പെരുന്നയിലെ എന്‍എസ്എസ് ആശുപത്രിയില്‍ ആര്‍എസ്എസ് ബിജെപി ആക്രമണം; ജി സുകുമാരന്‍നായര്‍ക്ക് നേരെ അസഭ്യവര്‍ഷം

14

ചങ്ങനാശ്ശേരി: പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാന മന്ദിരത്തിനു മുന്നിലെ എന്‍എസ്എസ് മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ അതിക്രമിച്ചു കടന്ന ആര്‍എസ്എസ്-ബിജെപി-ബിഎംഎസ് സംഘം ആക്രമണവും അസഭ്യവര്‍ഷവും നടത്തി. നാലുമണിക്കൂറോളം ആശുപത്രി പ്രവര്‍ത്തനം തടസ്സപ്പെട്ടു. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍നായരും ഡയറക്ടര്‍ ബോര്‍ഡ് അംഗം ഹരികുമാര്‍ കോയിക്കലും അടക്കമുള്ള നേതാക്കള്‍ക്കു നേരെയായിരുന്നു അസഭ്യവര്‍ഷം.

Advertisements

കഴിഞ്ഞ ദിവസം രാവിലെ പത്തിനാണ് അനാവശ്യ സമരത്തിന്റെ പേരില്‍ നൂറോളം ബിജെപി, ആര്‍എസ്എസ്, ബിഎംഎസ് പ്രവര്‍ത്തകര്‍ ആശുപത്രിയിലേക്ക് ഇരച്ചുകയറിയത്. ആശുപത്രിയുമായി കരാര്‍ അവസാനിപ്പിച്ച ഏജന്‍സിയുടെ ശുചീകരണത്തൊഴിലാളികള്‍ക്ക് തന്നെ ജോലി നല്‍കണമെന്നായിരുന്നു ആവശ്യം. എറണാകുളത്തെ സ്വകാര്യ ഏജന്‍സിക്കായിരുന്നു ശുചീകരണത്തൊഴിലാളികളെ എത്തിക്കാന്‍ നേരത്തെ കരാര്‍ നല്‍കിയിരുന്നത്. കഴിഞ്ഞ ദിവസം ആശുപത്രി മാനേജ്‌മെന്റ് ഈ കരാര്‍ അവസാനിപ്പിച്ചു. പുതിയ ഏജന്‍സിയുമായി കരാറും ഒപ്പിട്ടു.

ശനിയാഴ്ച രാവിലെ ഏഴരക്ക് പുതിയ ഏജന്‍സിയുടെ തൊഴിലാളികള്‍ ജോലിക്കെത്തി. ഈസമയത്താണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആശുപത്രിയിലേക്ക് ഇരച്ചുകയറി പ്രവര്‍ത്തനം തടസ്സപ്പെടുത്തിയത്. മുദ്രാവാക്യം വിളികളുമായി ഇരച്ചുകയറിയ പ്രവര്‍ത്തകരെ തടയാന്‍ സെക്യൂരിറ്റിയും ആശുപത്രി ജീവനക്കാരും ശ്രമിച്ചെങ്കിലും നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ഭീഷണിക്കു മുമ്ബില്‍ പിന്മാറി.

വിവരമറിഞ്ഞ് എന്‍എസ്എസ് ആസ്ഥാനത്തുനിന്ന് ജി സുകുമാരന്‍നായരും മറ്റു നേതാക്കളും എത്തി സമരക്കാരെ വസ്തുത ധരിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍, സമരക്കാര്‍ ഇവര്‍ക്കു നേരെ അസഭ്യവര്‍ഷം നടത്തുകയായിരുന്നു. ചങ്ങനാശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പൊലീസെത്തി അക്രമികളെ അറസ്റ്റുചെയ്ത് നീക്കി.

Advertisement