പാട്ടും നൃത്തവും ഇല്ല എന്നിട്ടും എല്ലാ ടിക്കറ്റുകളും വിറ്റു തീര്‍ന്നു; ചിത്രത്തെ വാനോളം പ്രശംസിച്ച് ന്യൂയോര്‍ക്ക് ടൈംസ്

148

ജിയോ ബേബി സംവിധാനം ചെയ്ത് മമ്മൂട്ടി ജ്യോതിക എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ കാതൽ ദി കോർ ചിത്രത്തിന് മികച്ച രീതിയിലുള്ള പ്രേക്ഷക പ്രശംസയാണ് ലഭിച്ചത്. ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തിയത് മുതൽ, താരം ഇങ്ങനെ ഒരു കഥാപാത്രത്തെ തിരഞ്ഞെടുത്തതിനെ കുറിച്ചുള്ള ചർച്ച സോഷ്യൽ മീഡിയയിൽ നടന്നിരുന്നു. മമ്മൂട്ടിയുടെ അഭിനയം കണ്ട് ഒരു രക്ഷയും ഇല്ലെന്ന് ആരാധകർ പറയുന്നു.

Advertisements

ഇപ്പോഴിതാ ചിത്രത്തെ വാനോളം പ്രശംസിച്ചിരിക്കുകയാണ് ന്യൂയോർക്ക് ടൈംസും. ആദ്യമായാണ് ഒരു മലയാള സിനിമയെ കുറിച്ച് ഇത്രയും വലിയൊരു ലേഖനം ന്യൂയോർക്ക് ടൈംസിൽ വരുന്നത്.

പാട്ടും നൃത്തവുമില്ലാത്ത ഇന്ത്യൻ സിനിമയാണ് കാതൽ. കാർ ചേസുകളോ ആക്ഷൻ സ്റ്റണ്ടുകളോ ഇല്ല. പുരുഷന്മാർ ദുർബലരാണ്. അവർ കരയുന്നുണ്ട്. എന്നിട്ടും തിയറ്ററുകളിലെ എല്ലാ ടിക്കറ്റുകളും വിറ്റു തീർന്നു. തെന്നിന്ത്യയിലെ ഏറ്റവും വലിയ താരങ്ങളിലൊരാൾ ഒരു സ്വവർഗ്ഗാനുരാഗിയുടെ വേഷം സ്വീകരിച്ചതും, അദ്ദേഹത്തെ വളരെ സെൻസിറ്റീവ് ആയി അവതരിപ്പിച്ചതും പ്രശംസനീയമാണെന്നും ലേഖനത്തിൽ പറയുന്നു. ഇത് കേരളത്തിന് അപ്പുറവും കാതൽ ചർച്ച ചെയ്യാൻ ഇടയാക്കിയെന്നും പറയുന്നുണ്ട്.

ബോളിവുഡിന്റെ ഗ്ലാമറിനും ആരവത്തിനും അപ്പുറത്ത് ലോ-ബഡ്ജറ്റിൽ സൂക്ഷ്മതയും യഥാർത്ഥ മനുഷ്യ ജീവിതവുമായി അടുത്ത് നിൽക്കുന്ന പുരോഗമനപരമായ കഥകളിലൂടെയാണ് മലയാള സിനിമ വേറിട്ടു നിൽക്കുന്നതെന്നും ലേഖനത്തിൽ പറയുന്നു.

മുജീബ് മാഷൽ എന്ന മാധ്യമപ്രവർത്തകൻ ആണ് ചിത്രത്തെ കുറിച്ച് ന്യൂയോർക്ക് ടൈംസിൽ എഴുതിയത്. അഫ്ഗാനിസ്ഥാനിലെ കാബൂൾ സ്വദേശിയായ ഇദ്ദേഹം ന്യൂയോർക്ക് ടൈംസിന്റെ സൗത്ത് ഏഷ്യ ബ്യൂറോ ചീഫ് ആണ്.

 

 

Advertisement