പ്രളയ ദുരിതത്തിൽ പെട്ട അനേകായിരങ്ങളെ സഹായിക്കാൻ സ്‌കൂട്ടർ വിറ്റ പണവും കാൻസർ ചികിത്സയ്ക്ക് കരുതിയ പണവും കുഞ്ഞുസമ്പാദ്യവും അടക്കം ദുരിതാശ്വാസനിധിയിലേക്ക് തങ്ങളുടെ പങ്ക് നൽകി കാരുണ്യത്തിന്റെ മഹാമാതൃകകളായ ഒട്ടേറെ പേരുണ്ട്.
അത്തരത്തിൽ മുഖ്യമന്ത്രിയുടെ ദുരിതബാധിതർക്ക് കൈത്താങ്ങായിരിക്കുകയാണ് രോഗബാധിതയായ സീരിയൽ താരം ശരണ്യയും. ദുരിതാശ്വാസ നിധിയിലേക്ക് പതിനായിരം രൂപ നൽകിയാണ് ശരണ്യയും കാരുണ്യത്തിൽ പങ്കുചേർന്നിരിക്കുന്നത്.
ട്യൂമർ ബാധയെ തുടർന്ന് ഏഴാമതും ശസ്ത്രക്രിയ കഴിഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചു വന്നു കൊണ്ടിരിക്കുകയാണ് ശരണ്യ. തന്റെ ചികിത്സയ്ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിച്ച തുകയിൽ നിന്നും ഒരു പങ്കാണ് താരം ദുരിതമനുഭവിക്കുന്നവർക്കായി തിരിച്ചുനൽകിയത്.
സ്വാതന്ത്ര്യ ദിനത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു പങ്കു നൽകാനായതിൽ തനിക്ക് സന്തോഷമുണ്ടെന്നും തനിക്ക് ലഭിച്ച തുകയിൽ നിന്നും ഒരു പങ്ക് തിരിച്ചുനൽകുകയാണെന്നും ശരണ്യ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
ഇക്കഴിഞ്ഞ ജൂണിലാണ് ട്യൂമർ ബാധയെ തുടർന്ന് ശരണ്യയ്ക്ക് ഏഴാമതും ശസ്ത്രക്രിയ വേണ്ടി വന്നത്. സാമ്ബത്തികമായി ഏറെ ബുദ്ധിമുട്ടുകൾ നേരിടുന്ന ശരണ്യയെ സഹായിക്കണമെന്ന് അഭ്യർഥിച്ച് സീരിയൽ താരം സീമ ജി നായർ രംഗത്തുവന്നതും വാർത്തയായിരുന്നു. തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയയായ ശരണ്യ ഇപ്പോൾ സുഖം പ്രാപിച്ചു വരികയാണ്.









