മലയാള സിനിമയിലെ യുവനടിമാരിൽ സോഷ്യൽ മീഡിയ ഏറ്റവുമധികം പരിഹസിക്കാറുള്ള നടിയാണ് ഗായത്രി സുരേഷ്. സിനിമകളുടെ പ്രൊമോഷന്റെ ഭാഗമായിട്ടോ അല്ലാതെയോ ഗായത്രി നൽകുന്ന അഭിമുഖങ്ങൾ വൈറലാവാറുണ്ട്.
ഏറ്റവുമൊടുവിൽ പ്രണവ് മോഹൻലാലിനെ വിവാഹം കഴിക്കണമെന്നും അദ്ദേഹത്തോട് വലിയ ക്രഷ് ആണെന്നും ഗായത്രി പറഞ്ഞതാണ് ട്രോളുകൾക്ക് കാരണമായി മാറിയിരുന്നു. മോഹൻലാലിന്റെ അഭിമുഖങ്ങളിൽ പോലും ഗായത്രിയുടെ പേര് ഉയർന്ന് വന്നിരുന്നു.
ALSO READ

ഇത് മാത്രമല്ല, സമൂഹ മാധ്യമങ്ങളിലൂടെ ചില മണ്ടത്തരങ്ങൾ പറഞ്ഞും നടി വാർത്തയിൽ ഇടം നേടാറുണ്ട്. ഒരിടയ്ക്ക് ട്രോളുകൾ നിരോധിക്കണം എന്ന ആവശ്യവുമായി മുഖ്യമന്ത്രിയോട് സംസാരിക്കുന്ന വീഡിയോയുമായിട്ടാണ് ഗായത്രി എത്തിയത്. ഇതിനെതിരെയും ശക്തമായ വിമർശനങ്ങൾ ലഭിച്ചു. എന്നാൽ ട്രോളി ട്രോളി ട്രോളന്മാർക്ക് ഗായത്രിയെ ഇഷ്ടപ്പെട്ട് തുടങ്ങിയോ എന്ന് ചോദിക്കുകയാണ് ചിലർ. സിനിമാ പ്രാന്തൻ എന്ന സിനിമാസ്വദകരുടെ ഗ്രൂപ്പിൽ വന്ന എഴുത്താണ് വൈറലാവുന്നത്. കുറിപ്പിന്റെ പൂർണരൂപമിതാ..
‘ചില സമയത്ത് എനിക്ക് എന്നെ പറ്റി തന്നെ ഞാൻ വേറെ ലെവലാണല്ലോ തോന്നാറുണ്ട്.. ആ സമയത്ത് ഞാനെന്റെ യൂട്യൂബ് വീഡിയോസിന്റെ കമന്റെടുത്ത് ഒന്ന് നോക്കും അപ്പോ ഏകദേശം ബാലൻസ് ആവും” ഈയടുത്തൊരു അഭിമുഖത്തിൽ അഭിനേത്രി ഗായത്രി സുരേഷ് പറഞ്ഞ വാക്കുകളാണ്. ഇത്രയും നിഷ്‌കളങ്കവും സത്യസന്ധവുമായൊരു സ്റ്റേറ്റ്മെന്റ് മറ്റൊരു സെലിബ്രേറ്റിയിൽ നിന്നുണ്ടായിട്ടോ എന്ന് സംശയമാണ്.

തനിക്ക് നിരന്തരം നേരിടേണ്ടി വരുന്ന സൈബർ ബുള്ളിയിങ്നെ പോലും എത്ര മനോഹരമായണവർ ഉപയോഗിക്കുന്നത്. ട്രോളുകളോടും കളിയാക്കലുകളോടും ഒരു തരിപോലും പരിഭവമില്ലാതെ അവരതിനെ തന്റെ വളർച്ചക്കുള്ള വളമായി മാറ്റുമ്പോൾ. ട്രോളി ട്രോളി ട്രോളിനൊടുക്കം ആ ട്രോളിയവന്മാർക്ക് പോലും ഗായത്രിയെ ഇഷ്ടപ്പെട്ടു തുടങ്ങുകയാണ്..
ഗായത്രി ഒരു ജെന്യൂൻ പേഴ്സൺ ആയിട്ടാണ് പ്രാന്തനു പേഴ്സണലി തോന്നിയിട്ടുള്ളത്. തനിക്കൊപ്പം ഇൻടസ്ട്രിയിൽ വന്നവർ മാന്യതയുടെ മാസ്‌കണിഞ്ഞ് ഇന്റർവ്യുനെയും സോഷ്യൽ മീഡിയേയും അഭിമുഖീകരിക്കുമ്പോൾ ഒരു തരം കപടതക്കും അടിമപ്പെടാതെ അരങ്ങിലെ ആട്ട ചമയങ്ങൾക്കപ്പുറം കഥാപാത്രങ്ങൾക്കും വേഷം കെട്ടലുകൾക്കും നിന്നു കൊടുക്കാതെ സ്പഷ്ടമായി തന്നെ താൻ ആരോണോ അതായി തന്നെ യാഥാർത്ഥ്യത്തിൽ ജീവിക്കുന്ന യഥാർത്ഥ താരം..’ എന്നുമാണ് വൈറലാവുന്ന കുറിപ്പിൽ പറയുന്നത്.
ALSO READ

എന്നാൽ അവരെ ട്രോളുന്നതിന്റെ യഥാർത്ഥ കാരണം മനസിലാക്കാതെയാണ് ഈ കുറിപ്പെന്ന് കമന്റിലൂടെ ആരാധകർ പറയുന്നു. ‘അതല്ലെങ്കിലും അങ്ങനെ അല്ലെ വരൂ.. ആദ്യം അവരെ എന്തിനു ട്രോളുന്നു എന്ന് തിരക്കുക അതറിഞ്ഞിട്ടു സപ്പോർട്ടുമായി വരൂ.
ഇവരൊക്കെ ട്രോൾ ഉണ്ടാക്കാൻ വേണ്ടി മാത്രമാണ് ഇന്റർവ്യൂ കൊടുക്കുന്നത്. ഇന്റർവ്യൂ ചെയ്യുന്നവരും ഇവരും തമ്മിൽ ഒരു ധാരണയോടെ ആണ് ഇത് ചെയ്യുന്നത്. അതൊന്നും അറിയാതെ ട്രോളന്മാർ ട്രോളി അവരെ ഫെയ്മസ് ആക്കി..’ തുടങ്ങി കമന്റുകളും കുറിപ്പിന് കീഴിൽ വരുന്നുണ്ട്.









