kerala

റിയൽ എസ്റ്റേറ്റ്, സെക്സ് മാഫിയകളുമായും അടുത്തബന്ധം: ജോളി പെൺവാണിഭവുംം നടത്തിയിരുന്നു; ഞെട്ടിക്കുന്ന വിവരങ്ങൾ

വടകര: മുക്കം എൻഐടി പരിസരം കേന്ദ്രീകരിച്ച് കൂടത്തായി കൊലപാതക പരമ്പരയിലെ നായിക ജോളി ജോസഫ് പെൺവാണിഭം നടത്തിയെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ബ്ലാക്ക് മെയിലിങ്ങ് വഴി പല പ്രമുഖരിൽ നിന്നും പണം തട്ടിയതായും സൂചനയുണ്ട്. റിയൽ എസ്റ്റേറ്റ്, സെക്സ് മാഫിയകളുമായും ജോളി അടുത്തബന്ധം പുലർത്തിയിരുന്നു. വിദ്യാർത്ഥിനികളെ വശീകരിച്ച് പെൺവാണിഭത്തിന് ഉപയോഗിച്ചതായും അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്.

മുക്കം എൻ.ഐ.ടി പരിസരത്തെ ബ്യൂട്ടി പാർലർ കേന്ദ്രീകരിച്ച് വൻ തട്ടിപ്പുകൾ അരങ്ങേറിയതായാണ് സൂചന. ബ്യൂട്ടി പാർലറിലെ നിത്യസന്ദർശകയായിരുന്നു ജോളി. ബ്യൂട്ടി പാർലർ ഉടമ സുലേഖയും ഭർത്താവും ജോളിക്ക് സഹായം നൽകിയതായും അന്വേഷണ സംഘത്തിന് സംശയമുണ്ട്.

കൂടത്തായി പൊന്നാമറ്റം കുടുംബത്തിലേത് ഉൾപ്പടെ ചിലമരണങ്ങൾക്ക് കാരണമായത് ജോളിയുടെ ഭീഷണിയാണെന്ന സൂചനകളും പുറത്തുവന്നിട്ടുണ്ട്. അതേസമയം കൂടത്തായി പൊന്നാമറ്റം കുടുംബത്തിൽ ദുരൂഹമായി രണ്ട് മരണങ്ങൾ കൂടി സംഭവിച്ചിരുന്നതായി ബന്ധുവിന്റെ വെളിപ്പെടുത്തലും വളരെ ഗൗരവത്തോടെയാണ് അന്വേഷണ സംഘം കാണുന്നത്. മുക്കത്തെ കോൺഗ്രസ് പ്രവർത്തകൻ മണ്ണിലേതിൽ രാമകൃഷ്ണന്റെ മരണം ബ്ലാക്ക് മെയിലിങ്ങിനെ തുടർന്നാണെന്നും അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്. സ്ഥലം വിൽപ്പന നടത്തിയതിലൂടെ ലഭിച്ച 55 ലക്ഷം രൂപ നഷ്ടമായതായും മകൻ രോഹിത് പൊലീസിൽ ന്ൽകിയ പരാതിയിൽ പറയുന്നുണ്ട്.

ജോളിയുടെ കോയമ്പത്തൂർ യാത്രകളും ദുരൂഹമാണ്. അറസ്റ്റിലാകുന്നതിന് തൊട്ടടുത്ത ദിവസവും കോയമ്പത്തൂരിലേക്ക് യാത്ര ചെയ്തതായും തെളിഞ്ഞിട്ടുണ്ട്. ജോളിയുടെ ഫോൺ കോൾ രേഖകൾ അന്വേഷണ സംഘം വിശദമായി പരിശോധിക്കുന്നുണ്ട്. ഇതുവഴി പെൺവാണിഭവുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ പുറത്തുവരുമെന്നാണ് പ്രതീക്ഷ. അതേസമയം ജോളി ജോസഫിന് എൻഐടിയുമായി ഒരു ബന്ധവുമില്ലെന്ന് രജിസ്ട്രാർ ലഫ്റ്റനന്റ് കേണൽ പങ്കജാക്ഷൻ വ്യക്തമാക്കി.

എൻ.ഐ.ടിയുടെ വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ചതുമായി ബന്ധപ്പെട്ട് നിയമ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മരിച്ച ടോം തോമസിന്റെ സഹോദര പുത്രന്മാരായ സുനീഷ്, ഉണ്ണി എന്ന വിൻസെന്റ് എന്നിവരുടെ മരണത്തിന് പിന്നിലും ജോളിക്ക് പങ്കുണ്ടെന്നാണ് സംശയം. സുനീഷിന്റെ മാതാവ് എൽസമ്മയാണ് ഇക്കാര്യങ്ങൾ മാധ്യമങ്ങളോട് പങ്കുവച്ചത്.

വിൻസന്റിനും സുനീഷിനും ജോളിയുമായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. ഇവർ തമ്മിൽ സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നോയെന്നത് സംശയിക്കുന്നതായും സുനീഷിന്റെ അമ്മ എൽസമ്മ പറഞ്ഞു. 2002 ഓഗസ്റ്റ് 24 നാണ് വിൻസെന്റിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പൊന്നാമറ്റത്തെ അന്നമ്മയുടെ ശവസംസ്‌കാരം കഴിഞ്ഞ് പിറ്റേദിവസമാണ് വിൻസന്റ് മരിച്ചത്. 2008 ജനുവരി 17 നാണ് ടോം തോമസിന്റെ രണ്ടാമത്തെ സഹോദരൻ ഡൊമിനിക്കിന്റെ മകൻ സുനീഷ് ബൈക്ക് അപകടത്തിൽ മരിക്കുന്നത്. താൻ ചതിയിൽ അകപ്പെട്ടതായും മറ്റാർക്കും അബദ്ധം പറ്റരുതെന്നുമുള്ള സുനീഷിന്റെ ഡയറിക്കുറിപ്പും പുറത്തുവന്നിട്ടുണ്ട്.