സൗമ്യ ചില്ലറക്കാരിയല്ല: ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരെ തന്ത്രപൂർവ്വം കബളപ്പിച്ച് തട്ടിയെടുത്തത് ലക്ഷങ്ങൾ

16

ചാലക്കുടി: പണയത്തിലിരിക്കുന്ന സ്വർണാഭരണങ്ങൾ എടുത്ത് വീണ്ടും പണയം വെക്കുവാൻ സാമ്പത്തിക സഹായം ചെയ്യുന്ന ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരെ കബളപ്പിച്ച് രണ്ട് ലക്ഷത്തി അമ്പതിനായിരം രൂപ തട്ടിയെടുത്ത യുവതിയെ ചാലക്കുടി ഡിവൈഎസ്പി സി ആർ സന്തോഷും സംഘവും ചേർന്ന് കോഴിക്കോട് കുന്ദമംഗലത്തിനു സമീപം പെരിങ്ങളത്തു നിന്നും പിടികൂടി.

എറണാകുളം എളമക്കര സ്വദേശി സൗമ്യ സുകുമാരൻ (26)നാണ് പിടിയിലായത്. ജൂൺ 27നായിരുന്നു അറസ്റ്റിനാസ്പദമായ സംഭവം. സ്വകാര്യ പണമിടപാട് സ്ഥാപനത്തിലേക്ക് ഫോൺ മുഖാന്തിരം ബന്ധപ്പെട്ട യുവതി തന്റെ പേര് ഗായത്രി എന്നാണെന്നും തന്റെ 18 പവൻ സ്വർണാഭരണങ്ങൾ പണയത്തിലിരിക്കുകയാണെന്നും പണയം പുതുക്കാൻ സഹായിക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു.

Advertisements

കോഴിക്കോട് സ്വദേശിയാണെന്നും ചാലക്കുടി കൂടപ്പുഴയിലുള്ള വീട്ടിൽ താമസിക്കുകയാണെന്നും ഭർത്താവ് വിദേശത്താണെന്നും പറഞ്ഞ യുവതി സ്ഥാപനത്തിലെ ജീവനക്കാരെ ചാലക്കുടിയിലേക്ക് വിളിച്ചു വരുത്തി. ചാലക്കുടി നോർത്ത് ജംഗ്ഷനിലുള്ള സ്റ്റേറ്റ് ബാങ്ക് ശാഖയിൽ കാത്തിരുന്ന ധനകാര്യസ്ഥാപനത്തിലെ ജോലിക്കാരോട്, നിങ്ങൾ കൂടെ വന്നാൽ എനിക്ക് നാണക്കേടാകുമെന്നും ബാങ്കിലെ ഉദ്യോഗസ്ഥരോട് താൻ തന്നെ സംസാരിച്ചു കൊള്ളാം എന്നും വിശ്വസിപ്പിക്കുകയായിരുന്നു.

കൗണ്ടറിലെത്തി പുതിയ അക്കൗണ്ട് തുടങ്ങുന്നതിനെ കുറിച്ച് സംസാരിക്കുകയും ചെയ്തു. രണ്ട് ലക്ഷത്തി അമ്പതിനായിരം രൂപ പണയ വസ്തു എടുക്കുവാൻ എന്ന രീതിയിൽ വാങ്ങുകയും ബാങ്കിൽ അടയ്ക്കാനെന്ന വ്യാജേന കൗണ്ടറിനു സമീപം നിൽക്കുകയും ചെയ്തു.

അൽപസമയത്തിന് ശേഷം ബാങ്കിനകത്തെ ബാത്ത് റൂമിലേക്ക് പോയ യുവതി അവിടെ നിന്ന് പർദ്ദ ധരിച്ച് ബാങ്കിൽ നിന്ന് മുങ്ങുകയുമായിരുന്നു. തങ്ങൾക്ക് മുമ്പിലൂടെ പർദ്ദ ധരിച്ച് പോയ സ്ത്രീയെ സംശയം തോന്നിയ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാർ പുറത്തിറങ്ങി തേടിയെങ്കിലും യുവതിയെ കണ്ടെത്താനായില്ല. ബാങ്കിലെത്തി വിവരം തിരക്കിയപ്പോഴാണ് നടന്നതെല്ലാം യുവതി തയ്യാറാക്കിയ തിരക്കഥയായിരുന്നു എന്ന് മനസ്സിലായത്.

പട്ടാപകൽ നടന്ന തട്ടിപ്പിന്റെ വിവരം ലഭിച്ചതിനെതുടർന്ന് ചാലക്കുടി ഡിവൈഎസ്പി സി ആർ സന്തോഷിന്റെ നിർദേശാനുസരണം ചാലക്കുടി സിഐ ജെ മാത്യു, എസ്ഐമാരായ കെ എസ് സന്ദീപ്, സുധീപ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണ സംഘം രൂപീകരിക്കുകയും വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണമാരംഭിക്കുകയും ചെയ്തു.

ബാങ്കിലെ സിസിടിവി യിൽ നിന്ന് ലഭിച്ച ദൃശ്യങ്ങളുമായി എറണാകുളം, കൊച്ചി മേഖലകളിൽ പ്രത്യേകാന്വേഷണ സംഘത്തിലെ അംഗങ്ങൾ ഒരാഴ്ചയോളം നടത്തിയ അന്വേഷണത്തിലാണ് യുവതിയെ് തിരിച്ചറിഞ്ഞത്.

എന്നാൽ രണ്ടു വർഷത്തോളമായി വീട് ഉപേക്ഷിച്ച് വേറെ താമസിക്കുന്ന സൗമ്യയുടെ വാസസ്ഥലം കണ്ടു പിടിക്കുവാൻ അന്വേഷണ സംഘത്തിന് പിന്നെയും പണിപ്പെടേണ്ടിവന്നു. തൃശൂരിലെയും സമീപ ജില്ലകളിലെയും ലോഡ്ജുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് യുവതിയെ പിടികൂടുവാൻ സഹായകമായത്.

കോഴിക്കോടു നിന്നും ചാലക്കുടിയിലെത്തിച്ച സൗമ്യയെ വിശദമായി ചോദ്യം ചെയ്തതിൽ മുമ്പും പലരീതിയിൽ തട്ടിപ്പിനു ശ്രമിച്ചതായും കിട്ടിയ പണം മുഴുവൻ ആഡംബര ജീവിതത്തിനായി ചെലവഴിച്ചതായും കണ്ടെത്തി. പിടിയിലാവുന്ന തിന്റെ തലേ ദിവസമാണ് ഗോവയിലെ സുഖവാസ കേന്ദ്രത്തിൽ നിന്നും ഇവർ കോഴിക്കോട് തിരിച്ചെത്തിയത്.

പ്രത്യേകാന്വേഷണ സംഘത്തിൽ സിഐ ജെ മാത്യു, സബ് ഇൻസ്പെക്ടർമാരായ കെ എസ് സന്ദീപ്, സുധീപ് കുമാർ എന്നിവരെ കൂടാതെ ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ജിനുമോൻ തച്ചേത്ത്, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പിഎം മൂസ, വി യു സിൽജോ, എയു റെജി, ഷിജോ തോമസ് എന്നിവരും ചാലക്കുടി സ്റ്റേഷനിലെ എഎസ്ഐ ഉണ്ണികൃഷ്ണൻ, വനിതാ സിപിഒ സജിനി ദാസ് എന്നിവരുമാണ് ഉണ്ടായിരുന്നത്. ചാലക്കുടി മജിസ്ട്രേറ്റ് കോടതി പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു.

Advertisement