയര്‍ത്താന്‍ ഏറെ സഹായിച്ച സിനിമയാണത്. മോഹന്‍ലാല്‍ ഈയിടെ ഒരു വേദിയില്‍ ആയിരക്കണക്കിനാളുകളുടെ മുന്നില്‍വെച്ച് എന്നോട് കടപ്പാട് പറഞ്ഞു. പക്ഷേ യുവജനോത്സവത്തിന് ശേഷം എനിക്ക് കോള്‍ ഷീറ്റ് അദ്ദേഹം തന്നില്ല. യുവജനോത്സവം അക്കാലത്തെ സൂപ്പര്‍ഹിറ്റായിരുന്നു. മോഹന്‍ലാല്‍ എന്നെ മനപ്പൂര്‍വം നിരാകരിച്ചു.

മമ്മൂട്ടിയെ നായക സ്ഥാനത്തേയ്ക്കുയര്‍ത്തിയത് എന്റെ സിനിമയായ മുന്നേറ്റത്തിലൂടെയാണ്. ഐവി ശശി മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ സിനിമ തൃഷ്ണയാണ് മമ്മൂട്ടിക്ക് വഴിത്തിരിവായതെന്ന് പറയുന്നത് കേട്ടു. അതല്ല സത്യം. മുന്നേറ്റത്തിന്റെ ചിത്രീകരണം നടന്നു കൊണ്ടിരിക്കുമ്പോള്‍ ഐവി ശശി എന്നെ വിളിച്ചു ചോദിച്ചു, ആ പയ്യന്‍ കൊള്ളാമോ എന്ന്. ധൈര്യമായി കാസ്റ്റ് ചെയ്തോളാന്‍ പറഞ്ഞു. പിന്നീട് മമ്മൂട്ടിയെ നായകനാക്കി വിളിച്ചു വിളികേട്ടില്ല എന്ന ചിത്രമെടുത്തു. തോപ്പില്‍ ഭാസിയായിരുന്നു സ്‌ക്രിപ്റ്റ്.

അഭിനയിക്കാനെത്തിയപ്പോള്‍ മമ്മൂട്ടി ചോദിച്ചു, ആരാ ക്യാമറാമാന്‍?. മുന്നേറ്റത്തിലെ ധനഞ്ജയനാണെന്ന് പറഞ്ഞു. ധനഞ്ജയന്‍ വേണ്ട അജയ് വിന്‍സന്റിനെയോ ബാലു മഹീന്ദ്രയേയോ മതി, ചെറിയ ആളുകള്‍ വേണ്ട. ഞാനങ്ങനെ നേരത്തേ വിചാരിച്ചിരുന്നെങ്കില്‍ മമ്മൂട്ടി നായകനാവില്ല. മമ്മൂട്ടി പിന്നീട് ആജ്ഞാപിക്കാന്‍ തുടങ്ങി.
കുട്ടിക്കാലം മുതല്‍ കവിതയെഴുതുന്ന വ്യക്തിയാണ് ഞാന്‍. പത്തിലധികം കവിതാ സമാഹാരങ്ങളിറക്കിയിട്ടുണ്ട്. എന്നാല്‍ എന്റെ ഒരു കവിത പോലും ടെക്സ്റ്റ് ബുക്കുകളില്‍ അച്ചടിച്ച് വന്നിട്ടില്ല. മഹാകവി അക്കിത്തം പോലും പുകഴ്ത്തിയ കവിതകളുണ്ട്. ഇന്ന് ഗദ്യത്തിലെഴുതുന്ന കവിത ബിഎക്കാര്‍കളകും എംഎകാര്‍ക്കും പോലും പഠിക്കാനുണ്ട്.

ഒരിക്കല്‍ ഒരു പുരോഗമനവാദിയായ ഒരാള്‍ കേരള സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായി വന്നു. കേരള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരത്തിനായുള്ള അവസാന പട്ടികയില്‍ എന്റെ കവിത വന്നു. ഒരിക്കല്‍ ഞാന്‍ അദ്ദേഹത്തെ നേരിട്ട് കണ്ടപ്പോള്‍ എന്റെ പുസ്തകം അവസാന റൗണ്ടിലുണ്ടെന്ന് പറഞ്ഞു. അദ്ദേഹം പറഞ്ഞു ‘അങ്ങനെ സിനിമയിലും സാഹിത്യത്തിലും സുഖിക്കേണ്ട. സിനിമയില്‍ ഒരുപാട് പുരസ്‌കാരങ്ങള്‍ കിട്ടിയിട്ടില്ലേ അതുമതി.’ ഞാനൊന്നിലധികം രംഗങ്ങളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ പലര്‍ക്കും ശത്രുത തോന്നും. അതില്‍ വിജയിക്കുക കൂടി ചെയ്തപ്പോള്‍. 270 സിനിമയ്ക്ക് പാട്ടെഴുതി. 85 സിനിമകള്‍ക്ക് തിരക്കഥയൊരുക്കി 30 സിനിമ സംവിധാനം ചെയ്തു. 20 സിനിമ നിര്‍മ്മിച്ചു. ജീവിതത്തില്‍ ഞാനൊരുപാട് ശത്രുക്കളെ നേരിടേണ്ടി വന്നു. ശ്രീകുമാരന്‍ തമ്പി പറഞ്ഞു.

Advertisement