പിൻസീറ്റ് യാത്രയ്ക്കു ഹെൽമറ്റ് ഇല്ലെങ്കിൽ പണിപാളും: പിഴ 1600 രൂപ

23

ബൈക്കിൽ ഹെൽമറ്റ് വയ്ക്കാതെയുള്ള യാത്രയ്ക്ക് പിഴ നൂറു രൂപയാണെങ്കിലും അത് ആയിരത്തി അറുന്നൂറു രൂപ വരെയാവാമെന്ന് അധികൃതർ. അപകടകരമായ ഡ്രൈവിങ്, നിയമ ലംഘനം എന്നിവ കൂടി കണക്കിലെടുത്ത് 1600 രൂപ പിഴ ഈടാക്കാമെന്നാണ് എറണാകുളം എൻഫോഴ്സ്മെന്റ് ആർടിഒ കെ മനോജ്കുമാർ ചൂണ്ടിക്കാട്ടുന്നത്.

ബൈക്കിലെ പിൻസീറ്റ് യാത്രക്കാർക്കു കൂടി ഹെൽമറ്റ് നിർബന്ധമാക്കിയത് കർശനമായി നടപ്പാക്കാൻ ഒരുങ്ങുന്ന പശ്ചാത്തലത്തിലാണ് ഇതിനുള്ള പിഴ സംബന്ധിച്ച റിപ്പോർട്ടുകൾ. നൂറു രൂപയാണ് മോട്ടോർ വാഹന നിയമ പ്രകാരം ഹെൽമറ്റ് ഇല്ലാതെയുള്ള യാത്രയ്ക്കു പിഴ.

Advertisements

എന്നാൽ ഹെൽമറ്റ് ഇല്ലാതെയുള്ള യാത്ര അപകടകരമായ ഡ്രൈവിങ് ആയി കണക്കാക്കാമെന്ന് അധികൃതർ പറയുന്നു. ആയിരം രൂപയാണ് ഇതിനു പിഴ. ബോധപൂർവമുള്ള നിയമ ലംഘനത്തിനുള്ള അഞ്ഞൂറു രൂപ കൂടിയാവുമ്‌ബോൾ പിഴ ശിക്ഷ 1600 രൂപയിൽ എത്താം. ഇതിനു പുറമേ സുരക്ഷാ ചട്ടങ്ങൾ പാലിക്കാതെ വണ്ടി ഓടിച്ചതിനാൽ ഇൻഷുറൻസ് ക്ലെയിം നിഷേധിക്കപ്പെടാൻ സാധ്യതയുണ്ടെന്നും മനോജ് കുമാർ പറയുന്നു.

പിൻസീറ്റ് യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധമാക്കിക്കൊണ്ടുള്ള സുപ്രി കോടതി വിധി അടുത്ത മാസം മുതൽ സംസ്ഥാനത്ത് കർശനമായി നടപ്പാക്കാനാണ് മോട്ടോർ വാഹന വകുപ്പ് ഒരുങ്ങുന്നത്. ഇതു സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയിട്ടുണ്ട്.

നിയമം കർശനമായി നടപ്പാക്കുന്നതിനു മുന്നോടിയായി രണ്ടാഴ്ച ബോധവത്കരണ പരിപാടികൾ നടത്തുമെന്ന് വകുപ്പ് അറിയിച്ചിട്ടുണ്ട്. ഹെൽമറ്റും സീറ്റ് ബെൽറ്റും ഇല്ലാതെയുള്ള യാത്രയുടെ അപകടം ബോധ്യപ്പെടുത്താനാണ് പരിപാടികൾ സംഘടിപ്പിക്കുക.

Advertisement