എന്തു സന്ദേശമാണ് ‘സന്ദേശം’ എന്ന സിനിമ നൽകുന്നതെന്ന് സംശയമുണ്ടെന്ന് സംവിധായകൻ ശ്യാം പുഷ്‌കരൻ പറഞ്ഞതോടെ ചലച്ചിത്രലോകത്ത് നിന്നും പലതരത്തിലും അഭിപ്രായ പ്രകടനങ്ങളാണ് പുറത്തു വരുന്നത്.
ശ്യാം പുഷ്‌കരനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിയാളുകൾ രംഗത്തെത്തി. ഇപ്പോൾ ചില ന്യൂജനറേഷൻ സിനിമകളെത്തന്നെ വിമർശിചുകൊണ്ട് സംവിധായകനും നടനുമായ ശ്രീനിവാസൻ രംഗത്തെത്തിയിരിക്കുകയാണ്.
സന്ദേശം സിനിമയിലൂടെ പറയുന്ന നല്ല രാഷ്ട്രീയം കാണാതെയാണ് വിമർശക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്. ഒരു പ്രമുഖ ചാനൽ പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് ശ്രീനിവാസൻ ഇക്കാര്യം പറഞ്ഞത്.
സന്ദേശത്തിൽ തിലകൻ ചേട്ടന്റെ ഒരു ഡയലോഗുണ്ട്. രാഷ്ട്രീയം നല്ലതാണ്. അത് നല്ലയാളുകൾ പറയുമ്പാൾ. ആദ്യം സ്വയം നന്നാകണം. പിന്നെയാണ് നാട് നന്നാക്കേണ്ടത് എന്നും പറയുന്നുണ്ട്.
എങ്ങനെയാണ് ആ സിനിമ അരാഷ്ട്രീയ വാദം ആകുന്നത്? എനിക്ക് രാഷ്ട്രീയമുണ്ട്. പക്ഷേ ഒരു കൊടിയുടെ മുൻപിൽ സല്യൂട്ട് ചെയ്യുന്ന രാഷ്ട്രീയമല്ല.- ശ്രീനിവാസൻ വ്യക്തമാക്കി.
ന്യൂജെൻ സിനിമകളിൽ നല്ല സിനിമകൾ വളരെ കുറവാണ്. ചിലത് സഹിക്കാൻ പറ്റില്ല. നീലക്കുയിൽ അതിറങ്ങിയ കാലത്തെ ന്യൂ ജനറേഷൻ സിനിമയാണ്.
അന്ന് ഈ പേര് വന്നിട്ടില്ല എന്നു മാത്രം. വേണോ വേണ്ടയോ എന്നറിയാതെയാണ് പല ന്യൂ ജനറേഷൻ സിനിമകളും എടുത്തിരിക്കുന്നത്. ശ്രീനിവാസൻ അഭിപ്രായപ്പെട്ടു.
വിദ്യാർഥി രാഷ്ട്രീയം ഇഷ്ടപ്പെടുന്നയാളാണ് താനെന്നും സിനിമ അതിനെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും അവരെന്തെങ്കിലും രാഷ്ട്രീയം കാണിക്കട്ടെയെന്നാണ് തന്റെ നിലപാടെന്നും അന്ന് ശ്യാം പറഞ്ഞിരുന്നു.